Kerala

ക്യാന്‍സറിനെതിരെ മുള്ളാത്തയും ലക്ഷ്മി തരുവും പ്രചരിപ്പിച്ച സെബി യാത്രയായി

വിടപറഞ്ഞത് അര്‍ബുദമെന്ന മഹാവ്യാധിയ്ക്കെതിരെ ജീവിതം പോരട്ടമാക്കിയ വ്യക്തിത്വം

തൃശൂര്‍ : അര്‍ബുദത്തിനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി മുള്ളാത്തയും ലക്ഷ്മി തരുവും പ്രചരിപ്പിച്ച് ശ്രദ്ധേയനായ തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സെബി വല്ലച്ചിറക്കാരന്‍ ഒടുവില്‍ അര്‍ബുദത്തിന് മുന്നില്‍ കീഴടങ്ങി. അര്‍ബുദമെന്ന മഹാവ്യാധിയ്ക്കെതിരെ ജീവിതം പോരട്ടമാക്കിയ വ്യക്തിത്വമാണ് വിടപറഞ്ഞത്.

നിരവധി സന്നദ്ധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിരുന്ന സെബി തന്റെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെ രണ്ട് വര്‍ഷം മുന്‍പാണ്‌ അര്‍ബുദം തേടിയെത്തിയത്. ഉമിനീര്‍ ഗ്രന്ഥയിയിലായിരുന്നു ക്യാന്‍സര്‍ ബാധ. രോഗബാധിതനായിട്ടും തന്റെ പ്രവര്‍ത്തന രംഗത്ത് നിന്ന് ഒരു ദിവസം പോലും മാറിനില്‍ക്കാന്‍ സെബി കൂട്ടാക്കിയില്ല. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ ചികിത്സയ്ക്കിടെ രോഗികള്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ലെന്ന് കണ്ട് റേഡിയേഷന്‍ വിഭാഗത്തിലേക്ക് ആവശ്യമായ കസേരകള്‍ എത്തിച്ചും വസ്ത്രമില്ലാത്ത ക്യാന്‍സര്‍ രോഗികള്‍ക്ക് വസ്ത്രം എത്തിച്ചു നല്‍കിയും സെബി സഹജീവി സ്‌നേഹത്തിന്റെ മാതൃകയായി.

ലോക ക്യാന്‍സര്‍ ദിനത്തില്‍ മൂന്ന് കാറുകളില്‍ നിറയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വസ്ത്രം എത്തിച്ച സെബി ഡ്രസ് ബാങ്ക് എന്ന ആശയത്തിനും തുടക്കം കുറിച്ചു. അതിനിടെ ക്യാന്‍സറിനെതിരെ മുള്ളാത്ത, ലക്ഷ്മി തരൂ തുടങ്ങിയ പ്രകൃതിദത്തമായ ചികിത്സാ രീതികളുടെ പ്രചാരകനായി. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ അഗസ്റ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സെബി ലഷ്മി തരുവിന്റെയും മുള്ളാത്തയുടെയും പ്രചാരകനായത്. ആയിരക്കണക്കിന് ലക്ഷ്മി തരു ചെടികളും ഇദ്ദേഹം കര്‍ണാടകത്തില്‍ നിന്നെത്തിച്ചു വിതരണം ചെയ്തു.

ബ്ലഡ് ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്ററായിരുന്ന സെബി എവിടെ വേണമെങ്കിലും രക്തം എത്തിക്കുന്ന മനുഷ്യസ്നേഹികൂടിയായിരുന്നു. നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ക്കും നേതൃത്വം നല്‍കി. ഐ.എം.എ. ബ്ലഡ് ബാങ്കില്‍ പി.ആര്‍.ഒ. ആയി ജോലിചെയ്തു വരികയായിരുന്നു. ഒല്ലൂരിലെ ആക്ട്‌സ് ബ്രാഞ്ച് സ്ഥാപക സെക്രട്ടറി, അഞ്ചേരി പള്‍സ് സാന്ത്വനസ്പര്‍ശം പ്രവര്‍ത്തകന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചേരിച്ചിറ യൂണിറ്റ്, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തി. ഭാര്യ: ഹണി. മക്കള്‍: എയ്ഞ്ചലീന, ഇനോവ്, എവീന.

shortlink

Related Articles

Post Your Comments

Related Articles


Back to top button