Parayathe Vayya

മോഹന്‍ലാല്‍ പറഞ്ഞതും നമ്മള്‍ തിരിച്ചറിയേണ്ടതും 

കണിമങ്കലത്തെ ആറാം തമ്പുരാനായും , മംഗലശ്ശേരി നീലകണ്‌ഠനായും പല പല വേഷത്തിൽ പല പല ഭാവത്തിൽ മലയാളീകളുടെ മനസ്സിൽ എന്നും ഓർമ്മകളുടെ സുഗന്ധം പകരുന്ന പല പല വേഷങ്ങൾ വെള്ളിത്തിരയിൽ അണിഞ്ഞയൊരു അഭിനയനൈപുണ്യമാണ് , ലാലേട്ടനെന്നു നമ്മൾ ഏട്ടൻ സ്ഥാനം നൽകി വിളിക്കുന്ന ശ്രീ മോഹൻലാൽ എന്ന കലാപ്രതിഭയുടെ അഭിനയജീവിതം.

ചായവും ചമയവുമഴിച്ചൊരു സാധാരണ മലയാളീയാകും നേരവും , അഭിപ്രായങ്ങളുടെ പേരിൽ ഈ അഭിനയപ്രതിഭയെന്നും ചോദ്യങ്ങളുടെ ധനുഷിൽ നിന്നുയർന്ന വിമർശനങ്ങളുടെ ശരങ്ങളേറ്റു വാങ്ങിയെന്നതാണു വാസ്തവത്തിൽ വാസ്തവം . അദേഹം മനസ്സിൽ വിശ്വസിക്കുന്ന രാഷ്ട്രീയം എന്തായാലും ശരി , ഇതേ അഭിപ്രായപ്രകടനത്തിനു പേരിൽ തന്നെ ലാലേട്ടനെ കോൺഗ്രസ്സെന്നും , കമ്മ്യുണിസ്ട് എന്നും, ശേഷം ഇപ്പോൾ സംഘപരിവാർ എന്നും ധാരാളം വിശേഷണങ്ങൾ പ്രബുദ്ധരായ കേരളീയ സമൂഹം ചാർത്തി നൽകി . അപ്രിയസത്യങ്ങൾ ഒട്ടുമേ ദഹിക്കാത്ത മനസുകൾക്ക് ഉടമകളാണോ നമ്മളെന്നു ഒരുവട്ടം സ്വമനസ്സിൽ തൊട്ടു ചിന്തിക്കേണ്ടിയിരിക്കുന്നു മലയാലികൾ. കസ്തൂരിഗന്ധം തേടിനടന്ന മാൻ ഒരിക്കലും തിരിച്ചറിഞ്ഞില്ല , ആ ഗന്ധം തന്നിൽ തന്നെയാണെന്നു . അപ്രകാരമായിരിക്കാം ചിലപ്പോൾ അസഹിഷ്ണുത എവിടെയെന്നു തേടിയലയുന്ന മനുഷ്യമനസുകളും .

അഭിപ്രായ സ്വാതന്ത്ര്യം.. ആവിഷ്കാര സ്വാതന്ത്ര്യം.. മനുഷ്യസ്നേഹം.. രാജ്യസ്നേഹം.. നീതിബോധം.. തുടങ്ങിയ വാക്കുകളും അവയിലെ സാരവും ഒരു വിഭാഗം ജനതയ്ക്കും അവർ വിശ്വസിക്കുന്ന രാഷ്ട്രീയസംഘടനക്കും മാത്രം ബാധകമായതാണോ ? പതിച്ചു നൽകുന്ന അർഥവും മുന്നോട്ടു വെക്കുന്ന ആശയങ്ങളും മാത്രമാണോ വാസ്തവം? ഇല്ലെന്നാണ് എളിയ വിശ്വാസം .ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഉള്ളയീ മണ്ണിൽ, ശ്രീ. മോഹൻലാൽ കുറിച്ചിട്ട വാക്കുകൾക്കെതിരെ ഇത്രത്തോളം രോഷം കൊള്ളേണ്ട കാര്യമെന്താണ്? വാസ്തവം തന്നെയല്ലേ അദേഹം വൈകാരികമായി വരികളായി കുറിച്ചതും ?

JNU ൽ നടന്ന സംഭവങ്ങൾ നിരാശാജനകവും ആവർത്തിക്കപെടരുതാത്തവയും തന്നെയാണ് എന്നതിൽ ആർക്കും സംശയമുണ്ടാകാൻ വഴിയില്ല . എന്നാൽ അതിൽ കാര്യഗൌരവമായി പ്രതിക്ഷേധിക്കാണ്ട്‌ പ്രതിക്ഷേധിക്കുന്നവരുടെ രാഷ്ട്രീയം മാത്രം നോക്കി അതിൽ കുറ്റം കാണുന്നതു എത്രത്തോളം ഉചിതമാണ് ?

ശ്രീ. മോഹൻലാൽ തന്റെ ബ്ലോഗിൽ ആർക്കും കുറ്റവാളി പട്ടം ചാർത്തി നൽകുകയോ, ആരെയും കുറ്റവിമുക്തനായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല. പല ചേരികളായി തിരിഞ്ഞു പഴി ചാരുമ്പോൾ നഷ്ടപ്പെടുന്നത് ഭാരതത്തിൻ അന്തസത്ത ആണെന്നും, ഭാരതത്തിൻ നാശത്തിനു രാഷ്ട്രീയ ചേരിതിരിവുകളോ ജനതയുടെ വൈരാഗ്യ ബുദ്ധിയോ വഴിവെക്കരുതെന്നുമുള്ള ആശയം മാത്രമേ അദ്ദേഹം സൂചിപ്പിചിട്ടുള്ളൂ. തങ്ങളുടെ ഇഷ്ടത്തിനും വ്യക്തിതാൽപര്യത്തിനുമനുസരിച്ച് പലരും പകൽപോലെ വ്യക്തമാം ആ സാരത്തെ പുതുക്കി പണിഞ്ഞു മറ്റൊരു രൂപത്തിലാക്കി, വികൃതമാക്കി . കേവലം ചിലരുടെ അഭിപ്രായ സ്വാതന്ത്ര്യമെന്ന പദത്തിനു മേൽ എങ്ങിനെയോയൊക്കെ ബൌധികമായ അടിത്തറയില്ലാണ്ട് നിർവ്വചനങ്ങൾ രചിക്കപ്പെട്ടു രൂപപ്പെട്ടയൊരു സമരത്തിനു മേലെയുള്ള അഭിപ്രായ പ്രകടനത്തിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതു ശരിയാണോ. നിങ്ങളെ പോലെ തന്നെ മോഹൻലാൽ എന്നാ വ്യക്തിക്കും ഭാരതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ.
അങ്ങിനെയില്ലെങ്കിൽ സമരാനുകൂലികളുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന പ്രയോഗത്തിനെന്തർഥം ?

രാജ്യത്തിനു വേണ്ടി സംസാരിച്ചാൽ , ആരെയും സംഘപരിവാർ എന്നു മുദ്രകുത്തും എന്നതും ഇപ്പോഴത്തെയൊരു നാട്ടുനടപ്പാണ് . രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചാൽ വിപ്ലവകാരിയെന്നു എന്നു സ്വയം വിശേഷിപ്പിക്കും എന്നതും ഒരു നാട്ടുനടപ്പ് തന്നെയാണ് .എന്റെ ഭാരതം എന്ന് ഉറക്കെ പറഞ്ഞാൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നു ചോദ്യം ചെയ്യും. അഫ്സൽ ഗുരുവിനും മേമനും എതിരെ ശബ്ദം ഉയർത്തിയാൽ ഗോട്സെ യെ ഉപദേശിച്ചു നന്നാക്കാത്തതെന്തേ എന്നു മുറവിളിയും കൂട്ടും… അതുമൊരു നാട്ടുനടപ്പ് ആയി വരണൂ .

ഒരു ഭാരതീയൻ , ജനാധിപത്യരാഷ്ട്രത്തിലെ ഒരു സാധാരണ പൌരൻ എന്ന അവകാശത്തോടെ ഒരു വ്യക്തിക്ക് അഭിപ്രായം പറയാൻ ഈ സമൂഹത്തിൽ സ്ഥാനമില്ലേ..? സ്വാതന്ത്ര്യമില്ലേ..? അതോ, ഇനി ഒരു 60 വര്ഷം മുന്നേ ജനിച്ചു സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു, ഗോട്സെ യെ ഉപദേശിച്ചു, ജയ് വിളിക്കേണ്ട രാഷ്ട്രീയഘടകങ്ങൾക്കു വേണ്ടി ജയ്‌ വിളിച്ചു, അങ്ങനെ സകല യോഗ്യതകളും നേടിയതിനു ശേഷം മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നാണോ?
തെറ്റു ആര് ചെയ്താലും അതു തെറ്റ് തന്നെയാണ് എന്ന് ഉറക്കെ പറയുന്നത് തന്നെ ആണു ഏതൊരു കാലത്തിൻ ശരിയും സമൂഹത്തിൻ നീതിയും. ഒരു കനയ്യകുമാറോ ഉമറോ അറസ്റ്റ് ചെയ്യപ്പെട്ടാൽ, അവർ നിരപരാധിയോ അപരാധിയോ എന്നു തെളിയിക്കപ്പെടെണ്ടതും അനിവാര്യമല്ലേ. തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമം നിയമത്തിൻ കർത്തവ്യം നിർവഹിക്കും നേരം തന്നെയാണ് അഫ്സലിനെ പോലെയുള്ള രാജ്യദ്രോഹികൾ തൂക്കുമരങ്ങളിൽ ഊഞ്ഞാൽ ആടിയതും എന്നതും വാസ്തവമല്ലേ .

ഇവരെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ കാമ്പസ്സിൽ പോലീസിന്റെ അഴിഞ്ഞാട്ടമെന്നും ക്രൂരവിനോദമെന്നും ഒക്കെ വിശേഷിപ്പിക്കുന്നവർ അറിയുക, ഓർക്കുക … എന്തുകൊണ്ട് പോലിസ് സേനക്ക് കാമ്പസ്സിനുള്ളിൽ പ്രവേശിക്കേണ്ടി വന്നു. ആ ദിനവും സാധാരണ ഒരു ദിനം പോലെ കടന്നു പോകുമായിരുന്നില്ലേ. അപ്പോൾ, അന്നേ ദിവസം അവിടെ അഫ്സൽ ഗുരു എന്ന വ്യക്തിക്ക് അനുകൂലമായോ പ്രതികൂലമായോ ശബ്ദം ഉയർന്നിരിക്കണം. ഉയർന്നത് ആരുടെ ശബ്ദം ആണോ അതിനെ ഒരു കൂട്ടം എതിര്ത്തിട്ടുമുണ്ടാകണം. എങ്കിൽ മാത്രേ, ആ കാംപസ്സിനുള്ളിൽ നടന്ന ഒരു ചിത്രം ഇത്രയും വല്യൊരു പ്രശ്നമായി മാറുകയുള്ളൂ. തീയില്ലാതെ പുകയുണ്ടാകില്ല എന്ന പഴഞ്ചൊല്ല് അർദ്ധവത്താകുന്ന ചിന്ത. അപ്പോൾ, ഏതു കോണിൽ കൂടി നോക്കിയാലും അഫ്സലിന് അനുകൂലമായ ശബ്ദം ഉയർന്നിട്ടുണ്ട്, ദേശവിരുദ്ധത മുഴങ്ങിയിട്ടുണ്ട് അവിടം .
അതു രാഷ്ട്രത്തിനു എതിരെയുള്ള , ജനങ്ങൾക്ക്‌ എതിരെയുള്ള വെല്ലുവിളി തന്നെയല്ലേ .അതു തെറ്റ് ആണെന്നു എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല ? കയ്യിലെയൊരു വടിയിലെ ഒരു മൂഴം തുണിയുടെ നിറമാണോ രാഷ്ട്രം വിഷയമാകും നേരം നമ്മൾ ഓർക്കെണ്ടൂ ?

ലാലേട്ടനോടു ഓരോരോ വാക്കിലും യോജിച്ചു കൊണ്ടു , ഒരു കൂട്ടം പറഞ്ഞു നിർത്തുന്നു … നമ്മുടെ രാഷ്ട്രം അപകടത്തിലാവുകയാണെങ്കിൽ അതൊരിക്കലുമീ രാഷ്ട്രം അപകടത്തിൽ ആകണമെന്നു ആഗ്രഹിക്കുന്ന മനസ്സുകളുടെ പ്രവർത്തിഹേതു ആയിരിക്കില്ല , മറിച്ചു അത്തരം പ്രവർത്തികൾ കണ്ടിട്ടും കാണാത്തപോൽ നടിച്ച നല്ല മനസ്സുകളുടെ നിശബ്ധത ഹേതു മാത്രമായിരിക്കും .  നാം വിശ്വസിക്കുന്ന മതത്തിൻ , രാഷ്ട്രീയത്തിൻ നിറമെന്തായാലും ശരി അതെന്നും ത്രിവർണ്ണത്തിനു കീഴിലായിരിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button