സുഭാഷ് ചന്ദ്ര ബോസ് 1897 ജനവരി 23ന് ജാനകീനാഥ് ബോസിനും പ്രഭാവതിക്കും ആറാമത്തെ പുത്രനും ഒമ്പതാമത്തെ സന്തതിയുമായി ജനിച്ചു. ഒറീസയിലെ കട്ടക്കായിരുന്നു ജന്മദേശം. അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു കട്ടക്ക്. അദ്ദേഹത്തിന് നാലുവയസുള്ളപ്പോള്‍ ആ കുടുംബം ബംഗാളിലേക്ക് കുടിയേറി. ബംഗാളിനെ സംബന്ധിച്ച് രാഷ്ട്രീയമായ തീവ്രപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലഘട്ടമായിരുന്നു.
ഭിന്നിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന കൊളോണിയന്‍ സിദ്ധാന്തപ്രകാരം ബംഗാള്‍ വിഭജനം നടന്നു. പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്നു ഒരു യൂറോപ്യന്‍ മാതൃകയിലുള്ള സ്‌കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേര്‍ന്നത്. സുഭാഷ് ചെറുപ്പത്തില്‍ ഒരിക്കലും ഇംഗ്ലീഷ് ഭാഷ സംസാരിച്ചിരുന്നില്ല. ബ്രീട്ടീഷ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസരീതിയില്‍ കുട്ടിയായിരുന്ന സുഭാഷ് സംതൃപ്തനല്ലായിരുന്നു. സാമൂഹ്യപ്രശ്‌നങ്ങളില്‍ നിന്നകന്നു നില്‍ക്കുന്ന ഈ വിദ്യാഭ്യാസ സംസ്‌കാരം സുഭാഷിന് ദഹിച്ചില്ല.
ദേശീയ നേതാക്കളില്‍ പ്രധാനികളുടേയും അപ്രധാനികളുടേയും ജന്മദിനാഘോഷച്ചടങ്ങുകള്‍ രാജകീയ ആഘോഷമാക്കി കൊണ്ടാടുമ്പോള്‍ സുഭാഷ് ചന്ദ്രബോസ് എന്ന ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ നേതാജിയുടെ ജന്മദിനം ആരും അധികം പ്രാധാന്യത്തോടെ ആഘോഷിച്ചു കണ്ടിരുന്നില്ല. ആധുനികതയോട് പ്രതിപത്തിയുള്ള സാഹസികനും ചിന്താശീലനുമായ സുഭാഷ് ബോസ് സൈനിക വിദ്യാലയത്തില്‍ നിന്ന് ഒരു പാഠംപോലും പഠിക്കാതെയാണ് ബര്‍മ്മാ സമരമുഖത്ത് മൗണ്ട് ബാറ്റന്റെയും സ്റ്റീല്‍ വില്ലിന്റെയും ബ്രിട്ടീഷ്, അമേരിക്കന്‍, ഫ്രഞ്ച് സംയുക്ത കമാന്റിനെ നേരിട്ടത്.
പ്രൊഫ.ഓട്ടന്റെ ഭാരതവിരുദ്ധ പ്രസംഗങ്ങളെ നിശിതമായി എതിര്‍ത്തപ്പോള്‍ ബോസ് കല്‍ക്കട്ടാ പ്രസിഡന്‍സി കോളേജില്‍നിന്നും പുറത്താക്കപ്പെട്ടു. 1920 ല്‍ അദ്ദേഹം ഇന്ത്യന്‍ സിവില്‍ സര്‍വീസ് പ്രവേശനപ്പരീക്ഷ എഴുതി. പക്ഷേ ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ച്ചയയി രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി അദ്ദേഹം രൂപവത്കരിച്ചു. പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികള്‍ ജയിലിലടച്ചിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയില്‍ നിന്നു പലായനം ചെയ്തു. ഒരു ഒളിച്ചോട്ടമായിരുന്നില്ല അത്. ഇന്ത്യയെ സ്വതന്ത്രയാക്കുവാനുള്ള കരുത്തും സൈനികശക്തിയും സഹായവും നേടാനുള്ള യാത്രയായിരുന്നു അത്. ജര്‍മ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.സ്വാമി വിവേകാനന്ദന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആത്മീയഗുരു. 1921 ല്‍ മുംബയിലെ മണിഭവനില്‍ വച്ചാണ് സുഭാഷ് ഗാന്ധിജിയെ ആദ്യമായി നേരിട്ടു കാണുന്നതും സംസാരിക്കുന്നതും. ബംഗാളായിരുന്നു പ്രവര്‍ത്തന കേന്ദ്രം. ബംഗാളില്‍ തിരിച്ചെത്തിയ ബോസ് മഹാനായ വിപ്ലവകാരി സി.ആര്‍ ദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു.
ഐ.സി.എസ് ബിരുദധാരിയായ ബോസിനെ പ്രതിവര്‍ഷം 8000 പൗണ്ട് ശമ്പളത്തില്‍ ബ്രിട്ടീഷ് വൈസ്രോയിയുടെ പ്രതിനിധിയായി ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്‌തെങ്കിലും ഇംഗ്ലണ്ടുകാരന്റെ അടിമത്തത്തില്‍ ശമ്പളക്കാരനായി കഴിയുന്നതിനേക്കാള്‍ നല്ലത് സ്വതന്ത്ര ഭാരതത്തിലെ തൂപ്പുകാരനാണെന്ന് ഗര്‍ജിച്ച് ഐ.സി.എസ് ബിരുദം കീറി തുണ്ടുതുണ്ടാക്കി കാറ്റില്‍ പറത്തി. ബോസില്‍ അപകടകാരിയായ വിപ്ലവകാരിയെ ദര്‍ശിച്ച ബ്രിട്ടീഷ് അധികാരിവര്‍ഗം അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കി. അറസ്റ്റും ജയില്‍വാസവും നിര്‍ബാധം തുടര്‍ന്നു. നാല്‍പ്പതുതവണ അദ്ദേഹത്തിന് ജയില്‍വാസം ലഭിച്ചു. ജയിലില്‍ നിരന്തരം നിരാഹാരം അനുഷ്ടിച്ച ബോസിനെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് താല്‍ക്കാലികമായി മോചിപ്പിച്ച് വീട്ടുതടങ്കലിലാക്കി. 1941 ജനുവരി 26ാം തിയതി അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി തയ്യാറാക്കി. 16ാം തിയതി വരെ അദ്ദേഹത്തെ അടുത്ത ബന്ധുക്കള്‍ കണ്ടിരുന്നു.
1941 ജനുവരി 17ാം തിയതി പുലര്‍ച്ചെയാണ് അദ്ദേഹം വീട്ടുതടങ്കലില്‍ നിന്ന് അതിസാഹസികമായി തടവ് ചാടി കാബൂളില്‍ എത്തുന്നതും അവിടെ നിന്ന് ഊഹാതീതമായ ക്ലേശങ്ങള്‍ സഹിച്ച് ഓര്‍ലാന്റോ ‘മൊസൊത്തൊ ഇസ് എക്‌സലന്‍സി മൊസൊത്തൊ’ എന്ന ഇറ്റാലിയന്‍ പൗരന്റെ പാസ്‌പോര്‍ട്ടില്‍ ജര്‍മ്മനിയില്‍ വിമാനമിറങ്ങുന്നതും. ജനുവരി 26ാം തിയതിയോട് കൂടി അമേരിക്കന്‍, ബ്രിട്ടന്‍ സാമ്രാജ്യത്വ ശക്തികള്‍ ആഗോള വ്യാപകമായി ബോസിനെ പിടികൂടാന്‍ തീവ്രശ്രമമാരംഭിച്ചു. ജീവനോടെയോ അല്ലാതെയോ അദ്ദേഹത്തെ പിടികൂടുന്നവര്‍ക്ക് കനത്ത പാരിതോഷികം വാഗ്ദാനം ചെയ്തു. ജര്‍മ്മനിയില്‍ എത്തിയ ബോസ് എന്റെ രാജ്യത്തിലെ ജനങ്ങളെ കാണുന്നതിന് എനിക്ക് ആരുടേയും അനുമതിപത്രം ആവശ്യമില്ലായെന്നുപറഞ്ഞാണ് സംഭാഷണമാരംഭിക്കുന്നത്.
ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് ഇന്ത്യക്ക് വേണ്ടി യുദ്ധം ചെയ്ത് തടവിലാക്കപ്പെട്ടവരുടെ ജയിലറകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി കൂലിപ്പട്ടാളക്കാരായി കഴിഞ്ഞുകൂടിയ അവരുടെ മനസ്സ് മാറ്റുക അത്ര എളുപ്പമല്ല. ബോസ് അവരെ നിരന്തരം മസ്തിഷ്‌ക പ്രക്ഷോളനം നടത്തി ദേശീയ വികാരം കുത്തിവെച്ച് ദേശസ്‌നേഹം പഠിപ്പിച്ച് തന്റെ സമര ഭടന്മാരാക്കി തീര്‍ത്തു. ഏകദേശം പതിനായിരത്തോളം പേരെ ഇങ്ങനെ ആസാദ് ഹിന്ദ് സേനയില്‍ അണിചേര്‍ത്തു. 1941ല്‍ ബര്‍മ്മയിലെ അലോര്‍ സ്റ്റോറില്‍ വെച്ച് താത്വിമായി ഐ.എന്‍.എ രൂപീകരിച്ചെങ്കിലും ഇത് ലോകമറിയുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും രണ്ടാംലോക മഹായുദ്ധം തുടങ്ങുന്നതോടുകൂടിയാണ്.
ഐ.എന്‍.എയുടെ രൂപവത്കരണത്തിലും പ്രവര്‍ത്തനത്തിലും പങ്കുവഹിച്ച നിരവധി മലയാളികളുണ്ട്. ക്യാപ്റ്റന്‍ ലക്ഷ്മി, എന്‍. രാഘവന്‍,എ.സി.എന്‍ നമ്പ്യാര്‍, കണ്ണേമ്പിള്ളി കരുണാകരമേനോന്‍, വക്കം അബ്ദുള്‍ഖാദര്‍, എന്‍.പി. നായര്‍ തുടങ്ങി കുറെ മലയാളികള്‍. പോരാട്ടത്തിനിടെ യുദ്ധഭൂമിയില്‍ മരിച്ചുവീണവരും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയവരും അക്കൂട്ടത്തിലുണ്ട്. ഐ.എന്‍.എയുടെ വനിതാവിഭാഗമായിരുന്ന ഝാന്‍സിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു. 1943ല്‍ നേതാജി രൂപം കൊടുത്ത ആസാദ് ഹിന്ദ് ഗവണ്മെന്റിലെ ഏക വനിതാംഗവും അവരായിരുന്നു.
1945 ഓഗസ്റ്റ് 18ന് ബോസ് തായ്‌വാനിലെ തെയ്‌ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചു എന്നാണ് ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷന്‍, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന്‍ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. 1999-ല്‍ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖര്‍ജി കമ്മീഷന്‍ നിലവില്‍ വന്നു. 1945ല്‍ മേല്‍പ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. ഈ കണ്ടെത്തല്‍ വിവാദമായതോടെ റിപ്പോര്‍ട്ട് മന്‍മോഹന്‍ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷന്‍ സൂചിപ്പിച്ചിരുന്നു. 1985 വരെ ഉത്തര്‍പ്രദേശിലെ അയോധ്യക്കു സമീപം രാംഭവന്‍ എന്ന വീട്ടില്‍ താമസിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്യാസി, ബോസ് ആയിരുന്നു എന്ന് ചിലര്‍ വിശ്വസിച്ചിരുന്നു. സന്യാസിയുടെ മരണത്തെതുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ഗവണ്മെന്റ് ഏറ്റെടുത്തു. ഇവ അന്വേഷണവിധേയമാക്കിയ മുഖര്‍ജി കമ്മീഷന്‍, ‘ശക്തമായ തെളിവുകളുടെ’ അഭാവത്തില്‍ ഈ വിശ്വാസത്തെ തള്ളിക്കളഞ്ഞു. ഗുംനാമി ബാബയുടെ പല്ലിന്റെ ഡി.എന്‍.എ ഘടനയും, നേതാജിയുടെ പിന്‍മുറക്കാരുടെ പല്ലിന്റെ ജനിതക ഘടനയും തമ്മില്‍ പൊരുത്തമില്ലെന്നു ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിരുന്നു.
1991ല്‍ ഭാരത സര്‍ക്കാര്‍ ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം പ്രഖ്യാപിച്ചു. എന്നാല്‍ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതു പാടില്ല എന്ന് കോടതിയില്‍ ഒരു പരാതി സമര്‍പ്പിക്കപ്പെടുകയും തുടര്‍ന്ന് ഗവണ്മെന്റ് പുരസ്‌കാരം പിന്‍വലിക്കുകയും ചെയ്തു. ബോസിന്റെ മരണത്തെ സ്ഥിരീകരിക്കാന്‍ ഗവണ്മെന്റ് സ്വീകരിച്ച ഒരു തന്ത്രമായി നിരീക്ഷകര്‍ ഈ സംഭവത്തെ വിലയിരുത്തുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതാജിയുടെ മരണത്തിലെ ദുരൂഹതകള്‍ വെളിപ്പെടുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. നമുക്ക് കാത്തിരിക്കാം ദേശത്തിനായി പൊരുതിയ വിപ്ലവകാരിയായ ദേശ സ്‌നേഹിയുടെ മരണത്തിലെ ദുരൂഹതകള്‍ അറിയാനായി.
Post Your Comments