ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയെ വിമര്‍ശിക്കുന്നത് നീതികേടാണെന്ന് ടീം ഇന്ത്യ ഡയറക്ടര്‍ രവി ശാസ്ത്രി. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നതിന്റേയും സിക്‌സ് അടിക്കാത്തതിന്റെ പേരിലും ക്രൂശിക്കപ്പെടുന്ന ധോണിയെ ചരിത്രം ഓര്‍ക്കാതെ വിമര്‍ശിക്കുന്നത് നീതികേടാണെന്ന് ശാസ്ത്രി പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ധോണിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തമാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് ആയിരിക്കില്ലേ ധോണിക്ക് വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുയോജ്യമായ വേദിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രവി ശാസ്ത്രി. ആറാം നമ്പറില്‍ കളിക്കുക എന്നതാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ വെല്ലുവിളി. ടീം സ്‌കോറിങ്ങിന് നട്ടെല്ലാകേണ്ട ബാറ്റിങ്ങ് സ്ഥാനം. ഈ നമ്പറില്‍ കളിക്കുകയും നിരവധി മത്സരങ്ങളില്‍ ടീമിനെ വിജയ വഴിയിലേക്ക് നയിക്കുകയും ചെയ്ത മികവുറ്റ താരമാണ് ധോണി.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി എങ്ങനെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന എല്ലാവരും കണ്ടതാണ്. ആ തീരുമാനം ആരും പ്രതീക്ഷിച്ചിരുന്നതല്ല. ക്രീസില്‍ ഇനിയും വെടിക്കെട്ട് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ ധോണി ക്രിക്കറ്റില്‍ തുടരും . മറിച്ചാണെങ്കില്‍ വിരമിക്കല്‍ പ്രഖ്യാപിക്കും. ധോണിയുടെ തീരുമാനത്തെ കുറിച്ച് തനിക്ക് ഇത്രയേ പറയാനുള്ളൂവെന്നും രവി ശാസ്ത്രി പറഞ്ഞു.
Post Your Comments