പാലക്കാട്: നൂറണിയില്‍ കൃത്രിമ വസ്തുക്കളുപയോഗിച്ച് ചായപ്പൊടി ഉണ്ടാക്കി വില്‍പ്പന നടത്തുന്ന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ മായം ചേര്‍ത്ത അഞ്ച് ടണ്‍ ചായപ്പൊടി പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ചായപ്പൊടി വില്പ്പനക്കാരന് മുഹമ്മദ് ഇഖ്ബാലിനെ കസ്റ്റഡിയിലെടുത്തു.
സംസ്ഥാന വ്യാപകമായി മായം ചേര്‍ന്ന ചായപ്പൊടി വിതരണം നടത്തിയ സംഘത്തിലെ പ്രധാനിയാണ് പാലക്കാട് സ്വദേശിയായ ഇഖ്ബാലെന്ന് അധികൃതര്‍ പറഞ്ഞു. ഫാക്ടറികളില്‍ നിന്നും കടകളില്‍ നിന്നും ഒഴിവാക്കുന്ന ചായപ്പൊടി മാലിന്യത്തിനൊപ്പം കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്തായിരുന്നു ചായപ്പൊടി നിര്‍മ്മാണം. നൂറണിയില്‍ വാടകയ്ക്കെടുത്ത വീട്ടില്‍ ജോലിക്കാരെ വെച്ചാണ് ഇത് ചെയ്തിരുന്നത്. മയൂരി, അമൂര്‍ത്ത എന്നീ ബ്രാന്ഡുകളിലായിരുന്നു വില്‍പ്പന.
വൃക്ക, കരള്‍ രോഗങ്ങളുണ്ടാക്കുന്ന അഞ്ച് തരം സിന്തറ്റിക് കളറുകളും രുചി വര്‍ധക വസ്തുക്കളുമാണ് പൊടിയില്‍ ചേര്‍ത്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കിലോയ്ക്ക് 220 രൂപ എന്ന തോതിലായിരുന്നു ചായപ്പൊടി വിറ്റിരുന്നത്. തിരുവനന്തപുരത്തെ ചായക്കടയില്‍ നിന്നും ലഭിച്ച ചായയിലെ രുചി വ്യത്യാസം തോന്നിയ ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ട് നിന്നാണിത് നിര്‍മ്മിക്കുന്നതെന്ന് മനസിലായത്. തിരുവനന്തപുരം മംഗലപുരത്ത് നിന്നും 750 കിലോ ചായപ്പൊടി നേരത്തെ പിടികൂടിയിരുന്നു.
മുഹമ്മദ് ഇഖ്ബാലിന്റെ സഹായി ശ്രീധരനായി അന്വേഷണം നടക്കുകയാണ്. ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍മാരായ ശിവകുമാര്‍, അനില്‍ കുമാര്‍, ഭക്ഷ്യ സുരക്ഷാ ജില്ലാ ഓഫീസര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
Post Your Comments