ചാരക്കേസും കരുണാകരന്റെ രാജിയും ഉമ്മൻ ചാണ്ടിയുടെ അപ്പോഴത്തെ നിലപാടുമൊക്കെ വീഡിയോയിലൂടെയും മറ്റും ചർച്ചയാകുന്ന ഈ സമയത്ത് ഇപ്പോഴത്തെ അവസര രാഷ്ട്രീയത്തിൽ ഒന്നിലും പങ്കു ചേരാതെ കരുണാകരന്റെ അന്നത്തെ ദുരവസ്ഥ അറിഞ്ഞ മക്കൾ പദ്മജയും മുരളീധരനും ഇപ്പോൾ മൌനം പാലിച്ചു നില്ക്കുന്നത് കാണുമ്പോൾ രാഷ്ട്രീയ മര്യാദ ഇതാണെന്ന് തോന്നിപ്പോകുകയാണ്.
ചാരക്കേസിൽ അന്ന് കരുണാകരൻ രാജിവെക്കണമെന്ന് ആദ്യം മുതലെ ആവശ്യപ്പെടുകയും ഓരോ ജില്ലാ പ്രാദേശിക മീറ്റിങ്ങുകളിലും കരുണാകരനെതിരെ സംസാരിക്കുകയും ചെയ്തത് അന്നത്തെ എ ഗ്രൂപ്പ് നേതാവായിരുന്ന ഉമ്മൻചാണ്ടി തന്നെയായിരുന്നു. രാജീവിന്റെ മരണത്തിനു ശേഷം അടുത്തതാരെന്ന ചോദ്യത്തിന് കരുണാകരന്റെ പേരായിരുന്നു അന്ന് ഉയർന്നിരുന്നത്. പക്ഷെ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കരുണാകരൻ നരസിംഹ റാവുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയായിരുന്നു.പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്നവരെയൊക്കെ ഓരോ കള്ളക്കേസില്‍ കുടുക്കുകയായിരുന്ന റാവുവിന് കരുണാകരനെതിരെ കിട്ടിയ ആയുധമായിരിക്കാം ചാരക്കേസെന്നും കുറച്ചു നാൾ മുൻപ് കെ മുരളീധരൻ പറഞ്ഞിരുന്നു..
പിന്നീട് രാഷ്ട്രീയത്തിൽ സ്ഥിര ബന്ധുക്കളും ശത്രുക്കളും ഇല്ലെന്ന തത്വം പോലെ നരസിംഹറാവു കരുണാകരനോട് ഇടയുകയും ചാരക്കേസിൽ റാവു മുതലെടുക്കുകയും ചെയ്തു.രാഷ്ട്രീയത്തില്‍ കരുണാകരന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായിരുന്നു ഐ.എസ്.ആര്‍.ഒ. ചാരക്കേസ്. കേസ് വിവാദമായതിനെ തുടര്‍ന്ന് 1995ല്‍ മുഖ്യമന്ത്രിപദം കരുണാകരന് രാജിവെക്കേണ്ടി വന്നു. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയിലെ രണ്ട് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം.
കെ. കരുണാകരനെക്കൂടി ലക്ഷ്യമിട്ട് നടപ്പാക്കിയ ഐ.എസ്.ആര്‍.ഒ. ചാരവൃത്തി ഗൂഢാലോചനയില്‍ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനൊപ്പം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലുള്ളവരും പങ്കാളികളായെന്ന് കെ. മുരളീധരന് വെളിപ്പെടുത്തി.”ഈ ജന്മത്ത് അയാളെ വിശ്വസിക്കാന്‍ കൊള്ളില്ല” എന്നാണ് കരുണാകരന്‍ റാവുവിനെക്കുറിച്ച് പറഞ്ഞത്. താന്‍ കൊണ്ടുവന്ന പ്രധാനമന്ത്രി തന്നെ കൈവിട്ടുവെന്നും പറഞ്ഞിരുന്നു..അക്കാലത്ത് റാവുവിനെ നേരിട്ടു കണ്ട് ചില എം. പിമാര്‍ ചാരക്കേസ് വിശദീകരിച്ചിരുന്നു. ഒരുമണിക്കൂര്‍ സംസാരിച്ചുകഴിഞ്ഞിട്ടും തനിക്കൊന്നും മനസിലായില്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. പക്ഷേ ഇങ്ങനെ പറഞ്ഞ നരസിംഹറാവു ഒരാഴ്ച കഴിയുംമുന്‍പ് കരുണാകരന്റെ രാജി ആവശ്യപ്പെട്ടു.
കരുണാകരനെ കുടുക്കാന്‍ ഒടുവില്‍ കിട്ടിയ ആയുധമായിരുന്നിരിക്കാം ചാരക്കേസ്. കരുണാകരനെതിരെ ഉയര്‍ന്ന പ്രധാന കേസുകളായ തട്ടില്‍ എസ്‌റ്റേറ്റ് കേസ്, രാജന്‍ കേസ്, പാമോലിന്‍ കേസ്, ചാരവൃത്തി എന്നിവയ്‌ക്കെല്ലാം പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസമായിരുന്നു. സ്വന്തം പോസ്റ്റില്‍ നിന്നുതന്നെയായിരുന്നു ഗോളുകള്‍ വന്നത്. പ്രതിപക്ഷം പിന്നീട് ഇവയൊക്കെ ഏറ്റെടുത്തു.രാജന്‍ കേസിന്റെ കാലത്തും പാര്‍ട്ടി പിളര്‍ന്ന സന്ദര്‍ഭത്തിലും തീരുമാനമെടുക്കുംമുന്‍പ് അച്ഛന്‍ കുടുംബത്തിനുള്ളില്‍ ചര്‍ച്ച ചെയ്തിരുന്നു.രാജന്‍ കേസില്‍പെട്ട് മുഖ്യമന്ത്രിപദം രാജിവെച്ച നിമിഷവും രാജന്‍ ജീവിച്ചിരിപ്പുണ്ട് എന്നു തന്നെയാണ് കരുണാകരന്‍ കരുതിയത്. ” ഒരു പക്ഷേ എന്റെ രാജിയോടുകൂടി ആ കുട്ടി പുറത്തുവരുമായിരിക്കും ” എന്ന് അദ്ദേഹം പറഞ്ഞത് ഓര്‍മയുണ്ട് എന്ന് മുരളി നമ്പി നാരായണന് നല്കിയ ഒരു സ്വീകരണ യോഗത്തിൽ പറഞ്ഞിരുന്നു.
കെ കരുണാകരന്റെ രാജി ചാരക്കേസില്‍ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു. ചാരക്കേസില്‍ കരുണാകരന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല.തനിക്കത്തിനു കഴിയുമോ അന്ന് താന്‍ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.പക്ഷെ ഇപ്പോഴത്തെ പ്രസ്താവനക്ക് ഘടക വിരുദ്ധമായി ഉമ്മനചന്ദി വ്യക്തമായി കരുണാകരൻ രാജിവെക്കണമെന്ന് പറയുന്ന വീഡിയോ ഒരു ചാനൽ പുറത്തു വിട്ടിരുന്നു.ഇതൊക്കെ കാണുമ്പോൾ എന്താണ് രാഷ്ട്രീയത്തിലെ ധാർമികത എന്നാലോചിച്ചു പോകുകയാണ്.ഉത്തരേന്ത്യയില്‍ ഒരു തീവണ്ടി പാളം തെറ്റിയപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ച അന്നത്തെ റെയില്‍വേമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാകാം ഒരുപക്ഷെ ധാര്‍മ്മികതയുടെ കൈത്തിരി ആദ്യമായി തെളിയിച്ച രാഷ്ട്രീയക്കാരന്‍ .
മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിനെ തോളില്‍ കിടന്ന രണ്ടാംമുണ്ട് നിലത്തുവീണതിനോട് ഉപമിച്ച പട്ടം താണുപിള്ള ഇരുന്ന കസേരയിലാണ് ഉമ്മന്‍ ചാണ്ടി കടിച്ചു തൂങ്ങുന്നത്.അടിയന്തിരാവസ്ഥക്കാലത്ത് രാജന്‍ കേസില്‍ പ്രൊഫ.ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന പരാമര്‍ശമുണ്ടായപ്പോള്‍ മുഖ്യന്ത്രിയായതിന്റെ മുപ്പതാം നാള്‍ കെ.കരുണാകരന്‍ രാജിവച്ചു.
എന്നാല്‍ കേരളത്തെ ഞെട്ടിച്ച ഒരു സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ സൂത്രധാരക സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന സത്യം തെളിവുകള്‍ സഹിതം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒളിച്ചുകളിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെറ്റായ ഒരു കീഴ്‌വഴക്കത്തിന് തുടക്കം കുറിക്കുകയാണ്.ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ്(?) സംഘടിപ്പിച്ചെടുത്ത ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ സംരക്ഷണകേന്ദ്രമാണെന്ന് ഇന്ന് ലോകം പരിഹസിക്കുന്നത് കാണുന്നില്ലേ?പ്രിയ മുഖ്യമന്ത്രീ താങ്കള്‍ നഗ്നനാണ്
Post Your Comments