ഐ എം ദാസ്
നിയമ സഭ തിരഞ്ഞെടുപ്പിൽ ഒരു വിരലോളം എങ്കിലും കോൺഗ്രസ്സിന്റെ പേരില് മഷി പതിയണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം എന്നറിയുന്നത് കൊണ്ടാകണം യു ഡി എഫ് സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനം മുള്ളിൻ മേൽ നിന്ന് കൊണ്ടുള്ള രക്ഷപെടാൻ നടത്തുന്ന അവസാന ശ്രമമായിരുന്നു. ജനക്ഷേമകരമായ നിരവധി പ്രഖ്യാപനങ്ങൾ വാലും ചെലുമില്ലാതെ ധനമന്ത്രി കൂടിയായി സ്വയം അവരോധിക്കപ്പെട്ട മുഖ്യമന്ത്രി നടത്തിയത് വെട്ടിലാക്കുന്നത് ഇനി തുടർന്ന് വരുന്ന ജനാധിപത്യ സർക്കാരിനെ കൂടിയാണ്.
സോളാർ കേസിലും ബാർ കോഴ കേസിലും പെട്ട് ഇനിയൊരിക്കലും കേരളത്തിൽ വിജയ സാധ്യതകൾ സ്വപ്നം കാണാൻ ആകാതെ നിൽക്കുമ്പോഴാണ് കെ എം മാണി ഒഴിച്ചിട്ട ധനമന്ത്രി സ്ഥാനത്തു നിന്ന് ബജറ്റ് പ്രഖ്യാപനം നടത്താൻ സ്വയം മുഖ്യമന്ത്രി തന്നെ ഇറങ്ങി തിരിയ്ക്കുന്നത്. ഒട്ടും സുഖകരമായിരുന്നില്ല കഴിഞ്ഞ നാലര വർഷം യു ഡി എഫിനെ സംബന്ധിച്ചിടത്തോളം. സ്വയം ആശ്വാസത്തിന് ലാവ് ലിൻ ഉൾപ്പെടെയുള്ള കേസുകൾ സിപി എമ്മിനെതിരെ പൊക്കിക്കൊണ്ട് വന്നുവെങ്കിലും ഏറ്റവുമധികം പ്രതിരോധത്തിൽ ആയത് യു ഡി എഫ് തന്നെ ആയിരുന്നു. കേരളം ഒരു മൂന്നാം മുന്നണിയുടെ സാധ്യതകൾ കൂടി തിരഞ്ഞ സമയം ആയിരുന്നു ഇത്. എന്നാൽ ഇടതും വലതുമല്ലാതെ മറ്റൊരു പക്ഷമുണ്ടായാൽ അത് വർഗീയ പക്ഷം ആകുമെന്ന ചീത്തപ്പെരുകളിൽ കുടുങ്ങി സാധാരണ ജനം സ്വന്തം രാഷ്ട്രീയമില്ലായ്മ പോലും ഉറക്കെ പറയാൻ മടിച്ചു. ഇടതോ വലതോ അല്ലെങ്കിൽ അവൻ വർഗീയൻ എന്ന കാടടച്ചുള്ള വെടിവയ്പ്പാണ് ഇത്ര നാളും ഇടതു-വലതു സംഘടനകൾ നടത്തി കൊണ്ടിരിക്കുന്നത്. കോൺ ഗ്രസ്സിന്റെ ഭരണ കാലാവധി കഴിഞ്ഞാൽ ഇടതുപക്ഷം വീണ്ടും മാറുന്ന പക്ഷങ്ങൾ ഈ കളി തുടരുന്നത് തന്നെയാണ് നിലനിൽപ്പിനു നല്ലതെന്ന് ഇരു കൂട്ടര്ക്കും വ്യക്തമായി അറിയുകയും ചെയ്യാം.
ഇത്തവണത്തെ നിയമ സഭാ തിരഞ്ഞെടുപ്പിൽ അറ്റ കൈ എന്ന നിലയ്ക്കാണ് ബജറ്റിലെ നയ പ്രഖ്യാപനങ്ങൾ എങ്കിലും ഈ പ്രഖ്യാപനങ്ങൾ ഇനി നടത്താൻ യു ഡി എഫ് സർക്കാരിന് അധികം ആയുസ്സില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സമയമായതിനാൽ വികസന പരിപാടികൾക്ക് നിരോധനവും ഉണ്ടാകും. അതായത് ഇനിയുള്ള ബജറ്റ് നടപ്പിലാക്കൽ ഉത്തരവാദിത്തം അടുത്ത വരുന്ന പക്ഷത്തിന്റെ തലയിൽ തന്നെയാണ്. സ്ഥിരമായി ഒരു ഭരണ പാർട്ടിയുടെ അവസാന വർഷമുള്ള ബജറ്റ് എടുത്താൽ പൊങ്ങാത്ത ആശയം കൂട്ടി യോജിപ്പിച്ചത് തന്നെയാകും. ജനങ്ങളുടെ കണ്ണില ഒരു തിരഞ്ഞെടുപ്പ് പൊടിയിടലും അടുത്ത് വരുന്ന സർക്കാരിനെ ഒരു ബുദ്ധിമുട്ടിക്കുകയും എന്നാ വിവിധങ്ങളായ ഉദ്ദേശങ്ങൾ ഇതിലൂടെ നടപ്പ് സർക്കാരിന് ലഭിക്കും. ഇതിനപ്പുറം ജനോപകാരം എന്ന വാക്കിനു ഈ അവസാന ബജറ്റിൽ വലിയ പ്രസക്തി ഒന്നുമില്ല.
ഇടതു പക്ഷവും വലതുപക്ഷവും കൂടിയും കുറഞ്ഞും ആണെങ്കിലും പ്രതിരോധം തീർത്തു കൊണ്ടിരിക്കുകയാണ് . നിലവിൽ അവനവന്റെ സ്വയ രക്ഷ തന്നെയാണ് ഇരുവർക്കും പ്രധാനം. അതിനോടൊപ്പം മൂന്നാം മുന്നണി എന്ന ആശയത്തെ വർഗീയതയുടെ പേര് പറഞു മുളയിലെ നുള്ളാനും ഇരു കൂട്ടരും ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്ത് തന്നെയായാലും അഴിമതിയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭീകരവാദ ആശയവും ഇരു പാർട്ടികൾക്കും ദോഷകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുക തന്നെയാണ്. ബംഗാളിൽ സംഭവിച്ചത് പോലെ കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് കൂടി ചെരലിനുള്ള സാധ്യതകൾ കേരളത്തിൽ വേണമെങ്കിലും തെളിയാം. കാരണം ജനങ്ങളെ “സേവിക്കുക” അല്ലാതെ അവർക്ക് സേവനം നടത്താൻ ആർക്ക് എവിടെ സമയം? അവരവരുടെ സീറ്റുകൾ സുരക്ഷിതമെങ്കിൽ പിന്നെ ആരുടെ ഒപ്പം വേണമെങ്കിലും നിൽക്കാം ,അത് തന്നെ രാഷ്ട്രീയത്തിന്റെ അടി സ്ഥാനം, അല്ലാതെന്ത്?
Post Your Comments