പൂനയിലെ യെര്‍വാദ ജയിലില്‍ 28-മാസം കഴിഞ്ഞ കാലയളവില്‍ പേപ്പര്‍ബാഗും മറ്റും ഉണ്ടാക്കിയതിലൂടെ സമ്പാദിച്ച 440 രൂപയുമായി നടന്‍ സഞ്ജയ്ദത്ത് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മോചിതനാകും.
രസകരമായ കാര്യം, പുറംലോകത്ത് ഒരു ദിവസത്തെ ഷൂട്ടിംഗിനു പോലും കോടികള്‍ സമ്പാദിക്കുന്ന ദത്ത് ജയിലില്‍ പേപ്പര്‍ബാഗ് നിര്‍മ്മാണത്തിലൂടെ സമ്പാദിച്ചിരുന്നത് ദിവസം വെറും 50 പൈസ (മാസം 15 രൂപ). ദത്തിനായി പ്രത്യേക വിടപറയല്‍ ചടങ്ങുകളൊന്നും സംഘടിപ്പിക്കില്ലെന്ന് യെര്‍വാദ ജയിലധികൃതര്‍ അറിയിച്ചു. ജയിലില്‍ പ്രേവേശിപ്പിച്ച കാലത്ത് രേഖപ്പെടുത്തിയിരുന്ന ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങളുടെ ഒത്തുനോക്കല്‍ ഉള്‍പ്പെടെയുള്ള സാധാരണ നടപടിക്രമങ്ങള്‍ നടത്തി മാത്രമേ ദത്തിനെ പോകാനനുവദിക്കൂ എന്നും ജയിലധികാരികള്‍ പറഞ്ഞു.
1993 മാര്‍ച്ച് 12-ലെ മുംബൈ തുടര്‍ ബോംബ്‌സ്ഫോടന കേസുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് സഞ്ജയ്ദത്ത് ശിക്ഷിക്കപ്പെട്ടത്. 5-വര്‍ഷത്തെ ശിക്ഷാ കാലയളവ് രണ്ട് ഘട്ടമായാണ് ദത്ത് പൂര്‍ത്തിയാക്കിയത്. ഭാര്യ മാന്യതയും കുട്ടികളും ഉറ്റസുഹൃത്തുക്കളും ദത്തിനെ സ്വീകരിക്കാന്‍ ജയിലിനു വെളിയില്‍ കാത്തുനില്‍ക്കും.
തന്‍റെ ശിക്ഷാ കാലയളവ് പൂര്‍ത്തിയാകുന്നതിനും 8 മാസങ്ങളോളം (256 ദിവസങ്ങള്‍) മുമ്പാണ് ദത്ത് മോചിതനാകുന്നത്. വിചാരണക്കാലയളവില്‍ തന്നെ 18-മാസം ജയിലില്‍ക്കഴിഞ്ഞതും, നല്ലനടപ്പിന് ഓരോ മാസവും ലഭിക്കുന്ന 7 ദിവസങ്ങളുടെ ഇളവും പരിഗണിച്ചാല്‍ ദത്ത് തന്‍റെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കികഴിഞ്ഞതായി ജയില്‍ അഡീഷണല്‍ ഡയറക്റ്റര്‍-ജനറല്‍ ഡോക്റ്റര്‍ ഭൂഷണ്‍ ഉപാദ്ധ്യായ അറിയിച്ചു.
Post Your Comments