ന്യൂഡല്‍ഹി: വി.വി.ഐ.പി സുരക്ഷാ ചുമതലയില്‍ നിന്ന് ദേശീയ സുരക്ഷാ ഗാര്‍ഡിലെ (എന്‍.എസ്.ജി) 600 കമാന്‍ഡോകളെ ഒഴിവാക്കുന്നു. കമാന്‍ഡോകളെ തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാനാണ് പുതിയ തീരുമാനം. ജനുവരി 2ന് നടന്ന പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരെയുണ്ടായ ഭീകരാക്രമണം നേരിടാന്‍ എന്‍.എസ്.ജി കമാന്‍ഡോകളെ നിയോഗിച്ചത് വിജയമായിരുന്നുവെന്ന് വിലയിരുത്തിയിരുന്നു. 300 എന്‍.എസ്.ജി കമാന്‍ഡോകളാണ് ഈ ഓപ്പറേഷനില്‍ പങ്കെടുത്തത്.
വി.വി.ഐ.പി സുരക്ഷാ ചുമതലകള്‍ക്ക് രണ്ട് യൂണിറ്റുകളെ മാത്രം ഉപയോഗിക്കും. തീവ്രവാദികളെ നേരിടുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും തട്ടിക്കൊണ്ടു പോകല്‍ ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും ആണ് ഇനി എന്‍.എസ്.ജി കമാന്‍ഡോകളെ നിയോഗിക്കുക. അതേസമയം, തീവ്രവാദികളെ നേരിടുന്ന യൂണിറ്റുകള്‍ക്ക് മറ്റ് ചുമതലകള്‍ നല്‍കില്ല. ഭാവിയില്‍ വി.വി.ഐ.പി സുരക്ഷാ ചുമതലയില്‍ നിന്ന് എന്‍.എസ്.ജിയെ പൂര്‍ണമായും ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയത്തിന് ആലോചനയുണ്ട്. 15 പ്രമുഖരുടെ സുരക്ഷാ ചുമതലയാണ് ഇപ്പോള്‍ എന്‍.എസ്.ജിക്കുള്ളത്.
1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴില്‍ രൂപീകരിച്ചതാണ് എന്‍.എസ്.ജി. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാനായി രൂപം കൊടുത്ത എന്‍.എസ്.ജിയെ പിന്നീട് പ്രമുഖരുടെ സുരക്ഷാ ചുമതലയിലേക്കായി നിയോഗിക്കുകയായിരുന്നു. യു.കെയുടെ എസ്.എ.എസ്, ജര്‍മനിയുടെ ജി.എസ്.ജി9 എന്നിവയുടെ മാതൃകയില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് എന്‍.എസ്.ജി കമാന്‍ഡോകള്‍.
Post Your Comments