Kerala

പൂവാലന്‍മാര്‍ക്കിനി ‘ഷോക്ക് ‘ട്രീറ്റ്‌മെന്റ്’

ജയ്പൂര്‍: രാജസ്ഥാനിലെ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്‍മാര്‍ ഒന്നു കരുതിയിരിക്കുക. നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് ചിലപ്പോള്‍ നല്ല ഷോക്ക് ട്രീറ്റ്‌മെന്റാകാം. ശല്യക്കാരില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്‍കുന്ന ഒരു ഇലക്ട്രോണിക് കവചം ജയ്പൂര്‍ സ്വദേശി വികസിപ്പിച്ചു. വെറും 150 ഗ്രാം ഭാരമുള്ള ഈ കവചം വാച്ച് പോലെ കയ്യില്‍ ധരിക്കാവുന്നതാണ്. ആരെങ്കിലും ശല്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ഈ കുഞ്ഞന്‍ ഉപകരണം അവരെ ഷോക്കടിപ്പിക്കുകയും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള ഹ്രസ്വമായ സന്ദേശം പോലീസ് അധികൃതര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യും.

220 വോള്‍ട്ടിന്റെ ഷോക്കാണ് ഈ കവചം പുറപ്പെടുവിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ നിരഞ്ജന്‍ സുതാര്‍ എന്ന പതിനേഴുകാരനാണ് ഈ ഉപകരണം വികസിപ്പിച്ചത്. ജനുവരിയില്‍ നടന്ന സംസ്ഥാന സയന്‍സ് ഫെയറില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായതോടെയാണ് ഇലക്ട്രോണിക് കവചം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സയന്‍സ് ഫെയറില്‍ പ്രദര്‍ശിപ്പിക്കാന്‍ തെരെഞ്ഞടുക്കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടികള്‍ക്ക സുരക്ഷ ഒരുക്കുന്നതിനുള്ള ഉപകരണം വികസിപ്പിക്കണമെന്ന ആശയം നിരഞ്ജന്റെ മനസ്സില്‍ ഉടലെടുത്തത്. ഷോക്കിങ്ങ് ഗ്ലൗസ് എന്നാണ് ഈ ഉപകരണത്തിന് നിരഞ്ജന്‍ നല്‍കിയിരിക്കുന്ന പേര്. സിം കാര്‍ഡും, ജി പി എസ് ചിപ്പും വീഡിയോ ക്യാമറയും, 3.4 വോള്‍ട്ടിന്റെ ബാറ്ററിയും അടങ്ങുന്നതാണ് ഈ ഉപകരണം.

shortlink

Post Your Comments


Back to top button