സുജാത ഭാസ്കർ
അധികാരത്തിന്റെ അപ്പക്കഷണം നുകരാനായി എന്ത് തറ വേലയും ചെയ്തത് ഇന്ത്യക്കാർ ക്ഷമിച്ചു. പക്ഷെ ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇന്ത്യ നശിക്കും വരെ സമരം ചെയ്യുമെന്നു പറയുന്നവരെയും ഇന്ത്യക്കാർ എല്ലാക്കാലവും സംരക്ഷിക്കില്ല.ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പഠിക്കുന്നവർ ഇന്ത്യക്കെതിരെ തിരിഞ്ഞാൽ ജനങ്ങൾ നോക്കി നില്ക്കില്ല.
ഒരു പാകിസ്ഥാനിക്ക് ഇന്ത്യക്കാരനെന്നാൽ സ്വന്തം സഹോദരനെ പോലെയാണ് അവൻ കാണുന്നത്. ഒരു തവണയെങ്കിലും ഗൾഫിൽ ഇത് അനുഭവിച്ചിട്ടുള്ളവരായിരിക്കും നിങ്ങൾ.അതിനിടയിൽ അവൻ ജാതിയോ മതമോ രാജ്യത്തിൻറെ അതിർവരമ്പുകളോ നോക്കാറില്ല..ഒരു പാകിസ്ഥാനിയും അവരുടെ രാജ്യം നശിക്കണമെന്നാഗ്രഹിക്കില്ല. പക്ഷെ ഇന്ത്യക്കാർ അങ്ങനെയല്ല. ഇന്ത്യ നശിക്കണമെന്നു മുദ്രാവാക്യം മുഴക്കുന്നത് ഇന്ത്യക്കുള്ളിൽ നിന്നാണ്.ഇവിടെ ഉണ്ടായ ഓരോ കലാപത്തിനും ഓരോ സ്ഫോടനത്തിന്റെയും പിന്നിൽ ഒരു ഇന്ത്യാക്കാരൻ ഉണ്ടായിട്ടുണ്ടെന്നതാണ് ഒരു ദുഃഖ സത്യം. ഇന്ത്യ യുദ്ധം ചെയ്യേണ്ടത് ഇന്ത്യക്കുള്ളിലെ ഇന്ത്യാ വിരുദ്ധരോടാണ് . ശത്രു രാജ്യങ്ങൾക്ക് പോലും ഇല്ലാത്ത ശത്രുതയാണ് ഇവിടെയുള്ള ഇന്ത്യാ വിരുദ്ധർക്ക് ഇന്ത്യയോടു ഉള്ളതെന്നത് ഭീതിയുളവാക്കുന്നു. ഇന്ത്യ നശിക്കട്ടെ എന്ന് മുദ്രാവ്വാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്തപ്പോൾ അവരെ രക്ഷിക്കാനായി വിദ്യാർഥികളെക്കാൾ മുന്നിൽ നിന്നു സമരം ചെയ്തത് ചില മുൻനിര രാഷ്ട്രീയ നേതാക്കളാണെന്നത് ആശ്ചര്യവും അമ്പരപ്പും ഉണ്ടാക്കുന്നു.
അഫ്സൽ ഗുരുവിനെ തിടുക്കപ്പെട്ടു തൂക്കിലേറ്റിയ സർക്കാർ കോൺഗ്രസ് ആണ്. പക്ഷെ ഇപ്പോൾ നടക്കുന്ന സമരങ്ങളിൽ തൂക്കിലേറ്റിയ സർക്കാരിന്റെ പ്രധാനിയായ രാഹുൽ ഗാന്ധി സമരത്തിൽ പങ്കെടുത്തു കൊണ്ട് നിൽക്കുന്നത് കാണുമ്പോൾ ഇതെന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് ആശയക്കുഴപ്പം ആണ് തോന്നുന്നത്.ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ അനുകൂലിക്കാൻ കാണിക്കുന്ന ഈ താല്പര്യം പ്രിയ രാഹുൽ ഗാന്ധി നിങ്ങൾ രാജ്യത്തിന് വേണ്ടി രാജ്യ സുരക്ഷയ്ക്കായി മഞ്ഞു മലകളിൽ പോയി മണ്മറഞ്ഞ സൈനീകർക്കു വേണ്ടി ചെയ്തിരുന്നോ? മരിച്ച സൈനീകരുടെ വീടുകളിൽ നിങ്ങൾ പോകാൻ താല്പര്യം കാണിക്കാതെ ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ എന്തിനാണ് പിന്തുണയ്ക്കുന്നത്?
ഇതെല്ലാം ഒരു സാധാരണ പൌരന്റെ ചോദ്യങ്ങളാണ്.ഒരു സൈനീകന് കൊടുക്കേണ്ട മര്യാദ കൊടുക്കാതെ ഇന്ത്യ വിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെ കാണുമ്പോൾ ഇന്ത്യയുടെ സുരക്ഷയ്ക്ക് വേണ്ടിയല്ലേ നിങ്ങളെല്ലാമാഗ്രഹിക്കുന്നതെന്ന് തോന്നിപ്പോകുകയാണ്. കലാലയങ്ങളിൽ എന്നല്ല ഇന്ത്യക്കുള്ളിൽ നിന്നു പൊന്തിവരുന്ന ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളെ ഭാരതീയനായ ഒരു ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ പിന്തുണയ്ക്കില്ല.പിന്തുണയ്ക്കുന്നവർ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും , ഐക്യത്തിനും മേൽ ഒരു ശാപമായി മാറും.ആരാണ് രാജ്യത്തിന് വേണ്ടി നിലകൊള്ളുന്നതെന്നും , ആരാണ് രാജ്യദ്രോഹികൾ എന്നും മനസ്സിലാക്കാന് ഒരു പാട് തലപുകഞ്ഞു ചിന്തിക്കേണ്ട കാര്യമൊന്നും ഉണ്ടെന്നു തോന്നുന്നില്ല..ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതിയാവും.തിരിച്ചറിയണം..രാജ്യത്ത് ഭീകരത വളർത്താൻ കൂട്ടു നില്ക്കുന്ന കപട മതേതര പാർട്ടികളെ , രാജ്യം നശിച്ചാലും പാർട്ടി വളർന്നാൽ മതിയെന്ന് വാശി പിടിച്ചു ദേശ വിരുദ്ധരെ പിന്തുണയ്ക്കുന്നവരെ മനസ്സിലാക്കണം.
Post Your Comments