Parayathe Vayya

ചന്ദ്രബോസിന്റെ ആത്മാവ് സംസാരിക്കുമെങ്കില്‍, ഇതാ ഇങ്ങനെയാവുമോ..?

അഞ്ജു പ്രഭീഷ്


പ്രിയപ്പെട്ടവരേ,

ധാര്‍ഷ്ട്യത്തിന്‍റെയും നെറികേടിന്‍റെയും അരാജകത്വത്തിന്‍റെയും അസമത്വത്തിന്‍റെയും യാതനയുടെയും ലോകത്തുനിന്നും നിത്യതയുടെ സമാധാനതീരത്ത്‌ ഞാന്‍ യാത്രയായിട്ട്ഏകദേശം ഒരു വര്‍ഷം തികയാന്‍ തുടങ്ങുന്നു.. ഇന്ന് അങ്ങകലെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഇനിയും മനസാക്ഷി മരവിച്ചിട്ടില്ലാത്ത കുറെയാളുകള്‍ എന്നെ ഓര്‍ക്കുന്നുണ്ടല്ലോ..നിങ്ങളില്‍ പലരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നത് ആ വിധി കേള്‍ക്കാനായിട്ടാണല്ലോ… മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാനെന്നു പണ്ട് ഞാന്‍ പാടി നടക്കുമായിരുന്നു ..ജീവിതത്തിന്‍റെ മാറാപ്പും പേറി നടന്ന എന്നെ മാളികമുകളില്‍ വാണ ഒരു മന്നന്‍ നാമാവശേഷനാക്കിയിട്ട് ഒരാണ്ട് തികയും മുന്നേ ആ മന്നന്‍റെ തോളില്‍ മാറാപ്പു കേറുവാന്‍ പോകുന്നത് വിധിയുടെ വിളയാട്ടമാകാം ..

പ്രാരാബ്ദതുരുത്തില്‍ നിരാലംബയായ ഒരു പാവം സ്ത്രീയെയും രണ്ടുമക്കളെയും തനിച്ചാക്കി ഞാന്‍ അന്ന് യാത്രയായപ്പോള്‍ ഒരു കടലോളം വേദന എന്‍റെ മനസ്സില്‍ അലയടിച്ചിരുന്നു .ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ പാതി വഴിയില്‍ ഞാനില്ലാതായപ്പോള്‍ മരിച്ചു പോയത് സത്യവും നീതിയുമായിരുന്നു ..എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും സ്വരുക്കൂട്ടിവച്ചിട്ടുണ്ടായിരുന്നു ഞാനും എന്‍റെ കൊച്ചുകുടുംബവും..ഒക്കെയും ഒരു നിമിഷം കൊണ്ട് തച്ചുടച്ചു കളഞ്ഞില്ലേ ആ നെറികെട്ട നരഭോജി..കടുവ കടിച്ചുകൊന്നാല്‍ അതിനെ വെടിവച്ചു കൊല്ലുകയും മനുഷ്യന്‍ കാറിടിച്ചു കൊന്നാല്‍ വിചാരണ ചെയ്യുകയും ചെയ്യുന്ന ദൈവത്തിന്‍റെ സ്വന്തം നാട്..പേരില്‍ മാത്രം ദൈവവും പ്രവര്‍ത്തികളില്‍ സാത്താനും വിരാജിക്കുന്ന വിചിത്രമായ ലോകത്തെ ഞാന്‍ വല്ലാതെ വെറുത്തുപോയിരുന്നു..മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ പതിനെട്ടു ദിവസം ഞാന്‍ സഞ്ചരിച്ചപ്പോള്‍ എന്‍റെ ജീവനായി വിലപിച്ചത് കുറച്ചുപേര്‍ മാത്രം..മറ്റുള്ളവര്‍ എന്‍റെ ജീവന്‍ വച്ച് വിലപേശുന്ന വിചിത്രമായ കാഴ്ച കണ്ടപ്പോള്‍ ഞാന്‍ എന്നോട് തന്നെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിച്ചു- എന്നും തൊഴിലാളികള്‍ക്കൊപ്പം എന്ന സിദ്ധാന്തം കാണാപാഠമാക്കിയ ചുവന്നക്കുപ്പായക്കാരെ,നിങ്ങള്‍ എവിടെ??ഗാന്ധിയന്‍ സിദ്ധാന്തം മനപാഠമാക്കിയ ഖദര്‍ധാരികളെ നിങ്ങള്‍ എവിടെ??ക്രൂരമായി കൊല്ലപ്പെട്ട ഞാന്‍ മുഖ്യന്‍റെ കണ്ണില്‍ മരണപ്പെട്ടവനായി..പത്രങ്ങളുടെ തലക്കെട്ടുകളില്‍ അവന്‍ വിവാദ വ്യവസായിയായി…മസാലക്കഥകള്‍ സ്വാദോടെ വിളമ്പാന്‍ മത്സരിക്കുന്ന ചാനലുകളും മാധ്യമനപുംസകങ്ങളും എന്തുകൊണ്ട് അവനെ കൊലയാളിയെന്നു വിളിക്കാന്‍ ആദ്യം മടിച്ചു?.വിശപ്പും ആവാസവ്യവസ്ഥയുടെ വ്യതിയാനം കാരണമുണ്ടായ അസ്വസ്ഥത മൂലവും നരഭോജിയായ ഒരു കടുവയുടെ പ്രധാനവാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ എന്തേ എന്‍റെ കുടുംബത്തിന്‍റെ തേങ്ങലുകള്‍ വാര്‍ത്തയാക്കിയില്ല?? ആ കടുവയെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിട്ട ആഭ്യന്തരമേലാളന്മാര്‍ അവനെതിരെ കാപ്പ ചുമത്താന്‍ എന്തേ മടിച്ചു?.എല്ലാത്തിനും ഉത്തരം ഒന്നേയുണ്ടായിരുന്നുള്ളൂ..അവന്‍റെ പണം..അതിന്‍റെ മോഹനവലയത്തില്‍ കുരുങ്ങിയപ്പോള്‍ കാണേണ്ടവര്‍ പലപ്പോഴും കാണേണ്ടതു കണ്ടില്ല..

ഇന്നും എനിക്ക് മനസ്സിലാകാത്ത ഒരു വലിയ സമസ്യയാണ് എനിക്ക് എന്റെ മരണം ..അന്നം തന്നയാള്‍ തന്നെ എനിക്ക് അന്തകനായി ..പാമ്പിന്‍തോല് കൊണ്ടുണ്ടാക്കിയ ബൂട്ടിനടിയില്‍പ്പെട്ട് ഞെരിഞ്ഞമരുമ്പോള്‍ പുഴുവോളം നികൃഷ്ടമാണ് ഒരു പാവപ്പെട്ടവന്‍റെ ജന്മമെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു..ഈ ഭൂമിയില്‍ നിന്നും യാത്രയാകുമ്പോള്‍ എനിക്കുറപ്പുണ്ടായിരുന്നു ഇവിടെ ലഭിക്കാതെ പോയ നീതിയും നിയമവും എനിക്ക് മറുലോകത്ത് ലഭിക്കുമെന്ന്….സത്യത്തിനും നീതിക്കും മാത്രമാണ് ഭൂമിയില്‍ അന്തിമ വിജയമെന്ന് എന്നോട് പ്രപഞ്ചസ്രഷ്ടാവ് ആവര്‍ത്തിച്ചു പറയുമ്പോഴും എന്തുകൊണ്ടോ എനിക്ക് വിശ്വാസം വന്നിരുന്നില്ല ..

ഞാന്‍ മരണപ്പെട്ടപ്പോള്‍ ,നിങ്ങള്‍ നവമാധ്യമക്കൂട്ടായ്മകള്‍ മാത്രം എനിക്കായി കരഞ്ഞു..നിങ്ങള്‍ മാത്രം എന്‍റെ കുടുംബത്തിനു കൈത്താങ്ങുമായി കൂടെ നിന്നു. സമൂഹം വ്യര്‍ത്ഥമെന്നു കരുതിയിരുന്ന മുഖപുസ്തകത്താളുകളില്‍ ഞാന്‍ രക്തസാക്ഷിയായി അവരോധിക്കപ്പെട്ടു…അവരുടെ രക്തം ചിന്താത്ത സമരമുറകളില്‍ പിഴുതെറിയപ്പെട്ടത് അനീതിയുടെ കറപുരണ്ട അരാജകത്വമായിരുന്നു..പണത്തിനു മുകളില്‍ പരുന്തും പറക്കില്ലയെന്ന പഴഞ്ചൊല്ല് ആദ്യമായി മാറ്റിയെഴുതപ്പെട്ടു…പണം കൊണ്ട് എന്നും ജയിക്കാന്‍ കഴിയില്ലായെന്നു നിങ്ങള്‍ അവനെ പഠിപ്പിച്ചു ..പണത്തിനു മുന്നില്‍ മനസാക്ഷി അടിയറവു വയ്ക്കാത്ത ചിലരെങ്കിലുമുണ്ടെന്നു ഞാന്‍ ഈ മറുലോകത്തില്‍ നിന്നും മനസ്സിലാക്കുന്നത് ചില മുഖങ്ങളിലൂടെയാണ്..നിശാന്തിനിയെന്ന പെണ്‍കുട്ടിയെനിക്കു കാട്ടിത്തന്നത് കാക്കിക്കുള്ളിലെ മനുഷ്യത്വം മരിവിച്ചിട്ടില്ലാത്ത നീതിബോധമാണ്..സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു എനിക്ക് കാട്ടിത്തന്നത് ഭൂമിയിലും ഈശ്വരന് പ്രതിനിധികളുണ്ടെന്ന ലോകസത്യം..ഇന്ന് വിധി പറഞ്ഞ ജഡ്ജ് കെ പി സുധീര്‍ എനിക്ക് കാട്ടിത്തന്നത് നീതിന്യായവ്യവസ്ഥ ഒരിക്കലും സത്യത്തെയും നീതിയെയും വഞ്ചിക്കില്ലയെന്ന പരമമായ സത്യം ..ഇന്ന് ഈ ഭൂമിയെ ഏറ്റവുമധികം സ്നേഹിക്കുന്ന, ആത്മാവ് ഞാനാണ് .മനസാക്ഷിയും മനുഷ്യത്വവും മരവിച്ചിട്ടില്ലാത്ത,പണം കണ്ടാല്‍ തിമിരം ബാധിക്കാത്ത സത്യത്തെയും നീതിയെയും ജീവനുതുല്യം സ്നേഹിക്കുന്ന ചിലെങ്കിലും ഇവിടെ ഉള്ളതുകൊണ്ടാണ് ഇന്നും ഈ ഭൂമി സ്വര്‍ഗ്ഗമായി അവശേഷിക്കുന്നത്..

shortlink

Post Your Comments


Back to top button