Food & Cookery

എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചെമ്മീന്‍ ബിരിയാണി

നിമ്മി കുട്ടനാട്

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ് ചെമ്മീന്‍. വിലയല്‍പ്പം കൂടിയാലും ചെമ്മീന്‍ വിഭവങ്ങള്‍ മലയാളിയുടെ ദൗര്‍ബ്ബല്യം ആണ്.

ആവശ്യമുള്ള സാധനങ്ങള്‍

1. ചെമ്മീന്‍ 500 ഗ്രാം
2. ബസുമതി അരി(ബിരിയാണി അരി) 3 കപ്പ്
3. നെയ്യ് 5 ടീസ്പൂണ്‍
4. സവാള 1 വലുത്
5. തക്കാളി 1 വലുത്
6. പച്ചമുളക് അഞ്ചെണ്ണം
7. ഇഞ്ചി ഒരു ചെറിയ കഷണം
8. വെളുത്തുള്ളി 4അല്ലി
9. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
10. മുളക് പൊടി ഒരു ടീസ്പൂണ്‍
11. കശുവണ്ടിപ്പരിപ്പ് 10എണ്ണം
12. തേങ്ങാപ്പാല്‍ 1 കപ്പ്
13. മല്ലിയില ആവശ്യത്തിന്
14. പുതിനയില ആവശ്യത്തിന്
15. വെള്ളം 5 കപ്പ്
16. ഏലയ്ക്ക 2എണ്ണം
17. കറുവപ്പട്ട രണ്ടു കഷണം
18. ഗ്രാമ്പൂ 3 എണ്ണം

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി തൊലികളഞ്ഞ് കഴുകി വെള്ളം വാലാന്‍ വയ്ക്കുക. അരിയും നന്നായി കഴുകി വെള്ളം പോകാന്‍ വയ്ക്കണം. ചെമ്മീന്‍ അല്പം മുളക് പൊടിയും മഞ്ഞള പൊടിയും ചേര്‍ത്ത് എണ്ണയില്‍ പകുതി വേവാകുന്നത് വരെ വറുക്കുക

പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് ഒരുമിച്ച് പേസ്റ്റാക്കുക. പ്രഷര്‍ കുക്കര്‍ ചൂടാകുമ്പോള്‍ 5 ടീസ്പൂണ്‍ നെയ്യ് ഒഴിയ്ക്കുക. ഇതിലേയ്ക്ക് ഏലയ്ക്ക , ഗ്രാമ്പൂ, കശുവണ്ടിപ്പരിപ്പ്, കറുവപ്പട്ട കഷണങ്ങള്‍ എന്നിവ ഇട്ട്, കുറച്ച് നേരം വറുക്കുക. ഇതിലേയ്ക്ക് അരിഞ്ഞുവച്ച സവാളയിട്ട് വീണ്ടും നന്നായി ഇളക്കുക.
സവാള നന്നായി വഴന്നു ബ്രൌണ്‍ നിറമായാല്‍ അതിലേയ്ക്ക് തക്കാളി കഷണങ്ങള്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇവ നന്നായി ചേര്‍ന്നുകളിഞ്ഞാല്‍ അതിലേയ്ക്ക് വറുത്തു വച്ച ചെമ്മീനും തയ്യാറാക്കിവച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ക്കുക. നന്നായി ഇളക്കിക്കൊടുക്കുക.

പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് അരി ചേര്‍ത്ത് നന്നായി ഇളക്കണം. പിന്നീട് തേങ്ങാപ്പാല്‍, വെള്ളം, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടച്ച് വെയ്റ്റ് ഇട്ട് രണ്ട് വിസിലുകള്‍ വന്ന് കഴിയുമ്പോള്‍ മാറ്റിവച്ച് ചൂട് മാറിയശേഷം എടുത്ത് നന്നായി ഇളക്കി വിളമ്പുക. ബിരിയാണി ഉണ്ടാക്കാന്‍ നല്ല വലുപ്പമുള്ള ചെമ്മീന്‍ തിരഞ്ഞെടുക്കുക. ഇതിന് രുചി കൂടും.

shortlink

Post Your Comments


Back to top button