KeralaNews

കേരളത്തില്‍ ബി.ജെ.പി പച്ചതൊടില്ല- പിണറായി വിജയന്‍

കൊല്ലം: വെള്ളാപ്പള്ളി നടേശനെ കൂടെ കൂട്ടിയാലും കേരളത്തില്‍ ബി.ജെ.പി പച്ചതൊടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാർച്ചിന് കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിഭേദമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന നാടാണ് കേരളം. അത് ഇല്ലാതാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. അതിനവര്‍ കൂട്ടുപിടിച്ചിരിക്കുന്നത് വെള്ളാപ്പള്ളിയെയാണ്. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ മോദിയെ കൊണ്ടു വന്നത് ഇതിന്റെ ഭാഗമായാണെന്നും പിണറായി ആരോപിച്ചു.

ആർ.എസ്.എസ് വിചാരിച്ചത് എസ്.എൻ.ഡി.പിയൊന്നാകെ കൂടെ നിൽക്കുമെന്നാണ്. വെള്ളാപ്പള്ളിക്കും ആ ചിന്ത ഉണ്ടായിരുന്നു. അതെല്ലാം പക്ഷേ, എസ്.എൻ.ഡിപിയിൽ അണിനിരന്ന ശ്രീനാരായണീയർ വെള്ളാപ്പളളിയോട് പറഞ്ഞു, നിങ്ങൾ വല്ലതും കൈപ്പറ്റിയിട്ടുണ്ടങ്കിൽ അതുമായി അവിടെ നിന്നോ. ഞങ്ങളെ പ്രതീക്ഷിക്കേണ്ട ഞങ്ങൾ ശ്രീനാരായണീയരാണ്. ശ്രീനാരായണീയ ദർശനവും ആർ.എസ്.എസുമായി പൊരുത്തപ്പെട്ട് പോകില്ല. ശ്രീനാരായണീയർ എടുത്ത ഈ നിലപാട് ചില്ലറ ഇച്ഛാഭംഗമല്ല രണ്ട് കൂട്ടർക്കും ഉണ്ടാക്കിയത്. വെള്ളാപ്പള്ളി സാധാരണ നിലയിൽ നല്ല കരാറുകാരനാണല്ലോ. മകന് ഡൽഹിയിൽ ഒരു കസേര ഉറപ്പിച്ചിരുന്നു. കസേര കൊടുക്കേണ്ടവർക്ക് ഇപ്പോൾ മനസ്സിലായി ഇവരുടെ കയ്യിൽ വലിയ കോപ്പൊന്നുമില്ലെന്ന്. അപ്പോൾ പിന്നെ അവർ കസേര കൊടുക്കാൻ തയ്യാറായില്ല. ആർ.എസ്.എസ്സിനെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ പുതിയ പാർട്ടിയുടെ അദ്ധ്യക്ഷനായ വെള്ളാപ്പള്ളിയുടെ മകൻ തന്നെ ഡൽഹിയിൽ അന്വേഷിക്കാൻ പോയി. അപ്പോൾ അവർ പറഞ്ഞു. ഇവിടെ കസേരയൊന്നുമില്ലെന്ന്. ഇപ്പോൾ അച്ഛനും മകനും മൂലയിൽ കുത്തിയിരിക്കുകയാണ്- പിണറായി പറഞ്ഞു.

കേരളത്തിൽ ദൃഡമായ മതനിരപേക്ഷ മനസുണ്ട്. വർഗ്ഗീയത അവർ പ്രേത്സാഹിപ്പിക്കില്ല. മതനിരപേക്ഷതയുടെ പേരിൽ കള്ളക്കളി കളിക്കുന്നവരെയും അവർ തിരിച്ചറിയും. ഈ നീക്കം വീണ്ടും ആവർത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ കേരളത്തിന്റെ മതനിരപേക്ഷ മനസ് ശക്തമായി പ്രതികരിക്കണമെന്നും പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button