തൃശൂര്‍: രാത്രിയില്‍ വാഹനത്തില്‍ നിന്ന് തെറ്റിദ്ധരിപ്പിച്ച് പുറത്തിറക്കി കാറുമായി മോഷണ സംഘം കടന്നു കളഞ്ഞു. കാറുനുള്ളില്‍ ഉണ്ടായിരുന്ന നാലുവയസുകാരിയേയും സംഘം തട്ടികൊണ്ടു പോയി. പിന്നീട് കുഞ്ഞിനെ ലാലൂരിലെ ശ്മശാനത്തിന് അരുകില്‍ ഉപേക്ഷിച്ച് കാറുമായി സ്ഥലം വിട്ടു. ഇന്നലെ രാത്രി 10 മണിക്ക് പേരാമംഗലത്തിന് സമീപം മനപ്പടിയിലാണ് സിനിമയെ വെല്ലൂന്ന സംഭവം നടന്നത്.
ചാവക്കാട് സ്വദേശി അച്ചമ്പുള്ളി വീട്ടില്‍ സലീമാണ് ആക്രമണത്തിനും തട്ടിപ്പിനും ഇരയായത്. നാലു വയസുകാരി മകളേയും കൊണ്ട് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഭാര്യയെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി തൃശൂരിലേക്ക് പോകുന്ന വഴിയാണ് സലീമിന് ദുരനുഭവമുണ്ടായത്. മനപ്പടിയിലെത്തിയപ്പോള്‍ കാറിന് പിന്നില്‍ തീയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പുറകെ കാറിലെത്തിയ സംഘമാണ് സലീമിന്റെ സ്വിഫ്റ്റ് ഡിസയര്‍ കാറുമായി കടന്നു കളഞ്ഞത്. തീയുണ്ടെന്ന് കേട്ടപ്പോള്‍ എന്താണെന്ന് നോക്കാന്‍ കാറില്‍ നിന്ന് സലീം പുറത്തിറങ്ങിയപ്പോള്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സംഘം ആക്രമിക്കുകയായിരുന്നു. പിന്നീട് ഈ തക്കത്തിലാണ് മുന്‍സീറ്റിലിരുന്ന മകള്‍ ഷെഹ്ജയുമായി അക്രമികള്‍ കാര്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞത്.
പരിഭ്രമിച്ചു പോയ സലീം നാട്ടുകാരുടെ സഹായത്തോടെ പേരാമംഗലം പൊലീസില്‍ വിവരമറിയിച്ചു. കുട്ടിക്കും കാറിനും വേണ്ടി പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ലാലൂരില്‍ നിന്ന് കണ്ടെത്തിയത്. ശ്മശാനത്തിന് സമീപം കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കാര്‍ ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കെ എല്‍ 59 9900 എന്ന നമ്പരിലുള്ള വെള്ള സ്വീഫ്റ്റ് ഡിസയര്‍ കാറാണ് മോഷണം പോയത്.
Post Your Comments