Vaayanakkaarude Kathukal

കാട് കത്തുന്നു നാട്ടാരേ…

രശ്മി രാധാകൃഷ്ണൻ 

ഇടുക്കി മൂലമറ്റം നടുക്കനിയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി കാടിൻ ആരോ തീയിട്ടിരിയ്ക്കുകയാണ്..വനം വകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറയുമ്പോൾ ” ഉടൻ ആക്ഷൻ” എന്ന പതിവ് ‘നടപടിയില്ലാ മറുപടി’ അല്ലാതെ ഒന്നും സംഭവിക്കുന്നില്ല.ബൈസണ്‍ വാലിയിലും,മൂന്നാർ ഗാപ് റോഡിലുമൊക്കെ ഇതു തന്നെ അവസ്ഥ..വേനൽ വരവറിയിച്ചുകഴിഞ്ഞു…വേനൽ കത്തിയ്ക്കാനുള്ളതാണെന്ന ബോധം ആരുനൽകുന്നതാണ്? പുല്‍മേടുകളും കാടുകളും കത്തുകയാണ്..ജലാശയങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്ന, ചൂടുകൊണ്ട് ഉരുകുന്ന നാട്ടിലാണ് പച്ചമരങ്ങൾക്ക് തീയിടുന്നത്..മനുഷ്യൻ അവന്റെ ജീവിതപരിസരങ്ങൾ വൃത്തിയാക്കുന്നത് കത്തിയെരിച്ചിട്ടാണത്രേ..സഹജീവികളുടെ ശ്മശാനം തീർത്തിട്ടാണത്ത്രെ അവന്‍ ശുചിനഗരം പണിയുന്നത്.
വേനൽ തുടങ്ങിയാൽ കാണാം പൊന്തക്കാടുകൾ പുല്‍മേടുകൾ കാടുകൾ മേടുകൾ തീയിടുന്ന കാഴ്ച്ച..പൊന്തക്കാടുകളിൽ വസിക്കുന്ന പക്ഷികളുടെ പ്രജനന കാലമാണ്. ചിറകുകരിഞ്ഞു വീഴുന്ന പക്ഷികൾക്കൊപ്പം അവയുടെ വരും തലമുറ കൂടി ഇല്ലാതാവുന്നു.കാട്ടുമുയലുകളും അവയുടെ മാളത്തിലെ കുഞ്ഞുങ്ങളും കത്തിക്കരിയുന്നു. കേഴമാനുകളും കാട്ടുപന്നികളും പരക്കം പായുന്നു.എങ്ങോട്ട്?ഇതുങ്ങളെയൊക്കെ ഓടിച്ചുവിട്ടിട്ടാണോ മനുഷ്യൻ ഇവിടെ സുരക്ഷിതനായിക്കഴിയാൻ പോകുന്നത്?ഇല്ലാതാവുന്നതും ഇല്ലാതാക്കുന്നതുമായ കണക്കെടുപ്പുകൾക്കിടയിൽ മനുഷ്യവംശം സ്വയം ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു..സ്വന്തം ചിതയൊരുക്കിക്കൊണ്ടിരിയ്ക്കുന്നു.
അന്വേഷിയ്ക്കാം അല്ലെങ്കിൽ നടപടിയെടുക്കാം എന്നൊക്കെയുള്ള വാഗ്ദാനങ്ങളുടെ പൊള്ളത്തരം മനസ്സിലാവുമ്പോഴേയ്ക്കും കാട് കത്തിയമര്‍ന്നിട്ടുണ്ടാവും..എല്ലാം നമുക്ക് മാത്രം എന്ന സ്വാർത്ഥത തന്നെയാണ് മനുഷ്യന്‍റെ നാശത്തിന് ആമുഖം എഴുതിയത്..ഈ സഹജീവികളുടെ കൂടെ കരുണയിലാണ് സ്വന്തം നിലനില്‍പ്പെന്ന് മനുഷ്യൻ ഇനി എന്ന് തിരിച്ചറിയാനാണ്.

fire 2

shortlink

Post Your Comments


Back to top button