കൊല്ലം: സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച ജവാൻ സുധീഷിന്റെ ഭൌതീക ശരീരം നാളെ കൊണ്ടുവന്നേക്കും. വൈകുന്നത് കനത്ത മഞ്ഞു വീഴ്ച മൂലം ഹെലികോപ്ടർ താഴെയിറക്കാൻ സാധിക്കാത്തതിനാൽ.ഇത് കാരണം ഇതുവരെ മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.അതാണ് കേരളത്തിലേക്ക് കൊണ്ടുവരാൻ വൈകുന്നതും.വെള്ളിയാഴ്ച ഉച്ചക്ക് ശേഷമെങ്കിലും മൃതദേഹം കൊണ്ടുവരാനായി തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നുണ്ട് .മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സൈനീക ആചാരപ്രകാരം ഉപചാരങ്ങൾ അര്‍പ്പിച്ചതിനും ശേഷം മാത്രമേ ജന്മനാട്ടിൽ പൂർണ്ണ സൈനീക ബഹുമതികളോടെ സംസ്കരിക്കാൻ കഴിയൂ.
ഇതിനിടെ സുധീഷ് മരിച്ച വിവരം ഭാര്യ ശാലുവും സുധീഷിന്റെ അമ്മ പുഷ്പവള്ളിയും അറിഞ്ഞിട്ടില്ല. ആദ്യം വാര്‍ത്തയറിഞ്ഞു ബോധം കെട്ട ഇവരെ ആശുപത്രിയിൽ എത്തിക്കുകയും തിരിച്ചു വന്നപ്പോൾ സുധീഷ് മരിച്ചിട്ടില്ലെന്നും അവിടെ അകപ്പെട്ടതെയുള്ളൂ എന്നും ഉള്ള വാർത്ത അറിഞ്ഞു ആശ്വാസത്തോടെ കാത്തിരിക്കുകയാണ് ശാലുവും അമ്മയും.. മകൾ മൂന്നര വയസ്സള്ള മീനാക്ഷി. കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ലാത്ത സുധീഷ് അടുത്ത മാസം വരുമെന്നു ഫോണിലൂടെ കഴിഞ്ഞ ആഴ്ച വിളിച്ചറിയിച്ചിരുന്നു. തന്റെ ദുഃഖം മറ്റുള്ളവരെ അറിയിക്കാതെ സങ്കടം കടിച്ചമർത്തുകയാണ് പിതാവ് ബ്രഹ്മപുത്രൻ.സുധീഷിന്റെ സഹോദരന്‍ സുരേഷ് മരണവാര്‍ത്തയറിഞ്ഞു നാട്ടിലെത്തി.
സുധീഷിന്റെ മദർ റെജിമെന്റ് ആയ ഊട്ടിയിൽ നിന്ന് സൈനീക ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. മലയാളികളായ ഇവരാണ് ഇനി നാട്ടിലെ സംസ്കാര ചടങ്ങുകൾ നിയന്ത്രിക്കുക. ഉന്നത കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചാലുടൻ സംസ്കാര ചടങ്ങുകളുടെ മുന്നൊരുക്കം നടത്തുമെന്നാണ് അറിയുന്നത്.
Post Your Comments