Nattuvartha

സമയോചിത ഇടപെടലും കാര്യക്ഷമതയും ഒത്തു ചേർന്നപ്പോൾ അഗ്നിബാധയെ നിയന്ത്രണവിധേയമാക്കി

പാലാ: കൊടുംവേനലിൽ അഗ്നിബാധ ദുരന്തങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സാമൂഹ്യപ്രവർത്തകന്റെ സമയോചിത ഇടപെടലും ഫയർ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ കാര്യക്ഷമതയും ഒത്തുചേർന്നപ്പോൾ വൻ അഗ്നിബാധ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ കൊച്ചിടപ്പാടിയിലാണ് സംഭവം. മീനാറ ഭാഗത്ത് ഒരാൾ വീടിനു സമീപത്ത് തീയിട്ടത് സമീപപ്രദേശത്തേക്ക് പടർന്നു പിടിക്കുകയായിരുന്നു. അഗ്നിനാളങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങിയത് ശ്രദ്ധിയിൽപ്പെട്ട സമീപവാസിയായ മൂലയിൽ തോട്ടത്തിൽ ബേബിച്ചൻ സംഭവ സ്ഥലത്തെത്തിയപ്പോൾ തീ പടർന്നുപിടിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ മകനും സാമൂഹ്യപ്രവർത്തകനുമായ എബി ജെ. ജോസിനെ വിവരം വിളിച്ചറിയിച്ചു. എബി അറിയിച്ചതനുസരിച്ച് പാലായിലെ ഫയർഫോഴ്‌സ് ടൗണിൽ നിന്നും പത്തുമിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തുകയും അരമണിക്കൂറോളം വെള്ളം ചീറ്റിച്ച് തീ നിയന്ത്രണവിധേയമാക്കുകയുമായിരുന്നു.

ഉണക്കപ്പുല്ലും മറ്റും നിറഞ്ഞ പുരയിടത്തിൽ പടർന്ന തീ സമീപ പുരയിടത്തിലേക്കും വ്യാപിച്ചിരുന്നു. ഫയർഫോഴ്‌സ് എത്താന്‍ വൈകിയിരുന്നുവെങ്കിൽ തീ നിയന്ത്രണാധീതമാകുമായിരുന്നുവെന്ന് സ്റ്റേഷന്‍ ഓഫീസർ കെ.ആർ . ഷാജിമോൻ പറഞ്ഞു. തീ പടർന്ന പുരയിടത്തിലേയ്ക്ക് വഴിയില്ലാത്തതും രാത്രി ആയതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടുകയുമായിരുന്നു. സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കാനിടയാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസർ എം.എ. ജോണിച്ചൻ , ലീഡിംഗ് ഫയർ ഓഫീസർ എന്‍. സതീഷ് കുമാർ , കെ.ആർ . കൃഷ്ണകുമാർ , മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
കാര്യക്ഷമതയോടെ അഗ്നി നിയന്ത്രണവിധേയമാക്കാൻ നേതൃത്വം നല്‍കിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ കവീക്കുന്ന് വികസനസമിതി ഫയർ സ്റ്റേഷനിൽ എത്തി അനുമോദിച്ചു. കണ്‍വീനർ എബി ജെ. ജോസ് പുഷ്പ ഉപഹാരം സ്റ്റേഷന്‍ ഓഫീസർ കെ.ആർ . ഷാജിമോൻ സമ്മാനിച്ചു. ബേബി ആനപ്പാറ, സാംജി പഴേപറമ്പില്‍, സോജന്‍ ഡിയാന തുടങ്ങിയവർ പങ്കെടുത്തു.

വേനൽക്കാലത്ത് അഗ്നിബാധ വർദ്ധിക്കുമെന്നതിനാൽ തീ പടരാൻ ഇടയാക്കുന്ന പ്രവർത്തികൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തീ പടരുന്ന സാഹചര്യമുണ്ടെന്നു കണ്ടാൽ ഫയർഫോഴ്‌സിനെ ഉടനടി അറിയിക്കണം. 101 എന്ന പൊതുനമ്പരിൽ ഏതു സമയത്തും ഫയർ സർവീസിനെ വിളിക്കാമെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button