ന്യൂഡൽഹി: ഊര്ദ്ധ്വശ്വാസം വലിച്ചു കിടന്ന ഫാക്ടിന് പുതുഉണർവേകിക്കൊണ്ട് ഫാക്ടിന്‍റെ സുഗമമായ പ്രവര്ത്തനത്തിനായി കേന്ദ്ര സര്ക്കാര് 1000 കോടി കൈമാറി. ഡൽഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ കേന്ദ്രരാസവളം മന്ത്രി അനന്ത്കുമാര്‍ ഫാക്ട് ചെയര്‍മാന്‍ ജയ്‌വീര്‍ ശ്രീവാസ്തവയ്ക്ക് തുക കൈമാറി. കേരളത്തിലെ അടച്ചുപൂട്ടലിന്‍റെ വക്കിലുള്ള പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്‍റെ പ്രവർത്തനത്തിന് പുതുജീവന്‍ നല്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
മുഴുവന്‍ ദക്ഷിണഭാരത സംസ്ഥാനങ്ങള്‍ക്കും ഫാക്ട് പുനരുദ്ധാരണം പ്രയോജനം ചെയ്യും. രണ്ടുപതിറ്റാണ്ടായി സാമ്പത്തിക പ്രതിസന്ധിയിലുഴറുന്ന ഫാക്ടിനെ സംബന്ധിച്ചിടത്തോളം വലിയ ദിനമാണിതെന്ന് കേന്ദ്രരാസവളം വകുപ്പ് മന്ത്രി അനന്ത്കുമാര്‍ ചടങ്ങില്‍ പറഞ്ഞു. നിലവില്‍ ഫാക്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വളത്തിന്‍റെ അളവ് 6-ലക്ഷം മെട്രിക് ടണ്ണാണ്. കേന്ദ്രധനസഹായത്തോടെ നടപ്പാക്കുന്ന വികസനപദ്ധതികള്‍ വഴി അടുത്തവര്‍ഷം മുതല്‍ വാര്‍ഷിക ഉല്‍പ്പാദനം 10-ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തും.
ഫാക്ടിന്‍റെ വാര്‍ഷികവരുമാനം 2,000-കോടിയില്‍ നിന്നും 3,000-കോടിയാക്കി വര്‍ദ്ധിപ്പിക്കുമെന്നും ആയിരം കോടിയുടെ ധനസഹായം ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടിന് അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്‌ക്കേണ്ട പദ്ധതി വായ്പയായാണ് 1000 കോടി രൂപ നല്‍കിയത്. തിരിച്ചടവിന് ഒരു വര്‍ഷം മോറട്ടോറിയവും ലഭിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം കേന്ദ്ര രാസവളം വകുപ്പിന് വേണ്ടി ജോയിന്റ് സെക്രട്ടറി ധരംപാലും ഫാക്ടിന് വേണ്ടി സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവയും ഒപ്പുവെച്ചു.
കേന്ദ്ര രാസവളം വകുപ്പ് സെക്രട്ടറി അനൂജ്കുമാര്‍ ബിഷ്‌ണോയ്, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ജിജി തോംസണ്‍, ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫാക്ടിന് കുറഞ്ഞ നിരക്കില്‍ ഇന്ധനം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ഫാക്ട്-ഗെയില്‍ പ്രതിനിധികളുടെ യോഗത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുറഞ്ഞ വിലയ്ക്ക് ഫാക്ടിന് ഇന്ധനം ലഭിച്ചിരുന്നു.
Post Your Comments