ഗൌരിലക്ഷ്മി
സിയാച്ചിനിൽ എന്തിനാണ് പട്ടാള ക്യാമ്പ്? ഇത്തരം ചോദ്യങ്ങള നിരവധിയായി ഈ സമയത്ത് ഉയരുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും ഉയർന്ന പർവ്വത നിരയുടെ ഈ ഭാഗത്ത് , കോടിക്കണക്കിനു രൂപ മുടക്കി നൂറു കണക്കിന് പട്ടാളക്കാരുടെ ജീവന ബലി നല്കി എന്തിനു സിയാച്ചിനിൽ പട്ടാള ക്യാമ്പ്? ഈ ചോദ്യത്തിന്റെ ഉത്തരം എളുപ്പത്തിൽ പറഞ്ഞാൽ കശ്മീർ വിഷയത്തിൽ എന്ന പോലെ ഇനിയും തർക്ക പ്രദേശമായി സിയാച്ചിൻ ഉയർത്തി കൊണ്ട് വരാൻ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ. അതിർത്തി പ്രദേശമാണ് സിയാച്ചിൻ. കടലിൽ നിന്ന് ഇരുപതിനായിരത്തോളം ഉയരത്തിൽ ഉള്ള ഭൂമിയാണിവിടം. മഞ്ഞെന്നു പറഞ്ഞാൽ കണ്ണെത്താ ദൂരത്തോളം മഞ്ഞുമലകളും തണുപ്പും വെളുപ്പും മാത്രം. സാധാരണക്കാരന് സ്വപ്നം പോലും കാണാൻ ആകാത്ത ജീവിതം. അത് തന്നെയാണ് സിയാച്ചിൻ.
ആറു മാസത്തെ high altitude കോഴ്സ് കഴിഞ്ഞാണ് പട്ടാളക്കാരെ സിയാച്ചിൻ ക്യാമ്പിലേയ്ക്ക് അതിർത്തി കാക്കാനായി അയക്കുന്നത് തന്നെ. ഉയർന്ന പ്രദേശത്തെ മഞ്ഞിൽ ജീവിക്കാൻ നിരവധി മുൻകരുതലുകൾ ആവശ്യമാണെന്ന് ഇതിൽ തന്നെ വ്യക്തം. രക്തം മരവിയ്ക്കുന്ന മഞ്ഞിൽ ജീവിച്ചിട്ടുണ്ടോ? ഋതുക്കൾ മാറുമ്പോൾ വല്ലപ്പോഴും വരുന്ന മഞ്ഞു വീഴ്ചയല്ല സിയാച്ചിനിൽ. മഞ്ഞുകാലത്ത് കട്ടപിടിച്ച മഞ്ഞു തന്നെ. ആ സമയത്ത് ഉണ്ടാകുന്ന മഞ്ഞിന്റെതായ ബുദ്ധിമുട്ടുകൾ. അര മണിക്കൂറിൽ കൂടുതൽ മഞ്ഞിൽ കാലുറച്ചു പോയാൽ പിന്നെ ആ കാൽ ഉണ്ടാകാത്ത അവസ്ഥ. അനക്കിയാൽ കാൽ തന്നെ മുറിഞ്ഞു പോകുന്ന അവസ്ഥ. ഇനി സൂര്യൻ ഒന്ന് നോക്കാമെന്ന് വച്ചാലോ , എത്രയോ ആഴത്തിൽ ഉറച്ചു പോയ മഞ്ഞു പാളികൾ ഉരുകി മലയിചിലുകൾ, അതിൽ പെട്ട് ജീവന നഷ്ടപ്പെടുന്ന പട്ടാളക്കാർ, ഇടിഞ്ഞു പോകുന്ന ചെക്ക് പോസ്റ്റുകൾ. വർഷങ്ങൾ ആയിട്ട് സിയാച്ചിനിലെ അവസ്ഥ ഇതാണ്. കോടിക്കണക്കിനു രൂപയാണ് ദിവസവും സിയാച്ചിനിലെ അതിർത്തി ക്യാമ്പിനു വേണ്ടി ഭാരത സർക്കാർ മുടക്കുന്നതും. ഇതൊക്കെ എന്തിനു വേണ്ടി?
ഹിമാലയൻ പർവ്വതത്തിനോട് കിടക്കുന്ന ഏറ്റവും ഉയരമുള്ള പ്രദേശമാണ് സിയാച്ചിൻ പർവ്വത നിരകൾ .അക്ഷാംശരേഖാംശം 35.5°N 77.0°E ലായി ഇന്ത്യാ-പാക് ഇന്തോ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ട് കിഴക്കായാണ് ഈ പ്രദേശം കിടക്കുന്നത്. ഭൂമിയുടെ മൂന്നാം ദൃവം എന്നാ വിളിപ്പേര് വരുമ്പോൾ ഒരുപക്ഷെ ഊഹിക്കാം സിയാച്ചിനിലെ മഞ്ഞിന്റെ അവസ്ഥ എന്താണെന്നുള്ളത്. ശീതകാലത്ത് ഇവിടുത്തെ ശരാശരി മഞ്ഞുവീഴ്ച്ച 10.5 മീറ്റർ(35 അടി) ആണ്. താപനില മൈനസ് 60 ഡിഗ്രിസെൽഷ്യസ് വരെ താഴുകയും ചെയ്യും. കാട്ടുപനിനീർപ്പൂക്കളുടെ ഇടം എന്നാ മനോഹരമായ അർത്ഥമാണ് സിയാച്ചിന് ഉള്ളതെങ്കിലും ഇവിടം ഇപ്പോൾ അറിയപ്പെടുന്നത് പൂക്കളുടെ പ്രദേശം ആയല്ല യുദ്ധ ഭൂമി ആയാണ്. ഇന്ത്യയുടെ പട്ടാളക്കാരാണ് ഇവിടെ ഉയർന്ന ഭൂമിയിൽ കാവൽ നില്ക്കുന്നതെങ്കിലും തൊട്ടു താഴെ പാക്കിസ്ഥാൻ അതിർത്തി ഭടന്മാരും കാത്തിരിക്കുന്നു. വെടി നിർത്തൽ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതു നിമിഷവും ഉണ്ടാകാവുന്ന യുദ്ധത്തെ ഇവിടുത്തെ സൈനികർ പ്രതീക്ഷിക്കുന്നുണ്ട്. ടിൻ ഭക്ഷണം മാത്രം കഴിച്ചു വിഷാദ രോഗങ്ങൾക്ക് വരെ അടിമകളായി ഈ പട്ടാളക്കാർ ഇവിടെ ജീവിക്കുന്നുണ്ടെങ്കിൽ അത് ആ പ്രദേശം പാക്കിസ്ഥാൻ ആക്രമിച്ചു കീഴ്പ്പെടുതാതിരിയ്ക്കാൻ തന്നെയാണ്.
ഒരു വഴി വെട്ടി തുറന്നാൽ പിന്നെ പാക്കിസ്ഥാൻ പട്ടാളക്കാർക്ക് ഇന്ത്യയെ നേരിടുന്നതിനും അകത്തേയ്ക്ക് പ്രവേശിക്കുന്നതിനും പല ഭാഗങ്ങളിലും അധിനിവേശം നടത്തുന്നതിനും വളരെ എളുപ്പമാണ്. പിന്നീട് ഉണ്ടാകാൻ പോകുന്നത് യുദ്ധവും. പരസ്പരം വാലും പരിചയും തോക്കും ഒക്കെ ഉപയോഗിച്ചുള്ള അണുവികിരണ യുദ്ധം മുന്നിൽ നിൽക്കുന്ന എതിരാളിയെ മാത്രമല്ല ഒരു സമൂഹത്തെയും രാജ്യത്തെ തന്നെയും ഇല്ലാതാക്കാൻ പോകുന്നതാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ അതാതു രാജ്യത്തെ ഭരണ വർഗ്ഗത്തിന്റെ ഏറ്റവും വലിയ ഉത്തരവാടിത്തവുമാകുന്നു.
അതിർത്തികൾ ഇല്ലാതെ സ്നേഹം ഒഴുകണം. സോഷ്യലിസം തുളുമ്പണം. പറയാൻ മഹത്തരമായ വചനങ്ങൾ തന്നെയാണ്. അത് തന്നെയാണ് ഭൂരിപക്ഷം സാധാരണ മനുഷ്യന്റെ ആഗ്രഹവും ആവശ്യവും. കാരണം ഒരു യുദ്ധം പൊട്ടി പുറപ്പെട്ടാൽ ദിവസങ്ങൾക്കകം ഇരു രാജ്യങ്ങളുടെയും പതനത്തിന്റെ ആരംഭവും ആയിരിക്കും. എന്നാൽ തൊട്ടടുതുള്ളതെല്ലാം കീഴടക്കണം എന്നാഗ്രഹിക്കുന്ന ഭീകര സംഘടനകൾ തന്നെയാണ് ഇത്തരം സോഷ്യലിസ്റ്റ് ആശയങ്ങളുടെ അവസാനം ഒരുക്കുന്നത്. അവനവന്റെ രാജ്യത്ത് ഉത്തരവാദിത്തങ്ങൾ പാലിച്ചു കൊണ്ട് കഴിഞ്ഞു കൂടെണ്ടാവർ, രാജ്യങ്ങൾ തമ്മിൽ സ്നേഹം വളർത്തേണ്ടവർ, മത സ്പർദ്ധ ഉൾപ്പെടെ വളർത്തുകയും ഭീകരാക്രമണത്തിലൂടെ നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്നു. ഇതിനെല്ലാം ഉള്ള വഴിയോരുക്കലാണ് സിയാച്ചിനിലെ പിന്മാറ്റത്തിലൂടെ ഉദ്ദേശിക്കേണ്ടത് . അത് ഒരിക്കലും ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടത്തിനു നടപ്പാക്കാൻ പറ്റുന്ന ഒന്നല്ല. കാരണം സുരക്ഷാ പിഴവുകളിൽ പാളിച്ച പറ്റി യുദ്ധം ഉണ്ടായാൽ അണുവികിരണം വഴി ആയിരങ്ങളായ സാധാരണക്കാർ മരിച്ചു വീണാൽ ഇതേ സോഷ്യലിസ്റ്റുകൾ പോലും ആദ്യം കുറ്റപ്പെടുത്തുക സുരക്ഷാ വകുപ്പിനെ തന്നെ ആയിരിക്കാം. അല്ലെങ്കിൽ പോലും രാജ്യത്തെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്തം തന്നെയാണ് ജയിപ്പിച്ചു വിട്ട ജനങ്ങളുടെ സുരക്ഷ. അതിനു വേണ്ടി കോടികൾ ചിലവാക്കുന്നുണ്ടെങ്കിൽ അതിൽ മറ്റൊന്നും ഇല്ല, ജീവൻ രക്ഷിചിട്ടല്ലേ മറ്റെന്തും എന്നാ അടിസ്ഥാന നിയമം തന്നെയാണുള്ളത്.
ആഗോള താപനം പോലെയുള്ളവ സിയാച്ചിൻ മഞ്ഞു മലകളെയും ബാധിക്കുന്നുവെന്ന് പഠനം പറയുന്നു. മഞ്ഞു ഉരുകാൻ സാധ്യതകൾ വീണ്ടും കൂടുകയാണെന്ന് തന്നെ അർത്ഥം. അപ്പോൾ ജീവൻ വേണ്ട എന്ന് വച്ചിട്ട് തന്നെയാണ് പട്ടാളക്കാർ ഇവിടെ കാവൽ നിൽക്കാൻ വരുന്നത് എന്നത് തന്നെ പരമാർത്ഥം. അതിനു ഒരു അർത്ഥമേയുള്ളൂ , തങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്തം. കോടിക്കണക്കിനു വരുന്ന മനുഷ്യരുടെ രക്ഷ എന്നത് സ്വ ജീവന് മുകളിൽ നിൽക്കുമ്പോൾ , സ്വന്തം ഭൂമി മറ്റൊരാളുടെത് ആകാതിരിയ്ക്കാൻ ശ്രമിക്കുന്ന ഉത്തരവാദിത്തം. സിയാച്ചിനിൽ എന്തിനു പട്ടാള ക്യാമ്പ് എന്ന് വീണ്ടും ശംശയം ഉള്ളവർ , സ്വന്തം വീടുകളിൽ എന്തിനു മതിലുകൾ എന്നും തൊട്ടടുത്ത വീട്ടിലുള്ള വ്യക്തി സ്വന്തം സ്ഥലം നിത്യവും തന്റെ അതിരിനോട് ചേർക്കുന്നുവെന്നും മാത്രം ചിന്തിച്ചു നോക്കിയാല മതിയാകും. രാജ്യങ്ങളില്ലാതെ, മതിലുകൾ ഇല്ലാതെ അതിർത്തികൾ ഇല്ലാതെ സ്നേഹം പറക്കേണ്ടത് തന്നെയാണ്. പക്ഷെ ഭീകരവാദത്തിന്റെ തീ നാമ്പുകൾ ജനങ്ങളെ ഇല്ലായ്മ ചെയ്യാൻ സമ്മതിക്കാതെ അവരെ കാത്തു രക്ഷിക്കേണ്ടതും ഉത്തരവാദിത്തം തന്നെയാണ്. അത് തന്നെയാണ് സിയാച്ചിൻ പോലെയുള്ള അതിർത്തികളിൽ നടക്കുന്നതും.
Post Your Comments