കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് ഈ തീരുമാനമെടുത്തത്.
ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും നെഞ്ചുവേദന ഉളളതായി പറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം വീണ്ടും പരിശോധിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് വേണമെങ്കില്‍ മാറ്റാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെ തിരുവനന്തപുരം ശ്രീചിത്തിരയിലേക്ക് മാറ്റാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ജയരാജന് ചികിത്സ ആവശ്യമുണ്ടെങ്കില്‍ നല്‍കണമെന്ന് ജയിലധികൃതര്‍ക്ക് നേരത്തെ തലശ്ശേരി കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദ്യം പരിയാരത്ത് പ്രവേശിപ്പിച്ച ജയരാജനെ ജയില്‍ ചട്ടം പാലിക്കപ്പെടേണ്ടതിനാല്‍ ഒരു ദിവസത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ ജയരാജനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സി.ബി.ഐയുടെ അപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി നാളെ പരിഗണിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച് ഇതിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക. ജയരാജന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സി.ബി.ഐയും ശേഖരിച്ചിട്ടുണ്ട്.
Post Your Comments