സുകുമാര്‍ അഴീക്കോട് എന്ന അഴീക്കോട് മാഷ് അദ്ദേഹം നമ്മെ വിട്ടു പോയിട്ട് ഇന്നു നാലു വര്‍ഷം. സാഹിത്യവിമര്‍ശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനും ആയിരുന്നു അദ്ദേഹം. മണിക്കൂറുകള്‍ നീണ്ടു പോകാത്ത പ്രസംഗത്തില്‍ ചിലപ്പോള്‍ ആഞ്ഞടിച്ചും, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ആശയങ്ങളെ പങ്കുവയ്ക്കുന്ന ആ മാസ്മരികത തന്നെയായിരുന്നു അഴീക്കോടിന്റെ പ്രഭാഷണങ്ങളെ വേറിട്ടു നിര്‍ത്തുന്നത്.
ആരെന്നു നോക്കാതെ വിമര്‍ശിക്കുന്ന ഒരു ശീലം മാഷിനുണ്ടായിരുന്നു. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാനും മടിച്ചിട്ടില്ല. വിമര്‍ശനം പലപ്പോഴും വാര്‍ത്തകളും വിവാദങ്ങളും ആയി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തിലകനെ വിലക്കിയപ്പോള്‍ അതില്‍ അഴീക്കോടിന്റെ ഇടപെടല്‍ വിവാദവും വാര്‍ത്തയുമായിരുന്നു. നടന്‍ മോഹന്‍ലാലുമായി നിയമയുദ്ധത്തിലേക്കു വരെ നീണ്ടു കാര്യങ്ങള്‍. ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ വച്ചു തന്നെ അഴീക്കോട് മോഹന്‍ലാലുമായി പിണക്കം തീര്‍ത്തു.
എഴുത്തുകാരന്‍ എന്ന നിലയ്ക്കപ്പുറം ഒരു പ്രഭാഷകന്‍ എന്ന നിലയിലാണ് അദ്ദേഹം ഏറെ പ്രചാരം നേടിയത്.ഉജ്ജ്വലനായ പ്രഭാഷകനും വിദ്യാഭ്യാസചിന്തകനും സാഹിത്യവിമര്‍ശകനും. വര്‍ത്തമാനകാല കേരളം നേരിടുന്ന സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്കെതിരെ തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുമായിരുന്നു.
പനങ്കാവില്‍ വീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനായി 1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട് ജനിച്ചു. തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍ , ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.
അവിവാഹിതനായിരുന്നു. 2012 ജനുവരി 24 ന് അര്‍ബുദ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് അദ്ദേഹം നിര്യാതനായി.
Post Your Comments