Uncategorized

പത്താന്‍കോട്ടെ മലയാളി ‘ഭീകര’നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി/കല്‍പ്പറ്റ: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശിയ അന്വേഷണ ഏജന്‍സി (എന്‍.ഐ.ഐ) കസ്റ്റഡിയിലെടുത്ത മലയാളി യുവാവ്, വയനാട് മാനന്തവാടി സ്വദേശി റിയാസ് (38) എന്ന ദിനേശനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

അറസ്റ്റിലായ മാനന്തവാടി ബിലാക്കാട് തറാട്ടുകുന്ന്‌ അടുക്കത്ത്‌ വീട്ടില്‍ ദിനേശന്‍ സ്പിരിറ്റ്‌ കേസില്‍ പിടികിട്ടാപുള്ളിയാണ്. സ്പിരിറ്റ്‌ കടത്തുകയും ചാരായം വാറ്റുകയും ചെയ്ത കേസിൽ പതിമൂന്നു വർഷം മുമ്പ്‌ പിടിയിലായ ശേഷം ദിനേശൻ നാടുവിടുകയായിരുന്നത്രെ. 2000 ജനുവരിയിലാണു സ്‌പിരിറ്റ്‌ കേസില്‍ എക്‌സൈസിന്റെ പിടിയിലായത്‌. സ്പിരിറ്റ്‌ ലോറിയിലെ ക്ലീനറായിരുന്ന ദിനേശനെ 9000 ലിറ്റര്‍ സ്പിരിറ്റുമായാണ് പിടികൂടിയത്. ഇതുകൂടാതെ മറ്റു മൂന്ന് കേസുകള്‍ കൂടി ഇയാള്‍ക്കെതിരെയുണ്ട്. വിചാരണയ്‌ക്കു ഹാജരാകാത്തതിന് ബത്തേരി കോടതിയില്‍ അറസ്റ്റ് വാറന്റും നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയ ദിനേശന്‍ 2003 ല്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു.

നാടുവിട്ട ശേഷം വീട്ടുമാരുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. സൗദിയിലേക്ക് കടന്ന ദിനേശന്‍ അവിടെ വച്ച് ഇസ്ലാംമതം സ്വീകരിച്ച് റിയാസ് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നാണ് എന്‍.ഐ.എയുടേയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടേയും കണ്ടെത്തല്‍. നാട്ടിലുള്ള സമയത്തു തീവ്രവാദബന്ധമൊന്നും ഇല്ലായിരുന്നെന്നാണു നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണം. എപ്പോഴാണ്‌ മതം മാറിയതെന്നും ഇവര്‍ക്ക് അറിയില്ല. രണ്ട് സഹോദരന്മാരും ഒരു സഹോദരനുമാണ് ഇയാള്‍ക്കുള്ളത്. പിതാവ് മാനന്തവാടി തേയില തോട്ടത്തില്‍ ജീവനക്കാരനായിരുന്നു. ഇദ്ദേഹം 1987 ല്‍ മരിച്ചു.

ഐ.ബിയുടെ ആവശ്യപ്രകാരം സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തിലും ഇയാളുടെ തീവ്രവാദ ബന്ധമൊന്നും കണ്ടെത്താനായിട്ടില്ല. ആക്രമണം നടന്ന ദിവസം പത്താന്‍കോട്ടും പരിസര പ്രദേശത്തുമുള്ള ലോഡ്ജുകളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് റിയാസ് (ദിനേശന്‍) പോലീസ് പിടിയിലായത്. അഞ്ച് മാലി സ്വദേശികളും ഇയാളോടൊപ്പം പിടിയിലായിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങളില്‍ സംശയം തോന്നിയ പോലീസ്‌ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ്‌ വയനാട്‌ സ്വദേശിയാണെന്നു വ്യക്‌തമായത്‌. റിയാസിന്റെ ഫോണിൽനിന്ന്‌ നിരവധി കോളുകൾ പാകിസ്ഥാനിലേക്ക് പോയതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ ഇയാളെക്കുറിച്ച്‌ കൂടുതൽ അന്വേഷിച്ചത്‌. ഇയാള്‍ അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ അനായാസമായി സംസാരിക്കുന്നുണ്ടെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ക്കൊപ്പം പിടിയിലായ മാലി സ്വദേശികളേയും എന്‍.ഐ.എ ചോദ്യം ചെയ്തുവരികയാണ്‌.

അതേസമയം, റിയാസില്‍ നിന്നും എന്‍.ഐ.എ ശേഖരിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തി. രഹസ്യമായി കേരളത്തിലെത്തിയ സംഘത്തിലൊരാള്‍ വയനാട് ക്യാമ്പ് ചെയ്യുന്നുണ്ട്. റിയാസിനൊപ്പം പിടിയിലായ മാലി സ്വദേശികളില്‍ വിവരങ്ങള്‍ കൂടി സ്ഥിരീകരിച്ച ശേഷമേ അന്വേഷണ ഉദ്യോഗസ്ഥന്‍ മടങ്ങിപോകുകയുള്ളൂ എന്നാണ് സൂചന.

shortlink

Post Your Comments


Back to top button