കൊച്ചി : ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് കോടതിയലക്ഷ്യം നേരിട്ട സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് നിരുപാധികം മാപ്പു പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മാപ്പ് പറഞ്ഞത്.
ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ ‘കമന്റ് പറയുന്നവരുടെ പൂര്‍വ്വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ അറിയാതെ ഓരിയിട്ടു പോയാല്‍ കുറ്റം പറയാനാകുമോ’എന്ന് വിശേഷിപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. സര്‍ക്കാരിന്റെ കേസുകള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് അടച്ചുപൂട്ടണമെന്ന ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ വിമര്‍ശമാണ് വിവാദ പോസ്റ്റിനിടയാക്കിയത്. ഇതു ചൂണ്ടിക്കാട്ടി വി.ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ പരാതിയിലാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, സുനില്‍ തോമസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത്.
ഫേസ്ബുക്കില്‍ വന്ന പോസ്റ്റ് ബോധപൂര്‍വ്വമല്ലെന്നും തെറ്റ് ശ്രദ്ധയില്‍പെട്ടയുടന്‍ നീക്കം ചെയ്തിരുന്നുവെന്നും മന്ത്രി സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമസഭ സമ്മേളനം നടക്കുന്നതിനാലാണ് നേരിട്ട് ഹാജരാകാന്‍ കഴിയാത്തതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നും അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചു.
Post Your Comments