Narma Nimishangal

എഡാ…പാവാട മേറ്റെഡാ….

മനോജ്‌ കുമാർ

പണ്ട്‌….ഈ റ്റിവി ചാനലുകൾ നമ്മുടെ വീടുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിനൊക്കെ മുന്നെ നാട്ടിൻപുറങ്ങളിലെ ഓണം അവിടവിടെ ആയി മുളച്ചു വന്നിരുന്ന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബുകളുടെ പരിപാടികൾ കൊണ്ട്‌ സമ്പന്നമായിരുന്നു. അന്ന് ആ ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും നാട്ടുകാരുടെ പിൻതുണയും നിറ സാന്നിദ്ധ്യവും വളരെ ശ്രദ്ധേയമായിരുന്നു.

സ്പോർട്ട്സിൽ തുടങ്ങി ആർട്ട്സിൽ അവസാനിക്കുന്ന വിവിധ തരം പരിപാടികൾ എല്ലാം അവസാനിക്കുന്നത്‌ ക്ലബ്ബിലെ അംഗങ്ങളുടെ ഒരു മുഴുനീള നാടകത്തോടെ ആയിരിക്കും. അങ്ങിനെ ഒരു ഓണക്കാലത്ത്‌ നാട്ടിലുള്ള ഒരു ക്ലബ്ബിലെ നാടകത്തിൽ അഭിനയിക്കുവാൻ അവസരം ഈയുള്ളവനും ലഭിച്ചു. വേഷമാകട്ടെ നാടകത്തിലെ ഒരു മുഴുനീള കഥാപാത്രമായ ഒരു പോലീസ്‌ ഇൻസ്പെക്ടർ. നല്ല കഥ, നല്ല കഥാ പാത്രങ്ങൾ, നല്ല അഭിനേതാക്കൾ നാടകം വിജയിക്കും എന്നത്‌ ഉറപ്പ്‌. ഞങ്ങൾ മൂനു മാസ്സങ്ങൾക്ക്‌ മുൻപ്‌ തന്നെ റിഹേഴ്സൽ തുടങ്ങി.

സ്റ്റേജിൽ കയറുവാനുള്ള ആ സുദിനം സമാഗതമായത്‌ പെട്ടെന്നായിരുന്നു. നാടകം തുടങ്ങി, നാട്ടുകാർ എല്ലാവരും സന്നിഹിതരായ സദസ്സിനു മുന്നിൽ ഒരോരുത്തരും മൽസരിച്ച്‌ അഭിനയിക്കുവാൻ തുടങ്ങി, ഓരൊ രംഗം കഴിയുമ്പോഴും കാണികൾ കൈ അടിച്ച്‌ പ്രോൽസാഹിപ്പിച്ചുകൊണ്ടിരുന്നു, അതുകേട്ട ഞങ്ങൾക്ക്‌ ആവേശവും സന്തോഷവും അടക്കുവാൻ കഴിഞ്ഞില്ല.

അടുത്ത ഒരു ചെറിയ രംഗത്തൊടെ നാടകം അവസാനിക്കും, അതിനു മുന്നോടിയെന്നോണം അനൗൺസ്‌മെന്റ്‌ തകർക്കുന്നു, നന്ദി പറച്ചിലും, പരിചയപ്പെടുത്തലും ഒക്കെ കേൾക്കുമ്പോൾ സദസ്സിൽ നല്ല കയ്യടി. അനൗൺസ്‌മെന്റ്‌ കഴിഞ്ഞു, കർട്ടൻ ഉയ്യർന്നു ക്ലൈമാക്സിനു മുൻപുള്ള രംഗം തുടങ്ങി, ഒരു മുഴുനീള ഡയലോഗിനു ശേഷം നായകനെ ഇൻസ്പകടാർ അറസ്റ്റ്‌ ചെയ്യണം. അതിനായി ഞാൻ തികഞ്ഞ ആവേശത്തൊടെ രംഗത്തേക്ക്‌ പ്രവേശിച്ചു. എന്നെ ആ രംഗത്ത്‌ കണ്ടതും സദസ്സിൽ ഒരു നിശബ്ദത പരന്നു, പിന്നെ അവർ എല്ലാവരും കൂടി കൂവുവാനും ചിരിക്കുവാനും തൂടങ്ങി. എനിക്കും കൂടെ രംഗത്ത്‌ നിൽക്കുന്നവർക്കും കാര്യം മൻസിലായില്ല, നല്ല സീരിയസായ രംഗം കാണികൾ ചിരിക്കുന്നു, കാരണം എന്തെന്നൊ, എന്ത്ചെയ്യണം എന്നൊ അറിയുവാൻ വയ്യാത്ത അവസ്ഥ.

പെട്ടെന്ന് മുൻ നിരയിൽ ഇരുന്നിരുന്ന കാണികളിൽ ഒരാൾ ഉറക്കെ വിളിച്ചുപറഞ്ഞു, “എഡാ…തോളിൽ കിടക്കുന്ന പാവാട മേറ്റെഡാ….” അതു കേട്ട നായകൻ എന്നെ കണ്ണുകൊണ്ട്‌ ആംഗ്യം കാണിച്ചു, എന്റെ തോളിലേക്ക്‌ നോക്കുവാൻ. ഞാൻ കഴുത്ത്‌ തിരിച്ച്‌ സൈഡിലേക്ക്‌ പാളി നോക്കി, എന്റെ ഇടത്തെ തോളിൽ ഒരു തൂണി തൂങ്ങി കിടക്കുന്നു. പെട്ടെന്ന് കർട്ടൻ വീണു, കാണികളുടെ കൂവൽ തുടർന്നുകൊണ്ടെ ഇരുന്നു.

ഞാൻ പുറകിൽ തൂങ്ങി കിടന്നിരുന്ന തുണി കൈകൊണ്ട്‌ എടുത്തു നോക്കി, ഒരു പാവാട, ഈശ്വരാ ഇതെങ്ങിനെ വന്നു, ഞാൻ മൻസ്സിൽ ഓർത്തു. പെട്ടെന്ന് എന്റെ കൈയിൽ ഇരുന്ന പാവാട, നായിക വന്നു വാങ്ങി എന്നിട്ട്‌ ഒരു ചോദ്യവും “ഗ്രീൻ റൂമിൽ അയയിൽ കിടന്ന ഈ പാവാട എങ്ങിനെ നിന്റെ തോളത്ത്‌ വന്നു”. അപ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം എനിക്ക്‌ പിടികിട്ടി.

ഞാൻ ആവേശത്തോടെ അവസാന രംഗം അഭിനയിക്കുവാനായി ഗ്രീൻ റൂമിൽ നിന്ന് സ്റ്റേജിലേക്ക്‌ പ്രവേശിക്കവേ തോളിൽ നക്ഷത്രത്തിൽ കുടുങ്ങിയതാണു പാവാട. പിന്നെ ആ നാടകം എങ്ങിനെ അവസാനിച്ചു എന്നൊ, ആരൊക്കെ എന്നെ എന്തൊക്കെ പറഞ്ഞു എന്നൊ ഒരു രൂപവും ഉണ്ടായിരുന്നില്ല.

shortlink

Post Your Comments


Back to top button