Parayathe Vayya

കരയുന്ന മനുഷ്യരും ചിരിക്കുന്ന കൊടിക്കൂറകളും… മനസാക്ഷിയില്ലാത്ത രാഷ്ട്രീയ കൊലപാതകികളെ, ഇനിയെങ്കിലും ഇതൊക്കെ അവസാനിപ്പിച്ചുകൂടെ..?

 

അഞ്ജു പ്രഭീഷ്

പരസ്പരം തലകൊയ്തെറിയാന്‍ വേണ്ടി മാത്രം കൊലവെറി മൂത്ത് അങ്കത്തട്ടിലേറിയ ചേകവന്മാര്‍ വീണ്ടും കണ്ണൂരിനെ ചോരക്കളമാക്കുകയാണോ ?ഒരിക്കല്‍ക്കൂടി കോലത്തുനാടും കടത്തനാടും വികലരാഷ്ട്രീയത്തിന്റെ ചതുരരംഗക്കളങ്ങളില്‍ കരുക്കള്‍ എറിയാന്‍ തുടങ്ങുകയാണോ?മനസ്സില്‍ രാഷ്ട്രീയ അരാജകത്വം പേറുന്ന നെറികെട്ട രാഷ്ട്രീയജന്മങ്ങള്‍ അങ്കക്കലിപൂണ്ട് കണ്ണൂരിന്റെ മണ്ണിനെ വീണ്ടും ചുവപ്പിക്കുമ്പോള്‍,രാഷ്ട്രീയയണിയറയില്‍ ചാണക്യന്മാര്‍ ചാണക്യസൂത്രങ്ങളും ന്യായവാദങ്ങളുമായി രംഗത്ത്..

പെണ്ണുകേസ് എന്ന പഴകിപൊളിഞ്ഞ പ്രത്യയശാസ്ത്രം കൊലപാതകത്തിന്റെ കാരണമാകുമ്പോള്‍ സഖാക്കളോട് ചില ചോദ്യങ്ങള്‍? ടി.പി യെന്ന കറക്കളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവിനെ വെട്ടിയ 51 വെട്ടുകള്‍ എത്ര പെണ്ണ്കേസുകളുടെ ന്യായവിധിയായിരുന്നു?കുരുന്നുകളുടെ മുന്നില്‍ വച്ച് ജയകൃഷ്ണന്‍ മാഷിനെ വെട്ടിക്കൊലപ്പെടുത്തിയത് എത്ര അമ്മപെങ്ങന്മാരെ പിഴപ്പിച്ചതിനായിരുന്നു?ഷുക്കൂറിനെ പേപിടിച്ച നായയെപ്പോലെ ഓടിച്ചിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയത് എന്തിന്റെ പേരിലായിരുന്നു?അല്ലെങ്കില്‍ത്തന്നെ പെണ്ണുകേസിന് ജനകീയവിചാരണ ചെയ്തു ശിക്ഷ നടപ്പിലാക്കുന്നതാണോ ജനാധിപത്യം? ഇതാണ് തന്തപറത്തെയ്യത്തില്‍ കെ പി രാമനുണ്ണി വരച്ചുകാട്ടിയ പ്രാദേശികമായ അങ്കക്കലിയുടെ നേര്‍ചിത്രം. കിളിരൂരിലെ ശാരിയെന്ന പെണ്‍കുട്ടിയുടെ ആത്മാവ് സംസാരിക്കുമെങ്കില്‍ സ്വന്തം പാര്‍ട്ടിയിലെ എത്രപേരെ ഇതിനകം വെട്ടിക്കൊല്ലേണ്ടി വന്നേനെ സഖാക്കളെ…ഒരൊറ്റ പെണ്ണിനെ അച്ഛനും മകനും പങ്കിട്ടെടുത്ത വാര്‍ത്ത മലയാളികളുടെ സ്വീകരണമുറിയെ പോലും നാണിപ്പിച്ചപ്പോള്‍ എന്തേ സഖാക്കള്‍ അവിടെ താലിബാനിസം കാട്ടിയില്ല? ശാരിക്ക് ഒരാങ്ങള ഉണ്ടായിരുന്നുവെങ്കില്‍ എത്ര സഖാക്കളെ അയാള്‍ വെട്ടിക്കൊല്ലണമായിരുന്നു.. കണ്ണൂരിലെ ഇന്നത്തെ കൊലപാതകത്തില്‍ എന്തേ ആര്‍ക്കും കണ്ണുനീര്‍ പൊഴിക്കാനില്ലേ?എവിടെപോയി അസഹിഷ്ണുതയും ഫാസിസവും??ഈ കൊലപാതകത്തിന്റെ പേരാണ് താലിബാനിസം…..പത്തുപേരടങ്ങുന്ന സംഘം രാത്രിയില്‍ വീട്ടില്‍ കയറി ഒരു യുവാവിനെ മൃഗീയമായി കൊലചെയ്യുന്നതിനെ പിന്നെ എന്താണ് വിളിക്കുക?

തിരുവനന്തപുരത്തെ യുവാവിനു വേണ്ടി കണ്ണുനീര്‍ വാര്‍ത്ത‍വര്‍ക്ക് കണ്ണൂരിലെ യുവാവിനു വേണ്ടി വാര്‍ക്കാന്‍ കണ്ണുനീരില്ലേ ??രോഹിതിന്റെ ആത്മഹത്യയില്‍ മനംനൊന്ത് കേണവര്‍ ഇന്ന് സുജിത്തിന്റെ മരണത്തില്‍ ന്യായവാദങ്ങള്‍ നിരത്തുമ്പോള്‍ നമ്മള്‍ ഭയപ്പെടേണം..കാരണം ആ ന്യായവാദങ്ങളുടെ പേരാണ് ചീഞ്ഞളിഞ്ഞ രാഷ്ട്രീയഅരാജകത്വം ..പത്തിരുപതു പേരടങ്ങുന്ന സംഘം പാതിരാത്രി വീട് കയറി നിരായുധനായ ഒരുവനെ ആക്രമിച്ചു കൊല്ലുക..ഇതാണോ ആണത്തം ? ഇരുളിന്റെ മറവും പകലിന്റെ വെളിച്ചവും അങ്കത്തട്ടുകള്‍ ആയപ്പോള്‍,ചുവപ്പും കാവിയും അങ്കക്കലി കൊണ്ട് പാറിപറന്നപ്പോള്‍ ആയുധങ്ങള്‍ കൊണ്ട് മാറ്റുരച്ച രണാരവങ്ങളില്‍ പൊലിഞ്ഞുപോയതു എത്രയെത്ര കുടുംബങ്ങളുടെ സ്വപ്നങ്ങളായിരുന്നു..എന്നും നഷ്ടങ്ങള്‍ അവര്‍ക്കാണ് …അവര്‍ക്കു മാത്രമാണ്..കണ്ണുനീരില്‍ കുതിര്‍ന്ന അമ്മമാരുടെ ഗര്‍ഭപാത്രത്തിനും പൊട്ടിച്ചെറിയാന്‍ വിധിക്കപ്പെട്ട താലികള്ക്കുംു അനാഥബാല്യങ്ങള്ക്കുംള ആശയറ്റ കൂടപ്പിറപ്പുകള്‍ക്കും മാത്രമാണ് നഷ്ടങ്ങള്‍.രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ക്ക് പല നിറങ്ങളുണ്ടെങ്കിലും രാഷ്ട്രീയകൊലപാതകങ്ങളിലൂടെ ഒഴുകുന്ന ചോരയ്ക്ക് ഒരൊറ്റ നിറമേയുള്ളൂ.ഇന്ന് കാവിക്കൊടിക്ക് പുതപ്പിക്കാന്‍ ഒരു ബലിദാനിയെ കിട്ടിയെങ്കില്‍,നാളെ ചെങ്കൊടിക്കു പുതപ്പിക്കാന്‍ ഒരു രക്തസാക്ഷിയെ കിട്ടും.ജനങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ വേണ്ടി ഉയിര്‍ക്കൊണ്ട പാര്‍ട്ടി കക്ഷിതാല്പര്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ കുടുങ്ങിയപ്പോള്‍,സാമൂഹ്യതാല്പര്യം വ്യക്തിതാല്പര്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അപചയം സംഭവിച്ചത് ആശയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനുമായിരുന്നു.തെറ്റായ ആശയങ്ങളെ എതിര്‍ത്തപ്പോള്‍ നല്‍കിയ 51 വെട്ടുകളെ കഴുകിക്കളയാന്‍ ഏതു പ്രത്യയശാസ്ത്രത്തിനാണ് കഴിയുക ?അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുനതിനെ കാടന്‍ രീതിയെ ഏതു സിദ്ധാന്തത്തിനോടാണ് ഉപമിക്കാന്‍ കഴിയുക ? “പിന്നെയും പിന്നെയും വീണുകൊണ്ടേയിരിക്കുന്നു പലരുടെമുകളിലും പലനിറത്തിലുള്ള തുണികള്‍. കൊടിക്കൂറയ്ക്കടിയില്‍ പുതഞ്ഞുപോവര്‍ക്കായി കരയുന്നൂ വീട്ടുകാര്‍,പക്ഷേ ചിരിക്കുന്നു കൊടിക്കൂറകള്‍!”

shortlink

Post Your Comments


Back to top button