അബ്ദുല്‍ ലത്തീഫ്
മരിച്ചവൻ മകനാണ്, കൊന്നവനും മകനാണ്. മരിച്ചുവിറങ്ങലിച്ച മകന്റെ തുന്നിക്കെട്ടിയ ശരീരത്തിലും കരുവാളിച്ച മുഖത്തും കെട്ടിപ്പിടിച്ച് അമ്മ പൊട്ടിക്കരയുമ്പോൾ, കൊന്നു കൊലവിളിച്ച മകന്റെ ദുർവ്വിതിയോർത്ത് മറ്റൊരമ്മയും ഹൃദയംപൊട്ടി വിലപിക്കുന്നുണ്ടാവും. കൊന്നൂ, മരിച്ചൂ എന്ന വിത്യാസം മാത്രമേയുള്ളൂ, രണ്ടു മാതാക്കളുടേയും ദുഃഖം ഒന്നുതന്നെയാണ്, ഒരുപോലെയാണ്. ഒരു മകൻ മറഞുപോകുന്നൂ, മറ്റേമകൻ ഉടഞു പോകുന്നൂ. രണ്ടും തീരാത്ത നഷ്ടംതന്നെ…
ഇന്നു നമ്മുടെ മക്കൾക്കില്ലാത്ത സുഖസൗകര്യങ്ങൾ ഒന്നുമില്ല. അച്ചനും അമ്മയും കൂലിവേല ചെയ്തായാലും, വല്ല അന്യനാട്ടിലോ ഗൾഫിലോ കിടന്നു വെയിലുകൊണ്ടായാലും, ഇനിയതല്ല സർക്കാരുദ്യോഗമോ കച്ചവടമോ വ്യവസായമോ നടത്തിയായാലും, അതുമല്ലങ്കിൽ പാരമ്പര്യ സ്വത്തോ ബാങ്കിലെ പണമോ കൃഷിയോ, ലോണോ മറ്റുവല്ല അരുതാത്ത പ്രവർത്തിയോ നടത്തി ആയാലും മക്കളെ പഠിക്കാൻ അയക്കുന്നൂ, അവർക്കു ആവശ്യത്തിനു പണം നൽകുന്നൂ, നല്ല വസ്ത്രങ്ങൾ നൽകുന്നൂ, മൊബൈലും കമ്പ്യൂട്ടറും ബൈക്കും കാറും എടുത്തു നൽകുന്നൂ. ഇല്ലങ്കിൽ മക്കൾ ഏതു ബുദ്ധിമുട്ടുകൾക്കിടയിലുംഎല്ലാം ഒപ്പിച്ചെടുക്കുന്നൂ. നല്ലതാണ് നമ്മുടെ മക്കൾക്കു കൊടുക്കാനും വളർത്താനും നമ്മളല്ലേയുളള്ളൂ. നമ്മളേയും ഇതുപോലെ എന്തെങ്കിലും തന്നല്ലേ നമ്മുടെ വീട്ടുകാരും രണ്ടുകാലിൽ എഴുന്നേറ്റു നിൽക്കാറാകുംവരെ എങ്കിലും വളർത്തിയത്. അതുകൊണ്ട് നമ്മുടെ മക്കളും വളരട്ടേ, നമ്മളേക്കാൾ വിശാലമായ ലോകത്ത് വളർന്നുയർന്ന് പന്തലിക്കട്ടേ…
ആദ്യം മക്കളാണ് ഉണ്ടാവുന്നത്, മക്കൾ ഉണ്ടാവുമ്പോഴാണ് ഒരു പുരുഷനോ സ്ത്രീയോ അച്ചനും അമ്മയും ആകുന്നത്. അതുകൊണ്ട് മക്കൾക്കു തന്നെയാണ് പ്രാധാന്യം. ആ മക്കൾക്കു പിന്നീട് മക്കളുണ്ടാവും, അവരും അച്ചനും അമ്മയുമാകും. അതിനാൽ ഞാനീ പറയുന്ന കാര്യങ്ങൾ ഒട്ടും പക്ഷഭേതം ഇല്ലാത്തതാണ്. അച്ചന്റേയും അമ്മയുടേയും ഭാഷയിൽ പറയുന്നതെന്നോ, കുട്ടികളെ കളിയാക്കുന്നതെന്നോ, പരിഹസിക്കുന്നതെന്നോ ഉള്ള വിരോധം ഇതു വായിക്കുന്ന ആർക്കും വേണ്ട. ആകാത്തവർ ഇനി അച്ചനും അമ്മയും ആകുമെങ്കിലും നിലവിൽ നമ്മളെല്ലാം മക്കളാണ്, നമ്മളെപ്പോഴും മക്കൾ ആയിരിക്കയും ചെയ്യും. അതുകൊണ്ടിതു മക്കളുടെ കാര്യമാണ്..
ഒരച്ചനുമമ്മയും തങ്ങളുടെ മക്കളെ തുന്നിക്കെട്ടിയ ശവമായ് വെള്ളത്തുണിയിൽ പൊതിഞ് ഉമ്മറത്തു വച്ചിരിക്കുന്നത് കാണാൻ ആഗ്രഹിക്കില്ല. കൈയ്യുംകാലും പ്ലാസ്റ്ററിട്ടോ വെട്ടും തുന്നും ഇട്ടോ ആശുപത്രിയിൽ കിടക്കുന്നതുപോലും അവർക്കു സഹിക്കില്ല. അവരെ കൈയ്യിൽ വിലങ്ങുവച്ചോ, നിരന്നു നിൽക്കുന്ന പത്രത്താളിലോ, ഇരുമ്പഴിക്കുള്ളിലോ, തൂക്കുമരത്തിന്റെ ചുവട്ടിലോ കാണാൻ ആഗ്രഹിക്കില്ല, ആ മനസ്സുകൾ തകർന്നുടഞുപോകും. അതിനി വാഹനാപകടം ആയാലും വെള്ളത്തിൽ വീണായാലും ജോലിക്കിടയിൽ ആയാലും, സ്വയം അപകടപ്പെടുത്തിയതായാലും, കൂട്ടുകൂടി തല്ലുണ്ടാക്കി ആയാലും, രാഷ്ട്രീയ അക്രമമായാലും, മോഷണമോ, ഒണ്ടിയോ, കള്ളപ്പണമോ, മയക്കുമരുന്നോ ആയാലും, പശുപാല മാംസ കച്ചവടമായാലും മാംസത്തിന് പെൺകൊടികളെ കടിച്ചുകീറിയതായാലും ജാതിമത വെറിപുണ്ടിട്ടായാലും കലാപമോ ആക്രമണമോ ആയാലും മതവാതമോ തീവ്രവാതമോ രാജ്യദ്രോഹമോ ആയാലും എല്ലാംഎല്ലാം ഒന്നുപോലെയാണ്. കെല്ലന്നതും കൊല്ലപ്പെടുന്നതും അക്രമിക്കപ്പെടുന്നതും അക്രമി ആകുന്നതും കള്ളനാവുന്നതും കള്ളം പറയുന്നവനാകുന്നതും എല്ലാം മക്കളാണ്. വേദനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന മക്കൾ…
പഠിക്കാനോ കളിക്കാനോ ജോലിക്കോ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന മകനോട് നീ മറ്റവന്റെ കയ്യുംകാലും തല്ലിയൊടിച്ച് ഇഞ്ചിഞ്ചായി കൊന്നേക്കണം എന്നു പറയുന്ന മാതാപിതാക്കൾ ഉള്ളതായി നമ്മുക്ക് സങ്കൽപ്പിക്കാൻ പോലും ആകില്ല. മറ്റേ പാർട്ടിക്കാരനെ വെട്ടിവെട്ടി കൊന്നാലേ നീ പോരാളിയാവൂ എന്നും അവർ പറയില്ല. ദൈവത്തേയോ മതത്തേയോ ആക്ഷേപിച്ചതിന് അന്യമതക്കാരനെ ചുട്ടു കൊല്ലാത്ത നീ വിശ്യാസിയാണോ എന്ന് ഒരിക്കലും മാതാപിതാക്കൾ ചോദിക്കില്ല. അപ്പുറത്തെ വീട്ടിലെ പെൺകൊച്ചിനെ ബലാത്സംഗം ചെയ്ത് ആണത്തം തെളിയിക്കടാ എന്നും അവർ പറയില്ല. നീയിന്നു ബസ്സു തല്ലിപ്പൊട്ടിക്കുന്നതും പോലീസ് ജീപ്പിനും തീയിടുന്നതും ടിയർ ഗ്യാസേറ്റ് കണ്ണുപൊത്തി ഓടുന്നതും അമ്മ ടീവിയിൽ കണ്ടെടാ, നല്ല രസമായിരുന്നൂ, നീ നേതാവാകും എന്നും അവർ അഭിമാനത്തോടെ പറയില്ല. ആ അംബാസിഡറെ തല്ലി താഴെയിട്ടിട്ട് നിന്റേ പേരുമമാത്രം എന്താടാ പത്രത്തിലില്ലാത്തത് എന്ന് അവർ പരിതപിക്കില്ല. ചുംബന സമരത്തിനു തെരുവിൽ പോയ മകൾ തടിച്ചുവീർത്ത ചുണ്ടുമായ് തിരിച്ചുവരുമ്പോൾ പൊന്നുമോളിന്ന് എത്രപേരെ ചുംബിച്ചൂ, എത്രനേരം ചുംബിച്ചൂ നീ അമ്മയേക്കാൾ മിടുക്കിയാണ് എന്ന് അവളോടു പറയാൻ ധൈര്യപ്പെടില്ല. ബീഫ്ഫെസ്റ്റ് നടത്തിയ പങ്ക് എനിക്കുമില്ലേടാ എന്നു ചോദിക്കില്ല. മോൻ ദേശീയ പതാകയെ കത്തിക്കണമെന്നോ, വെടിയേറ്റു മരിച്ച പട്ടാളക്കാരനെ അപമാനിക്കണമെന്നോ ഉപദേശിക്കില്ല. ഏതെങ്കിലും തീവ്രവാത സംഘടനകളിൽ ചേരണമെന്നോ വെട്ടാനും കുത്താനും ബോംബു വയ്ക്കാനും വെടിപൊട്ടിക്കാനും പഠിക്കണം എന്നോ രാജ്യത്തെ നശിപ്പിക്കണമെന്നോ പറഞ് എരിവുകേറ്റി കൊടുക്കില്ല. ഫേസ്ബുക്കിലും വാട്സാപ്പിലും കേറി തെറി വിളിക്കണമെന്നോ, ഇന്നയിന്ന നേതാവിനു like അടിക്കണമെന്നോ പോലും പറഞു കൊടുക്കില്ല…
ഇല്ല, തെറ്റായതൊന്നും മക്കൾ ചെയ്യണമെന്ന് ഒരു മാതാപിതാക്കളും ആഗ്രഹിക്കുന്നില്ല, ഉപദേശിക്കുന്നില്ല പ്രേരിപ്പിക്കുന്നില്ല. എന്നിട്ടും മക്കൾ വഴിതെറ്റുന്നൂ, സമൂഹത്തിൽ ദുഷ്പ്രവണതകൾ നടമാടുന്നൂ,.. എന്തുകൊണ്ട്? പിന്നാരാണ് കുട്ടികളിൽ, വ്യക്തികളിൽ, സമൂഹത്തിൽ വിഷവും വിദ്യേഷവും വിദ്രോഹവും നിറയ്ക്കാൻ കാരണക്കാരാകുന്നത്…ആ ചോദ്യത്തിന് നമ്മൾതന്നെ ഉത്തരം കണ്ടെത്തണം. അതിനുത്തരം കണ്ടെത്താൻ മറ്റാരുടേയെങ്കിലും സഹായംതേടി നമ്മൾ വീണ്ടും ആ തെറ്റുകളുടെ കരയില്ലാ കയത്തിൽ അകപ്പെട്ടു പോകരുത്…
നമ്മൾ പൊതുവായി പറയുന്ന പല്ലവിയാണ് മോൻ കൂട്ടുകൂടിയാണ് ചീത്തയായതെന്ന്. മോളെ കൂട്ടുകാരികൾ പറഞു വഴിതെറ്റിച്ചതാണെന്ന്. സ്വന്തം മക്കളോടു സ്നേഹക്കൂടുതൽ ഉള്ളതിനാൽ ഈ പല്ലവി പറയാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. എന്നാൽ മറ്റു കുട്ടികളെക്കൂടി വഴിതെറ്റിക്കാൻ പോന്നവനാണ് തങ്ങളുടെ മകനെന്നോ മകളെന്നോ നാം ഓർക്കാറില്ല. കൊണ്ടാലും കൊടുത്താലും കരയേണ്ടവരാണ് തങ്ങൾ ഓരോ മാതാപിതാക്കളുമെന്ന് ഓർക്കാറില്ല….
മത പഠനമോ, വേതപഠനമോ, ആരാധനയോ, ആരാധനാലയങ്ങളിൽ പോക്കോ മാത്രമല്ല നല്ല ജീവിതരീതി. അതൊക്കെ നല്ലതിൽ ചിലതുമാത്രം. കുറേ വിദ്യാഭ്യാസം നേടിയതുകൊണ്ടോ പണം സമ്പാദിച്ചതുകൊണ്ടോ ആരും നന്നാകാനും പോകുന്നില്ല. വലിയ കുടുംബത്തിൽ പിറന്നിട്ടോ ഉയർന്ന ബോധം പുലർത്തിയിട്ടോ കാര്യവുമില്ല. വേണ്ടത് നമ്മൾ നല്ല മൂല്യങ്ങൾ കണ്ടെത്തുക എന്നതാണ്. നല്ല സംസ്കാരമുള്ളവനായി സ്വയം തീരുക എന്നതാണ്. നല്ല ജീവിതരീതിയും വാക്കും ഉപയോഗിക്കുക എന്നതാണ്. നല്ലതെന്താണെന്ന് പ്രവർത്തിച്ചു കാണിക്കുക എന്നതാണ്. ഒരു തിന്മ കാണുമ്പോൾ സ്വയം വേദനിക്കുക എന്നതാണ്. സ്വയം വേദന അറിയുന്നവന് അന്യന്റെ വേദന എളുപ്പത്തിൽ മനസ്സിലാകും. സ്വയം ബഹുമാനിക്കുന്നവന് അന്യനെ ബഹുമാനിക്കാൻ തോന്നും….അതുകൊണ്ട് നമുക്ക് പരസ്പരം ബഹുമാനിക്കുന്നവരാകാം, വേദനകൾ അറിയുന്നവരാകാം, പരസ്പരം കാക്കുന്നവരാകാം…കാരണം നമ്മളെല്ലാം മക്കളാണ് ഓരോ മാതാപിതാക്കളുടേയും മക്കൾ, വെറും മക്കൾ മാത്രം…
Post Your Comments