Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Prathikarana Vedhi

പാലിയേക്കര ടോള്‍ പ്ലാസയുടെ സമാന്തര റോഡിലൂടെയുള്ള ഹരി റാമിന്റെ യാത്രയുമായി ബന്ധപ്പെട്ട് ഹരിതന്നെ സാക്ഷ്യപ്പെടുത്തുന്ന വേദനിപ്പിക്കുന്ന അനുഭവങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും

എല്ലാവര്‍ക്കും നമസ്‌കാരം,
പാലിയേക്കര ടോള്‍ പ്ലാസയുടെ സമാന്തര റോഡിലൂടെ ഞാനും എന്റെ കുടുംബവും ജനുവരി 7 രാത്രി 10 മണിക്ക് ശേഷം പോയ സമയത്തു ഡി.വൈ.എസ്.പി രവീന്ദ്രന്‍ സാറിന്റെ വക സ്‌പെഷ്യല്‍ നിയമ ക്ലാസും, എന്നെയും കുടുംബത്തെയും അപമാനിച്ചതും നിങ്ങളെല്ലാം കണ്ടതാണല്ലോ.
അതിനെ അനുകൂലിച്ചും, എതിര്‍ത്തും പലരും രംഗത്ത് വന്നു. എന്തിന് ആ വഴി പോയി, ടോള്‍ കൊടുത്തു പൊക്കൂടെ എന്ന് നിങ്ങള്‍ അടക്കം ചിന്തിച്ചുകാണുമെന്ന് എനിക്കറിയാം. അതിന്റെ കാരണം ഞാന്‍ പറഞ്ഞതാണ്. എങ്കിലും ഒന്നൂടെ പറയാം. ടോള്‍ പ്ലാസയില്‍ ടോള്‍ കൊടുത്തു പോയിക്കൊണ്ടിരുന്ന ആളാണ് ഞാന്‍.

ഒരു രാത്രി 15 മിനുട്ടില്‍ അധികം അവിടെ ടോള്‍ അടക്കാന്‍ ക്യൂ നില്‍ക്കേണ്ടി വന്നു. ടോള്‍ പ്ലാസയില്‍ ഒരു നിയമം ഉണ്ട്, 55 സെക്കന്‍ഡില്‍ 5 വണ്ടി വിടണം എന്ന്. അല്ലാത്തപക്ഷം ടോള്‍ ഗേറ്റ് തുറന്ന് മറ്റുള്ള വണ്ടികളെ വിട്ട് ട്രാഫിക് ബ്ലോക്ക് ഒഴിവാക്കണം എന്ന്. ഇത് ഞാന്‍ ചോദിച്ചപ്പോള്‍, എന്നോട് അവിടെയുള്ള ജീവനക്കാര്‍ തട്ടിക്കയറി. ടോള്‍ അടച്ചു പോവാന്‍ നിര്‍ബന്ധിച്ചു. പോലീസ് സഹായം ആവശ്യപ്പെട്ട എന്നോട് പോലീസ്‌കാര്‍ പറഞ്ഞത് ആണ് തമാശ. നീ വേണേല്‍ ടോള്‍ അടച്ചിട്ടു പോടാ എന്ന്. ഇതിനെതിരെ ടോള്‍ പ്ലാസയുടെ കംപ്ലൈന്റ്‌റ് ബുക്കില്‍ ഞാന്‍ പരാതി നല്‍കിയിരുന്നു. അതിന്മേല്‍ ഒരു നടപടി ഉണ്ടാവും വരെ ഞാന്‍ ടോള്‍ അടക്കില്ല എന്നു ആണയിട്ടു പറഞ്ഞിട്ടാ ഞാന്‍ അന്ന് രാത്രി 11 മണിക്ക് അവിടം വിട്ടത്.

അപ്പൊ കാര്യത്തിലേക്ക് വരാം. രവീന്ദ്രന്‍ സര്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെല്ലാം വിഡിയോയില്‍ കണ്ടതാണ്. അന്ന് ഈസ്റ്റ് കോസ്റ്റ് എന്റെ ദുരനുഭവം പ്രസിദ്ധീകരിക്കുകയും വീഡിയോ ഇടുകയും ചെയ്തിരുന്നു. അത് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും എല്ലാ മാധ്യമങ്ങളിലും വാര്‍ത്ത വരികയും സംഭവം വിവാദമാകുകയും ചെയ്തിരുന്നു.

ഞാന്‍ ഡി വൈ എസ് പി ക്കെതിരെ ജനുവരി 8നു പരാതി കൊടുത്തു. ജനുവരി 10 ഞായറാഴ്ച, എന്റെ സ്റ്റേറ്റ്‌മെന്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ് ബാബു സര്‍ വീട്ടില്‍ വന്നു എടുക്കുകയും, അന്ന് രാത്രി തന്നെ എസ്.പി. കാര്‍ത്തിക്ക് സാറിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്നുകണ്ട് നേരിട്ട് സ്റ്റേറ്റ്‌മെന്റ് കൊടുത്തിരുന്നു. ജനുവരി 12 ആം തിയ്യതി വരെ നടപടി ഒന്നും ഉണ്ടാവാത്തതിനാല്‍, തിരുവനന്തപുരത്ത് ഉള്ള ഒരു സുഹൃത്ത് പറഞ്ഞ പ്രകാരം, ആഭ്യന്തരമന്ത്രിയുടെ മൊബൈല്‍ ആപ്പ്‌ളിക്കേഷനില്‍ പരാതി അയച്ചു. അതിന്റെ ഭാഗമായി രവീന്ദ്രന്‍ സാറിനെ കാസര്‍ക്കോടെക്ക് ജനുവരി 12ാം തിയ്യതി താല്‍ക്കാലികമായി സ്ഥലം മാറ്റുകയും അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന പക്ഷം മേല്‍നടപടി ഉണ്ടാവും എന്നും രമേശ് ചെന്നിത്തല എന്ന കേരള ആഭ്യന്തരമന്ത്രി ഉറപ്പ് (ഫേസ്ബുക്കിലൂടെ) പറഞ്ഞിരുന്നു.

എന്നാല്‍ 18 ദിവസം പോലും തികയാതെ, അദ്ദേഹം തിരിച്ച് തൃശ്ശൂരില്‍ തന്നെ എത്തിയതും നിങ്ങള്‍ എല്ലാം കണ്ടല്ലോ. അത് വരെ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ ഭാഗത്തു തെറ്റുണ്ട് എന്ന് റിപ്പോര്‍ട്ട് പുറത്ത് വരുമെന്നും, അദ്ദേഹത്തെ കൊണ്ട് , (പേരിനെങ്കിലും) ഒരു ക്ഷമാപണം വാക്കാലെങ്കിലും നടത്താന്‍ മന്ത്രി പറയും എന്നൊക്കെ ഞാന്‍ കരുതി. എന്നാല്‍ നമ്മുടെ മുഖത്ത് നോക്കി കളിയാക്കി ചിരിക്കും പോലെ ആണ്, അദ്ദേഹത്തെ തിരിച്ചു തൃശ്ശൂരിലെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആയി നിയമിച്ചപ്പോ തോന്നിയത്.

രാഷ്ട്രീയം മറന്ന്, ജാതി മത വികാരങ്ങള്‍ മാറ്റിവച്ച്, എല്ലാ നല്ലവരായ കേരളീയരും എന്റെയും കുടുംബത്തിന്റെയും ഒപ്പം നിന്നതില്‍ വളരെ സന്തോഷം ഉണ്ട്. എന്നാല്‍, ഇന്ന് എല്ലാ കാര്യത്തിലും ഇടപെടേണ്ട, എല്ലാറ്റിലും ഇടപെടുന്ന രാഷ്ട്രീയക്കാര്‍ ഒരാളും ഇതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. സരിതയെ വിളിക്കാനും, സരിതയെ വിളിച്ചവരെ തിരിച്ചു തെറി വിളിക്കാനും ഒക്കെ അല്ലെ അവര്‍ക്കു സമയമുള്ളൂ. രണ്ടു ദിവസം മുന്നേ ഈ വിഷയത്തില്‍ ബിജെപിയുടെ കേരള പ്രസിഡന്റ് ശ്രീ.കുമ്മനം രാജശേഖരന്‍ മാത്രമാണ് ഒരു സ്വരം പുറപ്പെടുവിച്ചത്.

എടുത്തു പറയേണ്ട വേറൊരു കാര്യം, ഡി.വൈ.എസ്.പി യെ കാസര്‍ക്കോടെക്ക് സ്ഥലം മാറ്റിയ സമയത്ത്, ത്രിശ്ശൂരിലെ പൗരാവലി (70 സംഘടനകള്‍ അടങ്ങുന്ന ഒരു വല്ല്യ ടീം) എനിക്ക് ഒരു സ്വീകരണം തൃശ്ശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നല്‍കി. പഴയ നക്‌സല്‍ ആയ വേണു ഏട്ടന്‍ ആണ് പുരസ്‌കാരം നല്‍കിയത്. ജെയിംസ് മുട്ടിക്കല്‍ ആയിരുന്നു അധ്യക്ഷന്‍. അന്ന് ആം ആദ് മി പാര്‍ട്ടിയില്‍ ഉള്ള പലരെയും പരിപാടിയില്‍ പരിചയപ്പെട്ടു. അവരെല്ലാം, രാഷ്ട്രീയം മറന്ന്, എന്റെയും കുടുംബത്തിന്റെയും കൂടെ നിന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. ഈ പറഞ്ഞ പൗരാവലി, ഡി.വൈ.എസ്.പി യെ തിരിച്ചു കൊണ്ടുവന്നതില്‍, തൃശ്ശൂരില്‍ ഒരു പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങള്‍ കാരണം എനിക്കതില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ അതിയായ ദുഃഖം ഉണ്ട്. സാധാരണ പൗരന്റെ വിഷമം മനസ്സിലാക്കാന്‍ ഇന്ന് അധികം രാഷ്ട്രീയക്കാരെ കിട്ടില്ല. കാരണം അവരെല്ലാം ഒന്നുകില്‍ അഴിമതിക്കാര്‍ ആവും, അല്ലെങ്കില്‍ കള്ളന് കഞ്ഞി വക്കണ ടീം ആവും. ആം ആദ് മി പാര്‍ട്ടി പ്രവര്‍ത്തകര്‍, (പാര്‍ട്ടി നിലപാട് പറഞ്ഞിട്ടില്ല), ബിജെപി നേതൃത്വം എന്നിവരൊക്കെ ഈ വിഷയത്തില്‍ നേരിന്റെ ഭാഗത്ത് നില്‍ക്കുന്നത് നമുക്കൊക്കെ ആശ്വാസമാണ്.
ഇടത്,വലത് പാര്‍ട്ടികളില്‍ നിന്നും ഇതിനെ പറ്റി ഒരു വാക്കു പോലും കേട്ടില്ല എന്നത് സാധാരണ ജനങ്ങളില്‍ സംശയം ഉളവാക്കുന്നു. ഈ പറയുന്ന പാലിയേക്കര ടോള്‍ പ്ലാസ, പല ഉയര്‍ന്ന രാഷ്ട്രീയക്കാരുടെ ബിനാമികളുടെ ആണെന്ന് പലരും വിവരം തന്നെങ്കിലും, ആര്‍ക്കും അതിന്റെ രേഖകള്‍ തരാന്‍ വയ്യ. കഷ്ടം തന്നെ.

ഇനി, വേറെ ഒരു കാര്യം, ഈ പറയുന്ന രവീന്ദ്രന്‍ സര്‍, നല്ല മനുഷ്യന്‍ ആണെന്നും, ടോള്‍ പ്ലാസക്ക് എതിരെ ശബ്ദം ഉയര്‍ത്തിയ ആളാണെന്നും, സ്വന്തമായി ഒരു വണ്ടി ഇല്ലാത്ത ആളാണെന്നും എന്നെ വിളിച്ചു അറിയിച്ച(പേര് വ്യക്തമാക്കുന്നില്ല) വിരലില്‍ എണ്ണാവുന്ന, വ്യക്തികള്‍ക്ക് നന്ദി. ഈ വ്യക്തികള്‍ എല്ലാം എനിക്ക് ഒരു ഉപദേശം കൂടെ തന്നിട്ടുണ്ട്, ആ സമാന്തര പാത വഴി അധികം പോണ്ട, ആ വഴി അത്ര ശെരി അല്ല, അവിടെ വച്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ ആയുധവുമായി പിടിച്ചിട്ടുണ്ട്.(ഈ പറഞ്ഞ വ്യക്തി എസ്ഡിപിഐക്കാരന്‍ ആണെന്ന് വെളിപ്പെടുത്തിയിട്ടാണ് ഈ കാര്യം പറഞ്ഞത് എന്നുകൂടെ അറിയിക്കട്ടെ). അതെ പോലെ സ്വര്‍ണ്ണ കടത്തു നടക്കുന്ന സ്ഥലം ആണ് എന്നൊക്കെ ആണ് അവര്‍ തന്ന വിവരങ്ങള്‍. അങ്ങനെ എങ്കില്‍ അവിടെ നിര്‍ബന്ധമായും പൊലീസ് ചെക്കിങ് വേണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നിങ്ങള്‍ എന്ത് പറയുന്നു? അവിടെ ഒരു പോലീസ് ചെക്ക് പോസ്റ്റ് വരണം എന്ന് എനിക്ക് തോന്നുന്നു. അല്ലെങ്കില്‍ ആ വഴി പോവുന്ന സാധാരണ ജനങ്ങള്‍ അക്രമിക്കപ്പെട്ടേക്കാം എന്ന് ഞാന്‍ ഭയക്കുന്നു.നിങ്ങളോടു എല്ലാവരോടും ഒരിക്കല്‍ കൂടെ നന്ദി പറയട്ടെ. ഇത് എന്റെ മാത്രം ഒരു സ്വകാര്യ പ്രശ്‌നം ആയി കാണാതെ, സമൂഹത്തിലെ സാധാരണക്കാരന്റെ പ്രശ്‌നം ആയി ഏറ്റെടുത്ത നിങ്ങള്‍ക്കെവര്‍ക്കും എന്റെ വിനീതമായ കൂപ്പുകൈ..
ജയ് ഹിന്ദ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button