Sports

ആവേശം അവസാന ഓവര്‍ വരെ: പരമ്പര തൂത്തുവാരി ഇന്ത്യ, റാങ്കിങ്ങില്‍ ഒന്നാമത്

സിഡ്‌നി : ആവേശം അവസാന പന്തു വരെ നീണ്ട മത്സരത്തില്‍ ഓസിസിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ട്വന്റി-20 പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണ്ടപ്പോള്‍ വിലപ്പെട്ട ഒരു സിക്‌സും ഫോറും നേടിയ യുവ്‌രാജ് സിങ് തിരിച്ചു വരവ് അവിസ്മരണീയമാക്കി. സ്‌കോര്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ 197/5, ഇന്ത്യ 20 ഓവറില്‍ 200/3. സെഞ്ച്വറി നേടിയ ഓസീസ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സനാണ് കളിയിലെ കേമന്‍. വിരാട് കോഹ്ലി പരമ്പരയുടെ താരമായി.

അഡ്‌ലെയ്ഡിലും മെല്‍ബണിലും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കുയിരുന്നു. 140 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരു ടീം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ അവര്‍ക്കെതിരെ സമ്പൂര്‍ണ ജയം നേടുന്നത്.

ട്വന്റി-20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന ഇന്ത്യ, ഓസിസിനെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളി.
രോഹിത്തിന്റേയും വിരാട് കോഹ്ലിയുടേയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. രോഹിത്ത് 38 പന്തില്‍ നിന്ന് 52 റണ്‍സും, കോഹ്ലി 36 പന്തില്‍ 50 റണ്‍സും നേടി. 25 പന്തില്‍ 49 റണ്‍സ് നേടിയ സുരേഷ് റെയ്‌നയുടെ ഇന്നിങ്‌സും വിജയത്തില്‍ നിര്‍ണായകമായി. ഏകദിന പരമ്പര അടിയറവു വെച്ചതിനു ശേഷമാണ് ടീം ഇന്ത്യയുടെ ഈ തിരിച്ചു വരവ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button