CinemaUncategorized

‘ഹോളിവുഡ് മുതല്‍ മോളിവുഡ് വരെ’ ഹോളിവുഡിന് ആ പേര് വന്നതിനെക്കുറിച്ചും, ‘ഹോളിവുഡി’ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പിറവിയെടുത്ത മറ്റു ‘വുഡു’കളെക്കുറിച്ചും.

സംഗീത് കുന്നിന്മേല്‍

ഹോളിവുഡ് എന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട്. എന്നാല്‍ ഹോളിവുഡ് എന്ന പദത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അനേകം ‘വുഡ്’കള്‍ ലോകമെമ്പാടുമായി ഉണ്ട് എന്ന വസ്തുത എത്ര പേര്‍ക്കറിയാം? അതിലേക്ക് വരും മുമ്പ് ഹോളിവുഡിന് ആ പേര് വന്നതിന് പിന്നിലെ അതിശയിപ്പിക്കുന്ന കഥ പറയാം.

ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രജ്ഞരിലൊരാളായിരുന്നു തോമസ് ആല്‍വാ എഡിസന്‍. എന്നാല്‍ എഡിസന്‍ ഒരു പണക്കൊതിയന്‍ കൂടിയായിരുന്നു. ആദ്യകാലത്ത് എഡിസന്‍ കണ്ടുപിടിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു സിനിമാ ചിത്രീകരണങ്ങള്‍ നടത്തിയിരുന്നത്. തന്റെ കണ്ടുപിടുത്തങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുകയും അതുവഴി പണം സമ്പാദിക്കുകയും ചെയ്യുന്നത് കാണുകയും ചെയ്തപ്പോള്‍ അതില്‍ ഒരു പങ്ക് ,തനിക്കും വേണമെന്നായി എഡിസന്റെ വാദം. ചില സിനിമാ നിര്‍മ്മാതാക്കള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായി. എന്നാല്‍ മറ്റു ചില ആളുകള്‍ എഡിസന്റെ ഈ വാദം പാടെ അവഗണിച്ചു എന്നു മാത്രമല്ല സിനിമാചിത്രീകരണം തുടരുകയും ചെയ്തു. അങ്ങനെ ചെയ്തവര്‍ക്കെതിരെ താന്‍ നിയമനടപടി സ്വീകരിക്കും എന്നു പറഞ്ഞിട്ടും അവര്‍ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് എഡിസണ്‍ ഗുണ്ടകളെ വിട്ട് ഷൂട്ടിംഗ് ലൊക്കേഷനും ഉപകരണങ്ങളുമെല്ലാം തല്ലിത്തകര്‍ത്തു.

എഡിസന്റെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ നിര്‍മ്മാതാക്കള്‍ കാലിഫോര്‍ണിയയിലെ ഒരു വിജന ഗ്രാമമായ കാന്‍ഗുഗാ എന്ന പ്രദേശത്ത് എത്തിച്ചേര്‍ന്നു. പ്രകൃതിരമണീയമായ അവിടം നിര്‍മ്മാതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ആ ഗ്രാമത്തില്‍ വൃദ്ധരായ ദമ്പതിമാര്‍ താമസിച്ചിരുന്നു. ഒരിക്കല്‍ അവര്‍ കപ്പല്‍ യാത്രയ്ക്കിടെ ഒരു യുവതിയെ പരിചയപ്പെട്ടു. ആ യുവതിയുടെ പെരുമാറ്റം അവര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. തന്റെ വീട്ടുപേര് ‘ഹോളിവുഡ് ‘ ആണെന്നല്ലാതെ മറ്റൊന്നും ആ യുവതി വൃദ്ധദമ്പതികളോട് വെളിപ്പെടുത്തിയിരുന്നില്ല. കാന്‍ഗുഗാ ഗ്രാമത്തില്‍ തിരിച്ചെത്തിയ അവര്‍ യുവതിയുടെ ഓര്‍മ്മയ്ക്കായി തങ്ങളുടെ വീടിനും ”ഹോളിവുഡ് ” എന്ന് നാമകരണം ചെയ്തു. പിന്നീട് ഈ ഗ്രാമത്തില്‍ വെച്ച് ചിത്രീകരിച്ച സിനിമകളുടെ ടൈറ്റിലില്‍ ‘ഹോളിവുഡില്‍ വെച്ച് ചിത്രീകരിച്ചത്’ എന്ന് കാണിക്കാന്‍ തുടങ്ങി. ഈ സ്ഥലം തേടി ഒട്ടേറെ നിര്‍മ്മാതാക്കള്‍ വന്നു തുടങ്ങിയതോടെ കാന്‍ഗുഗാ തിരക്കേറിയ പ്രദേശമായി മാറി. പില്‍ക്കാലത്ത് ലോകസിനിമയുടെ തന്നെ ശ്രദ്ധാകേന്ദ്രമായി ഹോളിവുഡ് മാറി.

ഇനി ഹോളിവുഡ് എന്ന പദത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ലോകമെമ്പാടുമായിഉണ്ടായ ‘വുഡ്’കള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഉണ്ടായ ‘വുഡ്’കള്‍ പരിചയപ്പെടാം.

ഇഗ്‌ബോവുഡ് :
നൈജീരിയയില്‍ ഇഗ്‌ബോ ഭാഷയില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളാണ് ഇഗ്‌ബോവുഡ് എന്ന ഗണത്തില്‍ പെടുന്നത്.
എത്യേക് വുഡ് :
ഹംഗറിയിലുള്ള എത്യേക് എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ‘കോര്‍ദ ഫിലിം സ്റ്റുഡിയോ’ ആണ് എത്യേക് വുഡ് എന്നറിയപ്പെടുന്നത്.
കമോളിവുഡ് :
കാമറൂണ്‍ ഫിലിം ഇന്റസ്ട്രിയെയാണ് കമോളിവുഡ് എന്ന് വിളിക്കുന്നത്. ഇത് കോളിവുഡ് എന്നും അറിയപ്പെടുന്നു.
കാബൂള്‍വുഡ് :
അഫ്ഗാനിസ്ഥാന്‍ സിനിമാ ലോകത്തെ പ്രതിനിധീകരിക്കുന്ന പേരാണ് കാബൂള്‍വുഡ്. പ്രധാനമായും ദാരി(അഫ്ഗാന്‍ പേര്‍ഷ്യന്‍) ഭാഷയിലുള്ള സിനിമകളാണ് ഇവിടെ നിന്നും പുറത്തിറങ്ങുന്നത്.
കാരിവുഡ് :
പാക്കിസ്ഥാനിലെ കറാച്ചിയിലെ സിനിമാലോകം പൊതുവായി കാരിവുഡ് എന്നറിയപ്പെടുന്നു. പാഷ്‌തോ, ഉര്‍ദു, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലുള്ള സിനിമകള്‍ ഇവിടെ നിന്നും പുറത്തിറങ്ങുന്നു.
കാനിവുഡ് :
നൈജീരിയന്‍ പട്ടണമായ കാനോ ആണ് കാനിവുഡ് എന്ന പദത്തിന്റെ പിറവിക്ക് കാരണമായത്.
കോളിവുഡ് :
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നാണ് കോളിവുഡ് എന്ന പദത്തിന്റെ ഉദ്ഭവം. നേപ്പാളി, ഇംഗ്ലീഷ് ഭാഷകളിലുള്ള സിനിമകളാണ് ഇവിടെ കൂടുതലായും പുറത്തിറങ്ങുന്നത്. മിക്കവാറും കോളിവുഡ് സിനിമകള്‍ ബോളിവുഡ് സിനിമകളുടെ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്.
ഗേല്‍വുഡ് :
ബോട്‌സ്വാനയിലെ ഗേല്‍ കുന്നിനു താഴെയായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഗേല്‍വുഡ് എന്നറിയപ്പെടുന്നത്. ബി.ബി.സിയും, എച്ച്.ബി.ഒയും ചേര്‍ന്നൊരുക്കുന്ന ദി.നമ്പര്‍.വണ്‍.ലേഡീസ്.ഡിറ്റക്റ്റീവ് എജന്‍സി എന്ന ടി.വി സീരീസിന്റെ സെറ്റ് ആണ് ഇവിടം.
ഘളിവുഡ് :
ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ സിനിമാലോകമാണ് ഘളിവുഡ് എന്നറിയപ്പെടുന്നത്.
ചോളിവുഡ് :
ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ സിനിമാലോകം അറിയപ്പെടുന്നത് ചോളിവുഡ് എന്നാണ്.
ചൈനാവുഡ് :
ചൈനീസ് പട്ടണമായ ഹെങ്ദിയനില്‍ ഉള്ള ‘ഹെങ്ദിയന്‍’ വേള്‍ഡ് സ്റ്റുഡിയോ ആണ് ചൈനാവുഡ് എന്നറിയപ്പെടുന്നത്. ചൈനയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കൂടിയാണിത്.
ടേമേല്‍വുഡ് :
അമേരിക്കയിലെ ഒരു സംസ്ഥാനമായ ന്യൂ മെക്‌സിക്കോയിലെ സിനിമാ ഇന്റസ്ട്രിയാണ് ടേമേല്‍വുഡ്.
ട്രോളിവുഡ് :
സ്വീഡനിലുള്ള ട്രോള്‍ഹാട്ടന്‍ മുനിസിപ്പാലിറ്റിയിലുള്ള ‘ഫിലിം ഐ വാസ്റ്റ്’ എന്ന സ്റ്റുഡിയോ ആണ് ട്രോളിവുഡ് എന്നറിയപ്പെടുന്നത്.
ധാളിവുഡ് :
ബംഗ്ലാദേശി സിനിമകള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ദാളിവുഡ്. ബംഗ്ലാദേശിലെ ധാക്കയാണ് ഇതിന്റെ ആസ്ഥാനം.
നോളിവുഡ് :
നൈജീരിയന്‍ സിനിമാലോകമാണ് നോളിവുഡ് എന്നറിയപ്പെടുന്നത്. റിലീസ് ചെയ്യുന്ന സിനിമകളുടെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ ഫിലിം ഇന്റസ്ട്രിയാണിത്. ഇന്ത്യ മാത്രമാണ് ഇക്കാര്യത്തില്‍ നൈജീരിയക്ക് മുന്നിലുള്ളത്. കാനഡയിലുള്ള പ്രദേശമായഒന്റാറിയോയിലെ സിനിമാലോകത്തിനും നോളിവുഡ് എന്ന പേര് തന്നെയാണുള്ളത്.
പഷ്തുവുഡ് :
പാക്കിസ്ഥാനിലെ പെഷവാര്‍ ആസ്ഥാനമായ സിനിമാലോകമാണ് പഷ്തുവുഡ്. പഷ്തു, ഉര്‍ദു ഭാഷകളിലുള്ള സിനിമകളാണ് ഇവിടെ നിന്നും പുറത്തിരങ്ങുന്നത്.
പഹാരിവുഡ് :
പാക്കിസ്ഥാനിലെ പോഠോഹാര്‍ പ്രവിശ്യയിലെ ചലച്ചിത്രലോകമാണ് പഹാരിവുഡ്.
പൈന്‍വുഡ് :
ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം ഷെയറിലാണ് പൈന്‍വുഡ് സ്റ്റുഡിയോസ് സ്ഥിതി ചെയ്യുന്നത്. പരിസരത്തെ പൈന്‍ മരങ്ങളുടെ സാന്നിദ്ധ്യം മൂലമാണ് ഈ പേര് വന്നത്.
ബുലാവുഡ് :
ഫിജിയിലെ സിനിമാലോകത്തിന് നല്‍കിയിരിക്കുന്ന പേരാണ് ബുലാവുഡ്. ‘ഫിജി’ ഭാഷയില്‍ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന പദമായ ‘ബുലാ’ എന്ന വാക്കില്‍ നിന്നുമാണ് ‘ബുലാവുഡി’ന്റെ ജനനം.
മോളിവുഡ് :
വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലുമുള്ള ‘മോര്‍മോണ്‍’ സമുദായത്തില്‍ നിന്നുമാണ് മോളിവുഡ് എന്ന വാക്കിന്റെ ഉദ്ഭവം.എല്‍.ഡി.എസ് സിനിമ അല്ലെങ്കില്‍ മോറോണ്‍ സിനിമ എന്നാണ് ഇവിടെ നിന്നും നിര്‍മ്മിക്കുന്ന ചലച്ചിത്രങ്ങള്‍ അറിയപ്പെടുന്നത്.
യോറുവുഡ് :
നൈജീരിയയിലെ ഒരു സിനിമാ ഇന്റസ്ട്രിയാണിത്. ‘യൊറുബ’ എന്ന നൈജീരിയന്‍ ഭാഷയിലുള്ള സിനിമകളാണ് യോറുവുഡില്‍ നിന്നും പുറത്തിറങ്ങുന്നത്,
ലോളിവുഡ് :
പാക്കിസ്ഥാനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനിമാലോകമാണ് ലോളിവുഡ്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ സിനിമാ ഇന്റസ്ട്രിയാണിത്.
വാലിവുഡ് :
യൂറോപ്പ്യന്‍ രാജ്യമായ വേല്‍സില്‍ സ്ഥിതി ചെയ്യുന്ന ‘ഡ്രാഗണ്‍ ഇന്റര്‍നാഷണല്‍’ ഫിലിം സ്റ്റുഡിയോസ്’ ആണ് വാലിവുഡ് എന്നറിയപ്പെടുന്നത്.
വെല്ലിവുഡ് :
ന്യൂസിലാന്റിലെ നഗരമായ വെല്ലിംഗ്ടണില്‍ നിന്നും പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങളെയാണ് പൊതുവായി വെല്ലിവുഡ് എന്ന പേര് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
സൊമാലിവുഡ് :
സൊമാലിയയില്‍ നിന്നുമുള്ള സിനിമകളെ സൂചിപ്പിക്കാനാണ് ‘സൊമാലിവുഡ്’ എന്ന പദം ഉപയോഗിക്കുന്നത്. ഈ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത് സൊമാലി ഭാഷയിലാണ്.
സോളിവുഡ് :
സൗത്ത് ആഫ്രിക്കന്‍ സിനിമാലോകം അറിയപ്പെടുന്നത് സോളിവുഡ് എന്ന ഓമനപ്പേരിലാണ്.
സ്വാഹിലിവുഡ് :
ആഫ്രിക്കയിലെ ഒരു രാജ്യമാണ് യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് താന്‍സാനിയ. അവിടുത്തെ സിനിമാലോകമാണ് സ്വാഹിലിവുഡ്.
റിവര്‍വുഡ് :
കെനിയന്‍ സിനിമാലോകമാണ് റിവര്‍വുഡ് എന്നറിയപ്പെടുന്നത്. കെനിയയിലെ ‘റിവര്‍ റോഡ്’ എന്ന സ്ട്രീറ്റില്‍ നിന്നുമാണ് റിവര്‍വുഡ് എന്ന പേരിന്റെ ഉദ്ഭവം.

ഇന്ത്യന്‍ ‘വുഡു’കള്‍

ഇന്ത്യയിലുമുണ്ട് ഒട്ടേറെ ‘വുഡു’കള്‍. പല സംസ്ഥാനങ്ങളിലേയും സിനിമാലോകം പല പേരുകളിലായാണ് അറിയപ്പെടുന്നത്. അവയിലേക്ക്…

ഓളിവുഡ് :
ഒഡീഷ സംസ്ഥാനത്തെ സിനിമാ ഇന്റസ്ട്രിയാണ് ഓളിവുഡ്. ഒഡീഷയിലെ കട്ടക്ക് ആസ്ഥാനമാക്കി ഒറിയ ഭാഷയിലാണ് ഈ ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്.
കോളിവുഡ് :
തമിഴ്‌നാട്ടിലെ ചെന്നൈ ജില്ലയിലെ കോടമ്പാക്കം എന്ന പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് ‘കോളിവുഡ്’ എന്ന പേരിന്റെ ഉദ്ഭവം. വടക്കേ അമേരിക്കയിലും യൂറോപ്പിലും നിര്‍മ്മിക്കുന്ന തമിഴ് സിനിമകള്‍ അറിയപ്പെടുന്നത് കോളിവുഡ് വെസ്റ്റ് എന്നും ശ്രീലങ്ക സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന തമിഴ് സിനിമകള്‍ അറിയപ്പെടുന്നത് കോളിവുഡ് ഈസ്റ്റ് എന്നുമാണ്.
ഛോളിവുഡ് :
ഛത്തീസ്ഗഢിലെ ഔദ്യോഗികഭാഷയായ ‘ഛത്തീസ്ഗഢി’യില്‍ പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങളാണ് ഛോളിവുഡ് സിനിമകള്‍.
ജോളിവുഡ് :
ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ സിനിമാലോകമാണ് ജോളിവുഡ് എന്നറിയപ്പെടുന്നത്.
ടോളിവുഡ് :
ഇന്ത്യയില്‍ ബംഗാളി സിനിമാലോകവും, തെലുങ്ക് സിനിമാലോകവും അറിയപ്പെടുന്നത് ടോളിവുഡ് എന്ന പേരിലാണ്. കൊല്‍ക്കത്തയിലെ ‘ടോളിഗഞ്ച്’ എന്ന സ്ഥലനാമത്തില്‍ നിന്നുമാണ് ടോളിവുഡ്’ എന്ന പേരിന്റെ ഉദ്ഭവം.
പഞ്ച് വുഡ് :
പഞ്ചാബി സിനിമാലോകത്തെയാണ് പഞ്ച് വുഡ് എന്ന് വിളിക്കുന്നത്.
ബോളിവുഡ് :
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദി സിനിമാ ഇന്റസ്ട്രിയാണ് ബോളിവുഡ്. എന്നാല്‍ വിദേശ രാജ്യക്കാര്‍ പലപ്പോഴും ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം വിളിക്കുന്ന പേരാണിത്.
ബ്രിജ് വുഡ് :
ഉത്തര്‍ പ്രദേശിലെ ബ്രിജ് പ്രവിശ്യയാണ് ‘ബ്രിജ് വുഡി’ന്റെ ഉറവിടം. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട സിനിമകളാണ് ‘ബ്രിജ് വുഡി’ല്‍ നിന്നും പുറത്തിറങ്ങുന്നത്.
മാരിവുഡ് :
മഹാരാഷ്ട്രയിലാണ് ‘മാരിവുഡി’ന്റെ ജനനം. മറാത്തി ഭാഷയിലുള്ള സിനിമകളാണ് ‘മാരിവുഡി’ല്‍ പിറവി കൊള്ളുന്നത്.
സാന്‍ഡല്‍വുഡ് :
ബാഗ്ലൂര്‍ കേന്ദ്രീകരിച്ച് കന്നഡ ഭാഷയിലുള്ള ഇന്ത്യന്‍ സിനിമാലോകമാണ് സാന്‍ഡല്‍വുഡ്.
സോളിവുഡ് :
സിന്ധി ഭാഷയിലുള്ള ചിത്രങ്ങള്‍ ആണ് ‘സോളിവുഡി’ല്‍ നിന്നും പുറത്തിറങ്ങുന്നത്.
മോളിവുഡ് :
നമ്മുടെ സ്വന്തം മലയാളസിനിമാലോകത്തിന്റെ ഓമനപ്പേരാണ് മോളിവുഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button