ഷാര്‍ജ : ഷാര്‍ജയില്‍ വന്‍ തീപിടുത്തം. റോള മാളിനു പിന്‍ഭാഗത്തെ കെട്ടിടങ്ങളിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു അഗ്‌നിബാധ ഉണ്ടായത്. മലയാളികളുടെ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ 11 കടകളും രണ്ടു ഫ്‌ളാറ്റുകളും കത്തിനശിച്ചു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. ആര്‍ക്കും പരുക്കില്ല.
ഖല്‍ഫാന്‍, അല്‍ജസീല എന്നീ കെട്ടിടങ്ങളിലെ കടകളും ഫ്‌ളാറ്റുകളുമാണ് കത്തിനശിച്ചത്. കത്തിയ രണ്ട് ഫ്‌ളാറ്റുകളിലും താമസിച്ചിരുന്നത് മലയാളികളാണ്. കെട്ടിടത്തിലെ 12 ഫ്‌ളാറ്റുകളിലേക്കും തീ പടര്‍ന്നു.തീപിടിത്തമുണ്ടായ ഉടനെ ഫ്‌ളാറ്റുകളിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. താമസ സ്ഥലം നഷ്ടമായ 30 കുടുംബങ്ങള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും താമസ സ്ഥലങ്ങളില്‍ അഭയം തേടി.
ഇലക്ട്രോണിക് ഉല്‍പന്നങ്ങളും വസ്ത്രങ്ങളും വില്‍ക്കുന്ന കടകള്‍ പൂര്‍ണമായും കത്തി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി നൗഷാദിന്റെ മൂന്നു കടകള്‍ കത്തി നശിച്ചു. കാസര്‍കോട് സ്വദേശി നൗഫല്‍, കാസര്‍കോട് പാണത്തൂര്‍ സ്വദേശി മൊയ്തീന്‍കുഞ്ഞി, കണ്ണൂര്‍ പാനൂര്‍ സ്വദേശി സഫ്‌നാസ്, കണ്ണൂര്‍ സ്വദേശി നൗഷാദ്, വടകര സ്വദേശി യൂസഫ് എന്നിവരുടെയും രാജസ്ഥാന്‍, മധ്യപ്രദേശ് സ്വദേശികളുടെയും കടകളാണ് കത്തിനശിച്ചത്.
Post Your Comments