ദോഹ: ഖത്തറില്‍ സ്ത്രീകളുടെ മൊബൈല്‍ ഫോണില്‍ നിന്നും ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 33 സ്ത്രീകളാണ് തങ്ങളുടെ ചിത്രങ്ങള്‍ വിവിധ സമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഫോണുകളില്‍ നിന്നും വാട്ട്‌സ് ആപ്പ് വഴി സ്വകാര്യ ഫോട്ടോകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായാണ് പരാതികള്‍ വന്നിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതായി സൂചനയുണ്ട്. സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ഹാക്കര്‍മാര്‍ ഇതുപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും സ്ത്രീകള്‍ പരാതിയില്‍ പറയുന്നു. സൈബര്‍ ക്രൈം കോമ്പാറ്റിംഗ് സെന്റര്‍ ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാതിരിക്കുക, ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക, ഒരേ പാസ്‌വേഡുകള്‍ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ക്ക് ഉപയോഗിക്കാതിരിക്കുക, പാസ്‌വേഡുകളും ഫോണ്‍നമ്പറുകളും അടങ്ങിയ വേരിഫിക്കേഷന്‍ നടത്തുക, അറിയാത്ത സോഴ്‌സുകളില്‍ നിന്നുള്ള ലിങ്കുകള്‍ തുറക്കാതിരിക്കുക മുതലായ മുന്നറിയിപ്പുകളും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
ഹാക്കിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ 2347 444 എന്ന ഫോണ്‍ നമ്പറില്‍ വിവരമറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2014-ല്‍ സമാന രീതിയിലുള്ള പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 35 പുരുഷന്മാര്‍ അറസ്റ്റിലായിരുന്നു.
Post Your Comments