Women

വിവാഹ മാർക്കെറ്റിലെ വില്പന ചരക്കുകള്‍

ശ്രീനാഥ് ഇ.ഐ. എരമം

എന്റെ സുഹൃത്തുമായുള്ള സൌഹൃദ സംഭാഷണത്തിനിടയിലാണ് അവള്‍ ഇങ്ങനൊരു കാര്യം പറഞ്ഞത്. “എന്റെ വിവാഹത്തിന് വേണ്ടി ചിലപ്പോള്‍ ബാങ്ക് ലോണ്‍ എടുത്തേക്കാം, പക്ഷെ എന്നെ തുടർന്നു പഠിപ്പിക്കാന്‍ ഒരു ലോണും എടുക്കാന്‍ പോകുന്നില്ല”. ഒരു സാധാരണമായ മറുപടി. എന്നാല്‍ ആ മറുപടിയെ തുടർ ചിന്തകൾക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ മറഞ്ഞിരിക്കുന്ന ഒരുപാട് പെൺകുട്ടികളുടെ കണ്ണുനീര്‍ കാണാന്‍ കഴിഞ്ഞു.

വിവാഹം എന്ന വാക്ക് പെണ്ണിന്റെ ജീവിതത്തിലേക്ക് ചിലപ്പോഴൊക്കെ ഒരു വില്ലനായി കടന്നു വരുന്നത് അവരുടെ വിദ്യാഭ്യാസകാലത്ത് തന്നെയാണ്. പതിനെട്ട് വയസ്സാണ്പെൺകുട്ടികളുടെ വിവാഹ പ്രായം. പതിനെട്ട് തികഞ്ഞാല്‍ നിയമപ്രകാരം വിവാഹം നടത്താനുള്ള അംഗീകാരമുണ്ട്. ഒരുപാട് പെൺകുട്ടികള്‍ പതിനെട്ട് വയസ്സ് തികയുന്നതോടുകൂടി കല്യാണം കഴിപ്പിച് അയക്കപെടുന്നു. ചിലര്‍ അതിനു മുമ്പും. ഇവിടെ തകർന്നടിയുന്നത്, ഇല്ലാതാവുന്നത് അവരുടെ സ്വപ്നങ്ങളാണ്. അവര്‍ പറക്കാന്‍ കൊതിക്കുന്ന കാലത്താണ് നമ്മള്‍ അവരുടെ ചിറകുകള്‍ അറുത്ത് മാറ്റുന്നത്.ചിന്തകള്‍ മുരടിച്, സ്വപ്നങ്ങളെല്ലാം ചുട്ടെരിച് വീടിന്റെ അന്ധകാരങ്ങളിലെക്ക് വലിച്ചെറിയപ്പെട്ട ഒരുപാട് പെൺകുട്ടികള്‍ നമുക്ക് ചുറ്റും ഉണ്ട്.

ചിലര്‍ ഭാഗ്യവതികളാണ്. അവർക്ക് കുറഞ്ഞത് ഒരു നാലോ അഞ്ചോ വർഷം കൂടുതല്‍ പഠിക്കാന്‍ സാധിച്ചു. എന്നാല്‍ അവര്‍ എവിടെ?
എനിക്ക് ഒരുപാട് പെണ്സുഹൃത്തുക്കള്‍ ഉണ്ട്. കൂടുതലും സമപ്രായക്കാര്‍. എല്ലാവരും എഞ്ചിനീയറിംഗോ എം.ബി.ബി.എസ്സോ മറ്റേതെങ്കിലും ബിരുദ കോഴ്സുകളോ ചെയ്യുന്നു. എന്റെ ചോദ്യം ഇതാണ്. ഇതില്‍ എത്രപേര്‍ ഒരു എഞ്ചിനീയര്‍ ആയി ജോലി ചെയ്യും? എത്രപേര്‍ ഒരു ഡോക്ടര്‍ ആയി രോഗികളെ സഹായിക്കും? എത്രപേര്‍ അവരവരുടെ ബിരുദ കോഴ്സുകളുമായി ബന്ധപ്പെട്ട ജോലി ചെയ്യും? വളരെ വിരളം എന്നതാണ് സത്യാവസ്ഥ. പഠിച്ചിറങ്ങുന്ന മറ്റു പെൺകുട്ടികള്‍ എവിടെ? വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണിത്. കൂടുതൽ പേരും എന്തുകൊണ്ട് അവരവരുടെ പഠന വിഷയങ്ങളിൽ നിന്നും അകന്ന്‍ ജീവിക്കുന്നു?

ഈ ലഭിക്കുന്ന ബിരുദ പദവികള്‍ വിവാഹ മാർക്കറ്റിലെ അവരുടെ യോഗ്യത കൂട്ടാൻ വേണ്ടി മാത്രമുള്ളതായി മാറുന്നു. മകൾക്ക് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടെങ്കില്‍ മറ്റൊരു എഞ്ചിനീയറെ വരാനായി ലഭിക്കും. മകള്‍ എം.ബി.ബി.എസ്സ് പാസ്സെങ്കില്‍ മറ്റൊരു എം.ബി.ബി.എസ്സുകാരനെ വരാനായി ലഭിക്കും. ഇതാണ് ഇന്നത്തെ ചിന്താഗതി.
എന്തുകൊണ്ട് സ്വന്തം കുട്ടികളെ കുറിച്ച് ഇന്നത്തെ മാതാപിതാക്കള്‍ ഈ രീതിയില്‍ ചിന്തിക്കുന്നു? വിവാഹ മാർക്കറ്റിലെ വിപണന വസ്തുവാകുന്ന പെൺകുട്ടികളുടെ വില ഇടിയാതെ കാത്തു സൂക്ഷിക്കാനുള്ള യോഗ്യതകളായി മാത്രം ഈ ബിരുദങ്ങള്‍ മാറിപ്പോകുന്നു. അപലപനീയം എന്നല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കുന്നില്ല. സ്വന്തം സ്വപ്നങ്ങളെല്ലാം വീടിന്റെ അകത്തളങ്ങളില്‍ മൂടിവെച്ച് ഒരു അടിമയെപ്പോലെയോ ഒരു വേലക്കാരിയെപ്പോലെയോ ജീവിതം തള്ളി നീക്കുന്ന ഒരായിരം സഹോദരിമാരുടെ ഈ ജീവിതത്തെ കുറിച്ച്.

shortlink

Post Your Comments


Back to top button