കെ.വി.എസ്. ഹരിദാസ്
താൻ പട്ടികജാതിക്കാരിയായല്ല ആദ്യകാലത്ത് ജീവിച്ചതെന്ന് ഹൈദരാബാദിൽ മരിച്ച വിദ്യാർഥി രോഹിത് വെമൂലയുടെ അമ്മ അവസാനം സമ്മതിച്ചു. രോഹിതിന്റെ പിതാവ് കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിൽ തങ്ങൾ പട്ടികജാതിയിൽ പെട്ടവരല്ല എന്നും മറിച്ച് ഒബിസി വിഭാഗത്തിൽ പെട്ട വെഡര ജാതിയിൽ പെട്ടയാളാണ് എന്നും വെളുപ്പെടുത്തിയതിന് പിന്നാലെയാണ് അമ്മ രാധിക വെമുലയുടെ മലക്കം മറിച്ചിൽ. ഹൈദരാബാദിൽ വാർത്താ ലേഖകർക്ക് മുന്നിലാണ് രാധിക ഇക്കാര്യം വ്യക്തമാക്കിയത്. ” താൻ ജനിച്ചത് പട്ടികജാതിയായ മാലാ കുടുംബത്തിലാണ്. എന്നാൽ പിന്നീട് എന്നെ ഒരു വെഡര സമുദായത്തിൽ പെട്ട കുടുംബം ഏറ്റെടുത്തു. തന്നെ വിവാഹം കഴിച്ചതും വെഡര സമുദായക്കാരനാണ് “, രാധിക പറഞ്ഞു. ഇവിടെയാണ് പ്രശ്നം. മാലാ സമുദായത്തിൽ പിറന്നയാളെ എന്തിന് , എങ്ങിനെ ഒരു വെഡര സമുദായം ഏറ്റെടുക്കുന്നു?. അനൗപചാരികമായി വെഡര സമുദായം ഏറ്റെടുത്തു എന്നാണു വിശദീകരണം. അത് സാധാരണ നടക്കാത്ത കാര്യമാണ്, പ്രത്യേകിച്ച് ജാതീയത ശക്തമായി നിന്നിരുന്ന ആന്ധ്ര ഗ്രാമങ്ങളിൽ. ഇവിടെയാണ് രോഹിതിന്റെ മുത്തശ്ശി നടത്തിയ അഭിപ്രായ പ്രകടനവും പ്രാധാന്യമർഹിക്കുന്നത് . തങ്ങൾ ഒബിസി ആണെന്നും വെഡര സമുദായത്തിൽ പെട്ടവരാണ് എന്നും അത് പട്ടികജാതി അല്ല എന്നും അവർ പറഞ്ഞത് യു ടുബിൽ ഇന്ന് ലഭ്യമാണ്. ( അത് ഇതോടൊപ്പം ചേർക്കുന്നുണ്ട് ).
താൻ വെഡര ജാതിയിൽ പെട്ടയാളാണ് എന്നാണ് രോഹിതിന്റെ പിതാവ് ഒരു തെലുങ്ക് ടിവി ചാനലിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ” തന്റെ ഭാര്യയും അതെ സമുദായത്തിൽ പെട്ടതുതന്നെ. ഞങ്ങൾ രണ്ടുപേരും മാലാ അല്ലെങ്കിൽ മാഡിഗ വിഭാഗത്തിൽ പെടുന്നവരല്ല. വെഡര ഓ ബി സി വിഭാഗത്തിൽ പെടുന്നു; മാലാ എന്നത് പട്ടികജാതി വിഭാഗമാണ്. ഞാൻ വിവാഹം കഴിച്ചത് തന്റേതായ വെഡര സമുദായക്കാരിയെയാണ്. തന്നിൽ നിന്ന് വിവാഹമോചനം നേടിയശേഷം ഭാര്യ മാലാ എന്ന ജാതി സ്വീകരിക്കുകയാണ് ചെയ്തത്. അതെങ്ങിനെ സാധിക്കുമെന്ന് അറിയില്ല. ഒരാൾക്ക് അങ്ങിനെ പട്ടികജാതിക്കാരി ആവാനാവുമൊ?, രോഹിതിന്റെ പിതാവ് ആ ടിവി അഭിമുഖത്തിൽ ചോദിച്ചു .” അതാണ് രാധികയെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. ആന്ധ്ര പ്രദേശ്‌സർക്കാർ നടത്തിയ അന്വേഷണത്തിൽ ഇവർ പട്ടികജാതി വിഭാഗത്തിൽ പെടുന്നില്ല എന്ന് വ്യക്തമായിരുന്നു. അത് സംസ്ഥാന സര്ക്കാര് തന്നെ അറിയിച്ചിട്ടുമുണ്ട്. അവരുടെ റേഷൻ കാർഡിന്റെ വിവരവും വെളിച്ചത്തുവന്നിട്ടുണ്ട്. അതിലും പട്ടികജാതിയാണ് എന്ന് എഴുതിയിട്ടില്ല. ( അതിന്റെ കോപ്പിയും ഇതൊന്നിച്ചുണ്ട്.)
പിന്നീട് കൂടുതൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ, താൻ 1990 -ൽ വിവാഹമോചനം നേടിയെന്നും അതിനുശേഷം താനും മക്കളും ജീവിച്ചത് മാലാ സമുദായക്കാർ താമസിക്കുന്ന ഒരു പട്ടികജാതി കോളനിയിലാണ് എന്നുമാണ് അതിനുനല്കുന്ന വിശദീകരണം. പട്ടികജാതി കോളനിയിൽ ഒരു കുടുംബം താമസിച്ചു എന്നതുകൊണ്ട് അത് പട്ടികജാതി വിഭാഗത്തിൽ പെടില്ലല്ലോ. അതിനവർ നല്കുന്ന വിശദീകരണം താനും മക്കളും ജീവിച്ചത് മാലാ സമുദായത്തിന്റെ രീതികൾ അനുസരിച്ചാണ് എന്നതാണ്. അതുകൊണ്ട് തങ്ങൾ പട്ടികജാതിയിൽ പെട്ടവർ തന്നെ, അവർ തുടർന്നു. ചോദ്യങ്ങൾ തുടർന്നപ്പോൾ ദൽഹിയിൽ നിർഭയ എന്ന പെൺകുട്ടി കൊലചെയ്യപ്പെട്ടപ്പോൾ എന്തുകൊണ്ട് ജാതിചോദിച്ചില്ല എന്ന മറുചോദ്യവും അവരുന്നയിക്കുന്നു. അതൊക്കെത്തന്നെ പ്രതിക്കൂട്ടിലായത്തിന്റെ വിഷമമാണ് കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്നിപ്പോൾ ജാതി പ്രശ്നമുയർത്തുന്നത് രോഹിതിന്റെ മരണം ഉണ്ടാക്കിയ പ്രശ്നനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് എന്ന് ഏറെക്കുറെ വ്യക്തമാണ് എന്നും ആ അമ്മ പറയുന്നു. ഇവിടെ പ്രശ്നം മരണമാണ്, അത് കൊലപാതകമാണ്. ആ കൊലക്കു ഉത്തരവാദി എ ബി വി പി യൂ ണിറ്റ് പ്രസിഡന്റ് സുശിൽ കുമാര് ആണെന്നും അവർ ആരോപിക്കുന്നുണ്ട്. സുശിൽ കുമാർ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്ന്നാണ് അവിടെ വലിയ സംഘര്ഷം ഉടലെടുത്തത്. ഇവിടെ മനസിലാക്കേണ്ടത് മറ്റൊന്നാണ്. രോഹിതിന്റെ മരണത്തിന് ആ യുവാവ് പ്രവർത്തിച്ചിരുന്ന എസ് എഫ് ഐ, എ എസ് എ എന്നീ സംഘടനകളാണ് ഉത്തരവാദി എന്ന് പിതാവ് ടിവി അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതാണ് എ ബി വി പി നേതാവിനെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള ശ്രമത്തിനു അടിസ്ഥാനം എന്നുവേണം കരുതാൻ.
ഈ സംഭവത്തിനു പിന്നിൽ വലിയൊരു ആസൂത്രണം നടത്തിയിട്ടുണ്ട് എന്നതാണ് പോലീസ് കരുതുന്നത്. ആ നിലക്ക് അന്വേഷണം നടക്കുന്നുണ്ട്. രാഷ്ട്രീയമായി മുതലെടുക്കാനുള്ള പദ്ധതിയായിരുന്നു അതെന്നുവേണം കരുതാൻ എന്ന് കരുതുന്നവർ പോലീസിലുണ്ട്. ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി അവിടത്തെ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടത്, ദാദ്രി സംഭവം, ഹരിയാനയിൽ പട്ടികജാതിക്കാരുടെ വീട്ടിലുണ്ടായ മരണം എന്നിവയെല്ലാം ആസൂത്രിതമായിരുന്നു എന്ന് പോലീസിനു സൂചനകൾ ലഭിച്ചിട്ടുണ്ട് എന്നാണു അറിയുന്നത്. അതിന്റെ തുടര്ച്ചയാവാം ഇതും എന്നും കരുതപ്പെടുന്നു. അതിന്റെ സാധ്യതകളും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ജുഡീഷ്യൽ അന്വേഷണം കൂടിയാവുമ്പോൾ കള്ളക്കളികൾ തുറന്നുകാണിക്കാൻ കഴിയുമെന്ന കണക്കുകൂട്ടൽ രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുണ്ട്.
Post Your Comments