Parayathe Vayya

ആര്‍ഭാടങ്ങളില്‍ മതിമറന്ന വിജയ് മല്യയുടെ അഞ്ചു കോടിയുടെ പിറന്നാള്‍ ആഘോഷം!

പി.ആര്‍ രാജ്

വിശേഷങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതു തന്നെയാണ്. ഒരു സംശയവുമില്ല. പക്ഷേ, ഏതൊരു ആഘോഷത്തിനും പരിധി ഉണ്ടാകണം. ആഘോഷങ്ങളില്‍ മതിമറക്കാതെ സാഹചര്യങ്ങളെക്കുറിച്ചു കുറച്ചെങ്കിലും ബോധവും ഉണ്ടാകണം. പറഞ്ഞുവരുന്നത് അടുത്തിടെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ അഞ്ചുകോടി ചെലവഴിച്ച വിജയ് മല്യയെക്കുറിച്ചാണ്. ഉള്ളവന്‍ ഉള്ളതുപോലെ ചെലവഴിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദ്യം സ്വാഭാവികം. ശരിയാണ്, ഏതൊരു പൌരനെപ്പോലെ വിജയ് മല്യക്കും അതിനുള്ള അവകാശം ഉണ്ട്. പക്ഷെ, അദ്ദേഹത്തെ ആശ്രയിച്ചുകഴിയുന്ന നിരവധിപേരുടെ കണ്ണീരില്‍ ചവിട്ടിനിന്നായിരുന്നു അഞ്ചുകോടി പൊടിച്ചുള്ള ആഘോഷമെന്നതാണ് ഇവിടത്തെ പ്രശ്‌നം.

വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സും യുണൈറ്റഡ് ബ്രൂവെറിസും കാലങ്ങളായി അടഞ്ഞു കിടക്കുകയാണ്. രണ്ടുകമ്പനികളിലെയും തൊഴിലാളികള്‍ക്കു എത്രയോ നാളുകളായി ശമ്പളം ലഭിക്കുന്നില്ല. ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുകയോ നികുതി അടക്കുകയോ ചെയ്യാതെ മുങ്ങി നടക്കുകയാണ് വിജയ് മല്യ എന്നും റിപ്പോര്‍ട്ടുണ്ട്. വരുമാനത്തിനു ആനുപാതികമായ നികുതി അടക്കാത്തതും നികുതി വെട്ടിപ്പ് നടത്തുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമായ ഇന്ത്യയില്‍, നടപ്പുനിയമങ്ങളെല്ലാം അവഗണിച്ചാണു മദ്യവും മദിരാക്ഷികളുമായി വിജയ് മല്യ എന്ന പാവം കോടീശ്വരന്‍ ജീവിക്കുന്നത്. ഗോവയിലെ ആഢംബര വസതിയിലും സമീപമുള്ള താജ് റിസോര്‍ട്ടിലുമായി നടത്തിയ ജന്മദിനാഘോഷത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിവിഐപികളുടെ സാനിധ്യവും പ്രമുഖ ഗായകന്‍ സോനു നിഗം അടക്കമുള്ളവരുടെ കലാപ്രകടനവും അരങ്ങേറിയിരുന്നു. അതിഥികളെ സുഖിപ്പിക്കാനും തീറ്റിക്കാനും കുടിപ്പിക്കാനുമൊക്കെയായി നിരവധി തരുണീമണികളും അണിനിരന്നു. ഇതിനെല്ലാംകൂടി പൊടിച്ചു കളഞ്ഞതാകട്ടെ വെറും അഞ്ചുകോടി.

എന്നാല്‍ കഥ അതല്ല. കിങ് ഫിഷര്‍ എയര്‍ലൈന്‍സിനു കടമായി നല്‍കിയ 400കോടിയാണു അടുത്തിടെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എഴുതി തള്ളിയത്. പതിനേഴ് ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം 6500കോടിയാണ് എഴുതി തള്ളിയത്. രാജ്യത്തെ പൊതുബാങ്കുകളിലായി 4022കോടി രൂപയാണ് വിജയ്മല്യ കടമായി തിരിച്ചടക്കാനുള്ളത്. രാജ്യത്തെ വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും വിജയ് മല്യയെ കരിമ്പട്ടികയിലുള്‍പ്പെടുത്തുകയും ‘മനഃപൂര്‍വം കടം തിരിച്ചടയ്ക്കാത്ത ആളാ’യി പ്രഖ്യാപിക്കുകയും ചെയ്ത നടപടി ഏറെ ശ്രദ്ധേയമാണ്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വത്തുവകകള്‍ ലേലം ചെയ്യാന്‍ എസ്.ബി.ഐ.യുടെ മര്‍ച്ചന്റ് ബാങ്കിങ് വിഭാഗമായ എസ്.ബി.ഐ. ക്യാപ്‌സ് നടപടി തുടങ്ങിയിട്ടുണ്ട് എന്നതും സ്വാഗതാര്‍ഹം തന്നെ.

മല്യ ചെയര്‍മാനായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ബ്രിട്ടീഷ് മദ്യഭീമന്മാരായ ഡിയാജിയോയുടെ കൈവശമാണിപ്പോള്‍. മല്യയില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഈ സാഹചര്യത്തില്‍ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിയണമെന്നും ഡിയാജിയോ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന് ചെവികൊടുക്കാന്‍ മല്യ തയ്യാറായിട്ടില്ലെന്നാണു വിവരം. ഇത്രയേറെ ബാധ്യതയുള്ളപ്പോഴാണു നിയമങ്ങളുടെയും നീതിപീഠങ്ങളുടെയും പൊതുസംവിധാനങ്ങളുടെയും കണ്ണുമൂടിക്കെട്ടി വിജയ് മല്യ നോട്ടുകെട്ടുകളുടെ മേല്‍ അഭിരമിക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരുനേരത്തെ അന്നത്തിനുവേണ്ടി ഭിക്ഷയാചിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു ദരിദ്രനാരായണന്‍മാര്‍ വാഴുന്ന ഇന്ത്യയില്‍ വിജയ് മല്യ പോലുള്ളവരുടെ ഇത്തരം ആര്‍ഭാടങ്ങള്‍ നിയന്ത്രിക്കാന്‍ ഏത് ഭരണകൂടത്തിനാണു സാധിക്കുക?

shortlink

Post Your Comments


Back to top button