കോഴിക്കോട് :14 ഏക്കർ വിസ്തീർണം വരുന്ന ഒരു ചിറ വൃത്തിയാക്കുക എന്നത് ചില്ലറ കളിയല്ല. പക്ഷെ കൊയിലാണ്ടിക്കാരും ചില്ലറക്കാരല്ല .ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തിരിക്കും . അതാണ്..ഇന്ന് കൊല്ലം പിഷാരികാവു ചിറ വൃത്തിയാക്കിയ എല്ലാ സന്നദ്ധ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഇതാണ് കോഴിക്കോടിന്റെ സ്വന്തം കലക്റ്റർ ബ്രോയുടെ ഇന്നത്തെ ഫെയ്സ് ബുക്ക് പോസ്റ്റ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് കുളം വൃത്തിയാക്കിയാൽ ബിരിയാണി വാങ്ങിത്തരാം എന്ന് പൊസ്റ്റിട്ടപ്പോൾ തന്നെ മികച്ച പ്രതികരണമായിരുന്നു അതിൽ നിന്ന് കലക്ടറിനു ലഭിച്ചത്.
സ്വന്തം നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവർക്ക് ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരൾച്ച പ്രതിരോധ ഫണ്ടിൽ നിന്നും കുടിവെള്ള പദ്ധതികൾക്കും ജലസ്രോതസ്സ് സംരക്ഷണത്തിനുമായി അനുവദിച്ച തുകയിൽ ശ്രമദാനമായി കുളം, ചിറ സംരക്ഷണ പ്രവർത്തനങ്ങളിൽ സന്നദ്ധസേവകരുടെ ഭക്ഷണത്തിനും യാത്ര ചെലവിനുമായി ഒരു തുക അനുവദിക്കാൻ വകുപ്പുണ്ട്. പ്രദേശത്തെ 100 ലധികം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന ചിറയോ കുളമോ ആണെങ്കിൽ വൃത്തിയാക്കുന്ന ജോലിക്ക് വേണ്ടി ഒരു പമ്പ് വാടകക്ക് എടുക്കാനും അനുമതിയുണ്ട്. ഒരു പദ്ധതിക്ക് ഈ ഫണ്ടിൽ നിന്നും മൊത്തം ചെലവാക്കുന്ന തുക അമ്പതിനായിരം രൂപയിൽ കൂടരുത് എന്ന് മാത്രം.
ജനുവരി 8 ന് ഇട്ട പോസ്റ്റ് ഇതായിരുന്നു,”താല്പര്യമുള്ള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റസിഡൻസ് അസ്സോസിയേഷനുകളൊ ഉണ്ടെങ്കിൽ ജില്ലാ കളക്ടരുടെ ഓഫീസുമായി ബന്ധപ്പെടുക. നാട്ടുകാർക്ക് ഉപകാരമുള്ള ഒരു കാര്യം. അദ്ധ്വാനം നിങ്ങളുടേത്. ബിരിയാണി സർക്കാരിന്റെ വക.എന്താ ഒരു കൈ നോക്കുന്നോ?”
ഇന്ന് 14 ഏക്കർ വരുന്ന ചിറ വൃത്തിയാക്കിയവർക്ക് ബിരിയാണി റെഡി എന്ന് പറഞ്ഞു കളക്ടറും, കുളം വൃത്തിയാക്കിക്കൊടുത്തു കൊയിലാണ്ടിക്കാരും തങ്ങളുടെ വാക്ക് പാലിച്ചു.
Post Your Comments