ഇന്ത്യയുടെ ഏകദിന മത്സരങ്ങളിലെ വിശ്വസ്ത ഓപ്പണിങ്ങ് പങ്കാളികളായി മാറുന്ന ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ്മ കൂട്ടുകെട്ടിന് പുതിയ ആഗ്രഹമുണ്ട്. ശിഖര്‍ ധവാന്‍ തന്നെ അത് വെളിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണിങ്ങ് ജോഡിയായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി കൂട്ടുകെട്ടിന്റെ നേട്ടങ്ങള്‍ മറികടക്കുക എന്നതാണ് ധവാന്റെ സ്വപ്‌നം.
‘ കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങള്‍ ഒരുമിച്ചാണ് പാഡണിയുന്നത്. വിക്കറ്റിനിടയില്‍ നല്ല പരസ്പര ധാരണയോടെ കളിക്കാനാകുന്നു. നമുക്ക് രണ്ട് പേര്‍ക്കും ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളും ശൈലിയും നന്നായി മനസ്സിലാക്കാനായിട്ടുണ്ട്. രോഹിത് അതിവേഗത്തില്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിന് സ്‌ട്രൈക്ക് കൂടുതല്‍ കിട്ടാനായി ഞാന്‍ അവസരം നല്‍കും. ഇങ്ങനെ പരസ്പര ധാരണയോടെ കളിക്കുന്നതാണ് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സഹായിക്കുന്നത്. സച്ചിനും ഗാംഗുലിയും ചേര്‍ന്നുള്ള ഓപ്പണിങ്ങ് കൂട്ടുകെട്ടു പോലെ ഉയരണമെന്നാണ് തങ്ങളുടെ ആഗ്രഹം. മികച്ചഫോമില്‍ കളിതുടരാനായാല്‍ ചിലപ്പോള്‍ ആ റെക്കോര്‍ഡുകള്‍ പോലും തങ്ങള്‍ക്ക് മറികടക്കാനാകും. ഇത് ഒരേ സമയം രാജ്യത്തിനും ടീമിനും ഗുണകരമാകും ‘. ബഗ്ലാദേശില്‍ ഏഷ്യാകപ്പ് ക്രിക്കറ്റിന് പുറപ്പെടുന്നതിനു മുന്‍പ് ദവാന്‍ മനസ്സ് തുറന്നു. ഓസീസ് പര്യടനത്തിലും ശ്രീലങ്കയുമായുള്ള കളിയിലും നല്ല പ്രകടനം കാഴ്ചവെക്കാനായതില്‍ സന്തോഷമുണ്ടെന്നും ധവാന്‍ പറഞ്ഞു.
Post Your Comments