അഞ്ജു പ്രഭീഷ്
ഇതിഹാസങ്ങൾ ജനിക്കും മുൻപേ ഈശ്വരൻ ജനിക്കും മുൻപേ പ്രകൃതിയും കാലവും ഒരുമിച്ചുപാടിയ ആ ദിവ്യമായ അനുഭൂതിക്ക് നമ്മൾ വിളിച്ച പേരാണ് പ്രണയം…അതേ,പ്രണയം ദിവ്യമാണ്..ഒപ്പം അനശ്വരവും..സ്നേഹവും ആർദ്രതയും വിശ്വസ്തതയുമെല്ലാം വർത്തമാനകാലത്തിന്റെ വിസ്മൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന ഈ ഓണ്‍ലൈൻ കാലത്ത്, ഒരിക്കലും തിരിച്ചുവരാത്ത പ്രിയപ്പെട്ടവന്റെ ഓർമ്മകളിൽ ജീവിക്കുന്ന ഒരു എഴുപത്തഞ്ചുകാരിയുണ്ട് ഈ ഭൂമിമലയാളത്തിൽ ..പ്രണയത്തിന്റെ ഉദാത്ത മാതൃകയായ കാഞ്ചനമാലയെന്ന മലയാളികളുടെ കാഞ്ചനയേട്ടത്തി…പ്രണയമെന്ന പുസ്തകത്തിനുള്ളിൽ സ്വപ്നങ്ങളും അനുഭൂതികളും മാത്രമല്ലെന്നും, അതിന്റെ ഏടുകളിൽ സാമൂഹ്യപ്രവർത്തനമെന്ന മാനവികതയുടെ ഏറ്റവും ഉദാത്തമായ അദ്ധ്യായങ്ങൾ കൂടി എഴുതിച്ചേർക്കാൻ കഴിയുമെന്നും നമുക്ക് പഠിപ്പിച്ചു തന്നത് കാഞ്ചനമാലയായിരുന്നു..
പ്രണയം കാൽപ്പനികതക്കപ്പുറത്തൊരു യാഥാർഥ്യമാകുന്നതും മതത്തിനും കാലത്തിനുമപ്പുറത്തെ സ്നേഹമാകുന്നതും നമ്മൾ കണ്ടത് മൊയ്തീൻ -കാഞ്ചനമാല പ്രണയത്തിൽ കൂടിയായിരുന്നു..
ലിവിംഗ് ടുഗെദറിന്റെ ഇക്കാലത്ത്,ബന്ധങ്ങൾക്ക് ഒരു ടിഷ്യൂപേപ്പറിന്റെ വിലപോലും കല്‍പ്പിക്കാത്ത വർത്തമാനകാലത്ത്,പുതുമ നഷ്ടപ്പെടുമ്പോൾ ഗുഡ്ബൈ പറഞ്ഞുപിരിയുന്ന യുവത്വങ്ങൾക്ക് അനശ്വരപ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ് കാഞ്ചനമാല..പ്രണയിക്കാൻ പ്രിയപ്പെട്ടവൻ മൂർത്തരൂപമായി മുന്നിൽ വേണമെന്നിലെന്നു തെളിയിക്കുകയാണ് സ്വന്തം ജീവിതത്തിലൂടെ കാഞ്ചനമാല..മുക്കമെന്ന കോഴിക്കോടൻ ഗ്രാമത്തിലെ മൊയ്തീനെന്ന മുസ്ലീം യുവാവിന്റെയും കാഞ്ചനമാലയെന്ന തീയ്യപെൺകുട്ടിയുടെയും അറുപതുകളിൽ തുടങ്ങിയ പ്രണയം,ഇന്നും നമ്മളിൽ ഇടവപ്പാതി മഴപോലെ ആർത്തലച്ചുപെയ്യാൻ കാരണം ആ പ്രണയം മാംസനിബദ്ധമായ രാഗങ്ങൾക്കപ്പുറമായിരുന്നത് കൊണ്ടുമാത്രമാണ്.
യഥാർത്ഥപ്രണയം ഹൃദയത്തിൽ തറച്ചകാരമുള്ള് പോലെയായിരിക്കും.അത് ഹൃദയത്തിൽ എപ്പോഴും ചോരപൊടിയിക്കും..മൊയ്തീനെന്ന വെള്ളാരംകണ്ണുള്ള കാരമുള്ള് കാഞ്ചനയുടെ ഹൃദയത്തിൽ ഇന്നും പ്രണയത്തിന്റെ ചോര പൊടിയിച്ചുകൊണ്ടേയിരിക്കുന്നു.മിത്തുകളിലും സാഹിത്യത്തിലും ചരിത്രത്തിലും സെല്ലുലോയിഡുകളിലും നാമെത്രയോ പ്രണയങ്ങൾ കണ്ടിരിക്കുന്നു..ആ പ്രണയത്തിന്റെ അരികുകളിലെല്ലാം ഭാവനയുടെ പൂമ്പാറ്റകൾ വട്ടമിട്ടു പറക്കുന്നുണ്ടാകും.. പത്തുവർഷത്തോളം കാഞ്ചനമാലയെ കാണാതെയിരുന്നിട്ടും, മിണ്ടാതെയിരുന്നിട്ടും, കാത്തിരിപ്പിന്റെ വേനലിനെ കാഞ്ചനമാലയുടെ ഓർമ്മകളാകുന്ന ഗുല്‍മോഹർ പൂക്കൾ കൊണ്ട് ചുവപ്പിച്ച, നെഞ്ചിലെ പ്രണയത്തിന്റെ കനലിനെ കെടാതെ ആളിക്കത്തിച്ച മൊയ്തീനോളം വരുമോ വൃന്ദാവനത്തിലെ കണ്ണൻ …?.പ്രിയതമയുടെ കാല്‍പാദം പതിഞ്ഞ പൂഴിമണ്ണ് കൈക്കുമ്പിളിൽ കോരി ഹൃദയത്തിൽ കാഞ്ചനമാലയ്ക്കായി താജ്മഹൽ പണിത്,അവൾക്കായി പുതിയൊരു ലിപി കണ്ടുപിടിച്ചു ഹൃദയത്തിന്റെ ഭാഷയിൽ പ്രണയലേഖനമെഴുതിയ മൊയ്തീനോളം വരുമോ ഷാജഹാൻ ചക്രവർത്തി..?സാഹിത്യത്തിലോ മിത്തുകളിലോ ചരിത്രത്തിലോ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരപൂർവ്വപ്രണയരാഗമാണ് മൊയ്തീൻ -കാഞ്ചനമാല ബന്ധം..
സൗഹൃദത്തിന്‍റെ നടവഴിയിൽ പൂവിട്ട സ്നേഹം പിന്നീട് ഇരുവഴിഞ്ഞിപുഴയെ പോലും അസൂയപ്പെടുത്തുംവണ്ണം ദീവ്യമായ പ്രണയമായി മാറി..മഴയെന്നും ആ പ്രണയത്തെ നനയിച്ചിരുന്നു…ചെറുപുഞ്ചിരിയിൽ നനയുന്ന ചാറ്റൽ മഴയായും കണ്ടുമുട്ടലുകളിൽ നനയുന്ന വേനൽ മഴയായും അക്ഷരങ്ങളിൽ നനയുന്ന തുലാമഴയായും വിരഹത്തിൽ നനയുന്ന ഇടവപ്പാതിയായും മഴ എന്നും അവർക്കൊപ്പം നടന്നിരുന്നു..എതിർപ്പുകളുടെ മഴയെ വെല്ലുവിളികളോടെ നനഞ്ഞ രണ്ടുപേർ …ബന്ധനങ്ങളുടെ മഴയെ കാത്തിരിരിപ്പുകളോടെ നനഞ്ഞ കമിതാക്കൾ ..ഇരുവഴിഞ്ഞിപുഴയ്ക്ക് എന്നും മഴയായിരുന്നു പ്രിയ തോഴി..മഴത്തുള്ളികൾ അവളോട് എന്നും പറഞ്ഞത് മൊയ്തീന്റെ മാംസനിബദ്ധമല്ലാത്ത രാഗത്തെക്കുറിച്ചായിരുന്നു..മെല്ലെമെല്ലെ പുഴയും അവനെ പ്രണയിക്കാൻ തുടങ്ങി…ഇടവപ്പാതിയിലെ പെരുമഴദിവസങ്ങളിൽ മൊയ്തീനെ പരിണയിക്കാൻ ഇരുവഴിഞ്ഞിപുഴ കാത്തിരുന്നു..അതിനായി അവൾ തെയ്യത്തുംകടവിൽ പന്തലൊരുക്കി..കൂട്ടിനായി വിളിച്ചതോ പ്രിയസഖി മഴയെയും ..അങ്ങനെ ഇടവപ്പാതിയിലെ ഒരു പെരുമഴക്കാലത്തില്‍ ആരും ചെല്ലാത്ത ആഴങ്ങളിലേക്ക്,ചുഴിയുടെ കൈപ്പിടിയിലൊതുക്കി അവള്‍ അവനെ ഒളിപ്പിച്ചുവെച്ചു…അന്നുമുതൽ കാഞ്ചനമാല പ്രിയന്റെ ഓർമ്മകളാകുന്ന ചുഴിയിൽ മുങ്ങി,കാത്തിരിക്കുകയാണ്..പിന്നീടു പുതുമണ്ണിൽ വീണുപെയ്ത മഴപോലെ മൊയ്തീന്റെ പെണ്ണായി ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് അവൾ പ്രിയന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി,വിരഹത്തിന്റെ പെരുമഴയിൽ ഓർമ്മകൾ ഒലിച്ചുപോകാതെ,അവന്റെ ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരാൻ അദ്ധ്വാനത്തിന്റെ വിയർപ്പുമഴയിൽ നനഞ്ഞുകൊണ്ട് പ്രണയത്തിനു പുതിയൊരു ഭാഷ്യം രചിക്കുകയായിരുന്നു..കല്പാന്തകാലത്തോളം ഇരുവഴിഞ്ഞിപ്പുഴയ്ക്ക് ഈ പ്രണയമഴ നനഞ്ഞേ തീരൂ.കാരണം കാഞ്ചനമാല ഒഴുക്കിയ കണ്ണുനീരിനോളം വരുമോ ഇരുവഴിഞ്ഞിപ്പുഴയിൽ പെയ്തുവീണ മഴത്തുള്ളികൾ ..ഇന്നും പ്രകൃതിയും കാലവും ഈ പ്രണയം കണ്ടു പാടുന്നു –പ്രേമം ദിവ്യമായൊരു അനുഭൂതി….
Post Your Comments