International

ദാവൂദിന്റെ അനുയായിയെ ഇന്ത്യയിലേക്കയയ്ക്കുമെന്ന് ബംഗ്ലാദേശ്

ധാക്ക: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി അബ്ദുള്‍ റൗഫിനെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദുസമന്‍ ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2009 ലാണ് അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന കുറ്റത്തിന് റൗഫിനെ ബംഗ്ലാദേശ് അറസ്റ്റ് ചെയ്യുന്നത്.

ഇപ്പോള്‍ ജയിലിലുള്ള ഇയാളെ ശിക്ഷ കഴിയുന്ന മുറയ്ക്കാണ് ഇന്ത്യയിലേക്ക് അയയ്ക്കുക. 1997-ല്‍ ഗുല്‍ഷന്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അബ്ദുള്‍ റൗഫിനെ മുംബൈയിലെ കോടതി 2002-ല്‍ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ബോംബെ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയ ഇയാള്‍ 2009ല്‍ രാജ്യം വിട്ട് ബംഗ്ലാദേശിലെത്തുകയായിരുന്നു. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ റൗഫിനെ ഇതിന് ശേഷം തീവ്രവാദ ബന്ധം ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

വിദേശത്ത് നിന്നുള്ള കുറ്റവാളികളെ ശിക്ഷപൂര്‍ത്തിയാകുന്നതിനനുസരിച്ച് സ്വന്തം നാട്ടിലേക്ക് വിടുന്നതിന്റെ ഭാഗമായാണ് അബ്ദുള്‍ റൗഫിനെയും ഇന്ത്യയിലേക്ക് അയയ്ക്കുന്നതെന്ന് ഖാന്‍ വ്യക്തമാക്കി. ഷാര്‍പ്പ് ഷൂട്ടറെന്നാണ് റൗഫ് അറിയപ്പെട്ടിരുന്നത്.

shortlink

Post Your Comments


Back to top button