ഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു. ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് തരൂരിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു.
ചോദ്യം ചെയ്യലിന് ഹാജരാകാനായി പോലീസ് തരൂരിന് നോട്ടീസ് നല്‍കിയിരുന്നു. സുനന്ദയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ അല്‍പ്രാക്‌സ് ഗുളികകളുടെ ഉറവിടം പോലീസ് തരൂരിനോട് ചോദിച്ചതായാണ് സൂചന. അല്‍പ്രാക്‌സ് അമിതമായ അളവില്‍ കഴിച്ചാണ് സുനന്ദ മരിച്ചതെന്നാണ് കരുതപ്പെടുന്നത്. ഗുളിക അവിടെ എങ്ങനെ എത്തിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തരൂരും സുനന്ദയുമായി ഉണ്ടായി എന്നു പറയപ്പെടുന്ന വഴക്കിനെക്കുറിച്ചും സുനന്ദയുടെ ശരീരത്തിലെ മുറിവുകളെ കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞതായാണ് വിവരം.
കൊലപാതകത്തിലേക്കുള്ള സാധ്യത അന്വേഷിക്കുന്നതിനല്ല ചോദ്യം ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ആത്മഹത്യക്ക് തരൂരോ സഹായികളോ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് ചോദ്യം ചെയ്തതെന്നാണ് സൂചന.
Post Your Comments