Vaayanakkaarude Kathukal

ഏതു കലോപാസകരായാലും നിറഞ്ഞ കണ്ണുകളിലൂടെ ഒഴുകുന്ന കണ്ണീര്‍ കൊണ്ട് അര്‍പ്പിക്കാവുന്നതില്‍ അപ്പുറം അഞ്ജലിയൊന്നും ആ ശവശരീരത്തിന് അരികില്‍നിന്ന് താളവും സ്വരവും ചുവടുകളും ഒക്കെക്കൊണ്ട്‌ അര്‍പ്പിക്കാന്‍ കഴിയില്ല.

രമാകാന്തന്‍ നായര്‍


 

ഏതൊരു കലാരൂപത്തിനും അതിന്റേതായ മനോഹാരിതയും വശ്യതയും ഉണ്ടെന്നുള്ളതും ഒപ്പം തന്നെ ചില കലാരൂപങ്ങളിലൂടെയെങ്കിലും നമ്മുടെ വികാരങ്ങളും വിചാരങ്ങളും ഒക്കെത്തന്നെ അനുവാചക ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കുവാനും കഴിയുന്നുവെന്നത് തികച്ചും യാതാര്ത്യമാണ്. ദൃശ്യകലാരൂപങ്ങള്‍ക്ക് അതിന്റെ പൂര്‍ണ്ണത കൈവരിക്കണമെങ്കില്‍ അതിനു പശ്ചാത്തലമൊരുക്കുന്ന സംഗീതത്തിന്റെ സ്വാധീനം വളരെ വലുതാണ്‌. വിവാഹസമയത്തും മരിച്ചുകിടക്കുമ്പോഴുമൊക്കെ ചില വാദ്യോപകരണങ്ങളുടെ ശബ്ദം ആ സന്ദര്‍ഭങ്ങളുടെ വൈകാരികതയിലേക്ക് നമ്മെ അടുപ്പിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലൊക്കെ ശബ്ദത്തിലുപരി അതിനൊരു ദൃശ്യഭാഷ്യം നല്‍കി ആരെങ്കിലും അവതരിപ്പിക്കുകയാണെങ്കില്‍ അത് തികച്ചും അരോചകമായി തോന്നാനേ വഴിയുള്ളൂ.. ശബ്ദം തന്നെ അനുയോജ്യമായ ഉപകരണങ്ങള്‍ കൊണ്ട് റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടത് പ്ലേ ചെയ്യുകയല്ലാതെ പ്രിയപ്പെട്ടവര്‍ ആരെങ്കിലും അത് ലൈവ് ആയി പ്രകടിപ്പിക്കാറില്ല.

ഒരു കല മഹത്തരമെന്നത് കൊണ്ടോ അല്ലെങ്കില്‍ ആ കലാ രൂപംകൊണ്ടു മനുഷ്യരെ ചിരിപ്പിക്കാനോ കരയിക്കാനോ കഴിയുന്നത്‌ കൊണ്ടോ അതൊക്കെ എവിടെയും എപ്പോഴും സന്ദര്‍ഭവും സാഹചര്യവും നോക്കാതെ അവതരിപ്പിക്കുന്നത്‌ ആരോഗ്യപരമായ ഒരു പ്രവൃത്തിയായി കാണാന്‍ കഴിയില്ല. അതിന്റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കാനും കഴിയില്ല. നമുക്ക് പ്രിയപ്പെട്ട അച്ഛനോ അമ്മയോ സഹോദരങ്ങളോ മരണപ്പെട്ടു കഴിഞ്ഞാല്‍ ഏതു കലോപാസകരായാലും നിറഞ്ഞ കണ്ണുകളിലൂടെ ഒഴുകുന്ന കണ്ണീര്‍ കൊണ്ട് അര്‍പ്പിക്കാവുന്നതില്‍ അപ്പുറം അഞ്ജലിയൊന്നും ആ ശവശരീരത്തിന് അരികില്നിന്നു താളവും സ്വരവും ചുവടുകളും ഒക്കെക്കൊണ്ട്‌ അര്‍പ്പിക്കാന്‍ കഴിയില്ല.. അത്തരം മാനസികാവസ്ഥ ഒരിക്കലും സത്യസന്ധവും ആത്മാര്‍ത്ഥവുമായ സ്നേഹത്തില്‍നിന്നു പ്രതിഫലിപ്പിക്കുന്നതും ആവുകയില്ല.

സ്വന്തം അമ്മയുടെ മൃതശരീരത്തിനരികില്‍ നിന്നുകൊണ്ട് ശ്രീമതി മല്ലികാ സാരാഭായി നടത്തിയ നൃത്താഞ്ജലിക്കും മുകളില്‍ പരാമര്ശിച്ചിരിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമായൊരു മഹത്വം കണ്ടെത്തുവാന്‍ ശ്രമിക്കുന്നുവെങ്കില്‍ സ്നേഹത്തിനും മാത്രുത്വത്തിനും സാഹോദര്യത്തിനും ഒക്കെ ഇന്നലെവരെ നമ്മള്‍ കണ്ടിരുന്ന നിര്‍വ്വചനങ്ങള്‍ അങ്ങനെയല്ലയെനു വിശ്വസിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button