തിരുവനന്തപുരം: ബാർ ക്കോഴ കേസില്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തി ൻമേൽ എസ്.പി സുകേശനെതിരെ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജനെ ഏല്‍പ്പിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നാരോപണം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായ അന്വേഷണങ്ങള്‍ നടത്തുന്നതില്‍ സേനയില്‍ കീഴ്‌വഴക്കങ്ങളുണ്ട്.എസ് ഐയാണ് കുറ്റാരോപിതനെങ്കിൽ സിഐ റാങ്കിലുള്ളവർ അന്വേഷിക്കും. സി ഐ ആണെങ്കിൽ ഡിവൈഎസ്പി, ഡിവൈഎസ്പി ആണെങ്കിൽ എസ് പി എന്നിങ്ങനെ ഉയർന്ന പദവിയിലുള്ളവർ അന്വേഷണം നടത്തുകയാണ് പതിവ്. എന്നാല്‍ എസ് പി സുകേശനെതിരായ കേസ് അന്വേഷിക്കുക അതേ റാങ്കിലുള്ള എസ് പി പി.എൻ ഉണ്ണിരാജനാണ്. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തും എ.ഡി.ജി.പി അനന്തകൃഷ്ണനും അന്വേഷണം ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് ഉണ്ണിരാജനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതെന്നും പറയപ്പെടുന്നു.
സുകേശനെതിരായ കേസിനെ ചൊല്ലി പൊലീസിനുള്ളിൽ ഭിന്നാഭിപ്രായമാണ്. സുകേശനെ സർക്കാർ മന:പൂർവ്വം കേസിൽ കുടുക്കിയതാണെന്ന് പൊതു സമൂഹത്തിലും അഭിപ്രായമുണ്ട്. വരുന്ന തെരഞ്ഞെടുപ്പിനുശേഷം സർക്കാർ മാറുകയാണെങ്കില്‍ അവർ കേസില്‍ എടുക്കുന്ന നിലപാടും നിർണ്ണായകമാണ്. ഇതാണ് എഡിജിപിയും ഐജിയും കേസ് ഏറ്റെടുക്കാതിരിക്കാൻ കാരണമത്രെ. മുതിർന്ന ഉദ്യോഗസ്ഥര്‍ പിന്മാറിയതോടെയാണ് തൃശൂർ ക്രൈംബ്രാഞ്ച് ടെമ്പിൾ ആന്റി തെഫ്റ്റ് സ്‌ക്വാഡ് എസ്പി ഉണ്ണിരാജനെ കേസ് ഏല്‍പ്പിക്കുന്നത്.ഉണ്ണിരാജനെ കണ്ണൂര്‍ പൊലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റി ക്രൈംബ്രാഞ്ചിൽ നിയമിച്ചത് അടുത്തിടെയാണ്. സംസ്ഥാന പൊലീസിലെ മുതിർന്ന എസ്പിയായ ഉണ്ണിരാജന് 2013 ഓഗസ്റ്റിലാണ് ഐ.പി.എസ് പദവി ലഭിച്ചത്.
Post Your Comments