പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമോചനയാത്ര ഈ മാസം 20 ന് ( ബുധനാഴ്ച) ആരംഭിക്കുകയാണ്. മഞ്ചേശ്വരത്തു നിന്ന് പാറശാല വരെയുള്ള ഈ ജനസന്ദേശ യാത്ര കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും എത്തിച്ചേരും.കേരളത്തില്‍ ബിജെപി നടത്തുന്ന ഏറ്റവും ശക്തമായ പ്രചാരണ പരിപാടിയാവും ഇതെന്ന കാര്യത്തില്‍ സംശയമില്ല. കുമ്മനം രാജശേഖരനെ സംബന്ധിച്ചിടത്തോളം ഇത് വളരെ സുപ്രധാനമാണ്. അദ്ദേഹം സംസ്ഥാന ബിജെപിയുടെ അമരക്കാരനായശേഷം നടക്കുന്ന പ്രഥമ സംസ്ഥാന തല പരിപാടി എന്നതിനപ്പുറം കേരളത്തിലെ ബിജെപിയിലെയും സംഘ പ്രസ്ഥാനങ്ങളിലെയും അവസാനത്തെ വ്യക്തിയെ വരെ ഒന്നിച്ചണിനിരത്താനുള്ള കര്‍മ്മ പദ്ധതിയും കൂടിയാണിത്. കഴിഞ്ഞ കുറച്ചുകാലമായി കേരള ബിജെപിയില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടായിരുന്നു, അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു എന്നതു വസ്തുതയാണ്. ബിജെപി കേന്ദ്ര നേതൃത്വവും ആര്‍ എസ് എസിന്റെ സംസ്ഥാന നേതൃത്വവും അംഗീകരിച്ച കാര്യവുമാണത് . വിഭാഗീയതക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ വളരെ വേഗത്തില്‍ കുമ്മനത്തിനായി. പിന്നെ സംഘടനാനേതൃത്വത്തില്‍ ഒരഴിച്ചുപണിയും നടത്തിയിരിക്കുന്നു. അതൊക്കെ നല്ല സൂചനകളാണ്. എന്നാല്‍ ഇതുകൊണ്ടായോ?. ഒരു തിരഞ്ഞെടുപ്പിന് തയ്യാറാവുന്ന സമയമാണിത്; ജീവന്മരണ പോരാട്ടം എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെയാണ് വിമോചന യാത്ര ശ്രദ്ധാകേന്ദ്രമാവുന്നത്.
കേരളത്തില്‍ ഒട്ടേറെ യാത്രകള്‍ നടക്കാറുണ്ട്. ഇന്നിപ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ്, ആറേഴു യാത്രകള്‍ക്ക് വേദിയൊരുങ്ങിയിരിക്കുന്നു. വെള്ളാപ്പള്ളി നടേശന്‍ നയിച്ച യാത്ര നേരത്തെ അവസാനിച്ചിരുന്നു. കോണ്‍ഗ്രസും, സിപിഎമ്മും ആസൂത്രണം ചെയ്തത് ഇപ്പോള്‍ തുടങ്ങിക്കഴിഞ്ഞു. മുസ്ലീം ലീഗും സിപിഐയും എന്‍സിപിയും നടത്തുന്ന യാത്രകള്‍ പിന്നാലെയുണ്ടാവും. അതായത് വടക്കുമുതല്‍ തെക്കുവരെ നീളുന്ന രാഷ്ട്രീയ സന്ദേശ യാത്രകള്‍ കൊണ്ട് കേരള ജനത ഒരര്‍ഥത്തില്‍ വിഷമിക്കാന്‍ പോകുകയാണ്. വേണ്ടുന്ന വിധത്തില്‍ ഒരു ദിവസവും ആസൂത്രണം ചെയ്തില്ലെങ്കില്‍ ഇതുകൊണ്ട് പ്രയോജനം ഉണ്ടാവില്ല എന്ന് മാത്രമല്ല വിപരീത ഫലവും ഉണ്ടാക്കാം. പൊതു സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകാനുള്ള സാധ്യതകളും കുറവല്ല. എന്നാല്‍ അതൊക്കെ കുമ്മനത്തിന്റെ യാത്രക്ക് പ്രശ്‌നമാവില്ല. വളരെ സുപ്രധാനമായ മുദ്രാവാക്യങ്ങളാണ് വിമോചന യാത്ര കേരള സമൂഹത്തിന്റെ മുന്നില്‍ വെക്കുന്നത്. ‘ എല്ലാവര്‍ക്കും അന്നം, മണ്ണ്, വെള്ളം, തൊഴില്‍ ‘ എന്നതാണത്. അതിനൊപ്പം ‘തുല്യ നീതി, വികസിത കേരളം’ എന്ന വാഗ്ദാനവും ബിജെപി ഈ യാത്രയുടെ സന്ദേശമായി മുന്നോട്ടുവെക്കുന്നു. അതുകൊണ്ട് തന്നെ അത് വേറിട്ട് നില്‍ക്കുമെന്നു തീര്‍ച്ച. കേരളത്തില്‍ ബിജെപി ഇതിനുമുന്‍പും അനവധി ഇത്തരം യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി മാത്രമല്ല യുവമോര്‍ച്ചയും. സംസ്ഥാനത്ത് ആദ്യമായി ഇതുപോലൊന്ന് സംഘടിപ്പിച്ചത് യുവമോര്‍ച്ചയാണ് . 1984ലാണത് . സി എം കൃഷ്ണനുണ്ണി ആയിരുന്നു അന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍; കെ കുഞ്ഞിക്കണ്ണന്‍ ജനറല്‍ സെക്രട്ടറിയും. സി എം കൃഷ്ണനുണ്ണി ഇന്ന് നമ്മോടൊപ്പമില്ല. അക്കാലത്ത് യുവമോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗം, വിദ്യാര്ഥി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്നീ ചുമതലകള്‍ ഞാന്‍ സംഘടനയില്‍ വഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ യാത്രയുടെ മുഖ്യ സംഘടകന്മാരില്‍ ഒരാളായി മാറാനുമായി . ‘കേരള ഡയാലിസിസ് ‘ എന്നാണ് അന്ന് ആ യാത്രക്ക് പേര് നല്‍കിയത് . അതിന്റെ ഒരു പ്രത്യേകത ആ പദയാത്ര തിരുവനന്തപുരത്തു നിന്ന് വടക്കോട്ട് ആയിരുന്നു എന്നതാണ്. കേരളം നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു അത്. ബിജെപി സംസ്ഥാനത്ത് ഇന്നത്തോളം സംഘടിതമല്ലാത്ത നാളുകളാണത് . അതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിക്കേണ്ടിവന്ന യാത്രയായിരുന്നു അത്. അന്നൊക്കെ മൈലുകള്‍ നടന്നാല്‍
മാത്രമാണ് , ചിലയിടങ്ങളില്‍, ഒരു ബിജെപിക്കാരനെ കാണുക എന്ന സ്ഥിതിയൊക്കെയുണ്ടായിരുന്നു. പ്രാഥമിക സൗകര്യം പോലുമില്ലാത്ത ഇടങ്ങളില്‍
കിടന്നുറങ്ങിയ ദിവസങ്ങളും അന്നത്തെ യാത്രികര്‍ക്ക് പറയാനുണ്ടാവും. വഴിയോരത്ത് വീടുകളില്‍ കയറിച്ചെന്ന് മരത്തണലില്‍ വിശ്രമിക്കേണ്ടിവന്നതുപോലും സംഘടനാ പരമായി ദുര്‍ബ്ബലമായതുകൊണ്ടാണല്ലോ. പറഞ്ഞുവന്നത് കേരള ബിജെപിയുടെ ചരിത്രത്തിലെ ആ പ്രഥമ കേരള യാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപി ഇന്നെത്രയോ വികസിച്ചു; എത്രയോ മുന്നോട്ടുപോയി. ഇന്നിപ്പോള്‍ കേരള രാഷ്ട്രീയം നിയന്ത്രിക്കാന്‍ കഴിയുന്ന നിലയിലേക്ക് ബിജെപി എത്തിച്ചേര്‍ന്നിരിക്കുന്നു. അവര്‍ക്കൊപ്പം ഇത്തവണ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍
മുന്‍കയ്യെടുത്തു രൂപം നല്കിയ ബിഡിജെഎസുമുണ്ട് .
യുവമോര്‍ച്ചയുടെ ഈ യാത്രയാണ് കേരളത്തില്‍ നടന്ന ബിജെപിയുടെ ആദ്യത്തെ പദയാത്ര എന്നത് ശരിയാണ്. ഈ പരിപാടി കഴിഞ്ഞു അതിന്റെ റിപ്പോര്‍ട്ട് യുവമോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയില്‍ അവതരിപ്പിച്ചത് ഞാനാണ്. ഡല്‍ഹിയില്‍ നടന്ന ആ യോഗത്തില്‍ എ ബി വാജപേയിയും സുന്ദര്‍ സിംഗ് ഭണ്ടാറിയും ഉണ്ടായിരുന്നു. ഞാന്‍ ഇക്കാര്യം പറയുമ്പോള്‍ ഭണ്ടാരിജി പറഞ്ഞു; ‘അല്ല, അതിനു മുന്‍പ് വാജപേയിജി കേരളത്തില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ യാത്ര നടത്തിയില്ലേ? ‘. അതുകേട്ട് , വാജപേയിയും പറഞ്ഞു: ‘ശരിയാണ്, എന്നെ അവര്‍ മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ ഓടിച്ചതാണ്’. ശരിയാണ്; 1980ല്‍ ബിജെപി രൂപം കൊണ്ടശേഷമുള്ള ഏറ്റവും വലിയ പരിപാടി വാജ്‌പേയി നടത്തിയ യാത്രയായിരുന്നു. അന്ന് അദ്ദേഹമാണ് ബിജെപി അധ്യക്ഷന്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരു കാറില്‍ അദ്ദേഹം യാത്രചെയ്തു. എല്ലാ പ്രധാന നഗരങ്ങളിലും ആവേശോജ്വലമായ സ്വീകരണം. അക്കാലത്ത് ചരിത്രം കുറിച്ച പരിപാടിയായിരുന്നു അത്. അത് അടല്‍ജിയും ഭണ്ടാരിജിയും ഓര്‍ത്തിരുന്നു; രണ്ടുപേരും അന്ന് ആ പരിപാടിയെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ ഏതാണ്ട് അതെ മാര്‍ഗത്തിലൂടെയാണ് കുമ്മനം യാത്ര തിരിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം ബിജെപി സഖ്യമായിരിക്കുന്നു. ഏതാണ്ട് ഒരു ഡസനോളം നിയമസഭാ മണ്ഡലങ്ങളില്‍ ജയിക്കാന്‍ നിഷ്പ്രയാസം കഴിയുമെന്ന വിലയിരുത്തലാണ് ബിജെപിക്ക്. കടുത്ത മത്സരം നേരിടാവുന്ന 25 ഓളം മണ്ഡലങ്ങള്‍ വേറെയും. വേണമെന്ന് വിചാരിച്ചാല്‍ കേരളത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും പ്രത്യാശയും ഇന്ന് കേരളത്തിലെ ബിജെപി കേന്ദ്രങ്ങളിലും സംഘ പരിവാറിലും ഉണ്ടായിട്ടുണ്ട്. അത് വലിയ മാറ്റമാണ് എന്നത് പറയേണ്ടതില്ലല്ലോ. മുന്‍പൊക്കെ മത്സരത്തിനുവേണ്ടി മത്സരിക്കുന്ന കക്ഷിയായിരുന്നു ബിജെപി. അതാണ് ഇന്നീ നിലയിലേക്ക് വളര്‍ന്നത് . കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മത്സരിച്ചത് സംഘ പരിവാറിന്റെ മുഴുവന്‍ ശക്തിയും സമാഹരിച്ചുകൊണ്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും അതാവര്‍ത്തിച്ചു. അന്നൊന്നുമില്ലാത്ത കരുത്ത് മാനസികമായി ഇന്ന് ബിജെപിക്കുണ്ട്. പിന്നെ സംഘ പരിവാറിന്റെയും ഒട്ടനവധി സാമുദായിക സംഘടനകളുടെയും പിന്‍ബലവും. കുമ്മനത്തെപ്പോലുള്ള ഒരു നേതാവിന്റെ കടന്നുവരവോടെ അതിന്റെ പ്രയോജനം പരമാവധി കൊയ്യാന്‍ കഴിയുമെന്ന വിശ്വാസവും
വന്നിരിക്കുന്നു.
അഴിമതിയും വര്‍ഗ്ഗീയതയും ന്യൂനപക്ഷ പ്രീണനവും കൊലപാതകവും അക്രമവും തട്ടിപ്പുമൊക്കെക്കൊണ്ട് കേരളമിന്ന് കുപ്രസിദ്ധമാണല്ലോ. അഴിമതിക്കാരെ സംരക്ഷിക്കാന്‍ ഒരു ഭരണകൂടം ഒന്നാകെ മുന്നിട്ടിറങ്ങുന്ന ചിത്രവും അടുത്തിടെ നാമൊക്കെ കണ്ടു. രണ്ടു പ്രബല മുന്നണിയും അഴിമതിയില്‍ തട്ടിത്തടഞ്ഞു കടന്നുപോകുകയാണ്. യുഡിഎഫിന്റെ അഴിമതി ഉയര്‍ത്തി കേരളത്തെ ഇളക്കി മറിക്കാമെന്നു ധരിച്ച സിപിഎമ്മിന് മുന്നില്‍ ഇരുട്ടടിപോലെയാണ് ലാവലിന്‍ വീണ്ടും തലപൊക്കിയത്. അത് ഉമ്മന്‍ചാണ്ടിയുടെ ആസൂത്രിതമായ കരുനീക്കമായിരുന്നു എന്ന് തീര്‍ച്ച. ഇന്നിപ്പോഴും ആ വിഷയത്തില്‍ ശരിയെന്നോ അല്ലെന്നോ പ്രതികരിക്കാന്‍ തയാറാവാതെ തലതിരിച്ചു നടക്കുന്ന വിഎസ് അച്യുതാനന്ദനെയും നാമിവിടെ കാണുന്നു. അതാവും ഇന്നിപ്പോള്‍ ഹൈക്കോടതിയിലെ ലാവലിന്‍ കേസിനേക്കാള്‍ സിപിഎമ്മിനെയും പിണറായി വിജയനെയും അലട്ടുന്നത്.
ഇക്കാര്യം ഇന്ന് കേരള സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിക്ക് മാത്രമല്ലേ കഴിയൂ.
കെ എം മാണിയുടെ അഴിമതി മാത്രമല്ല, എന്തെല്ലാം യുഡിഎഫിനെതിരെ ഉയര്‍ന്നുവന്നിട്ടുണ്ട്. അഴിമതിക്കെസുകള്‍ തകര്‍ക്കുന്നതില്‍ ഒരു വിദഗ്ദ്ധ
നീക്കം തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തി എന്നത് ഏറ്റവുമൊടുവില്‍ ബാര്‍ കോഴ കേസോടെ വ്യക്തമായി. വികസനത്തിന്റെ പേരില്‍ അക്ഷരാര്‍ഥത്തില്‍ കൊള്ളതന്നെയാണ് ഇവിടെ നടന്നത്. അതിനായി എന്തെല്ലാം വേണോ അതൊക്കെ വിനിയോഗിച്ചു. എന്തിനേറെ, നമ്മുടെ ക്ഷേത്രങ്ങളിലെ പണം പോലും അവിടെക്കൊഴുക്കി എന്നതാണ് അവസാനം നാം കണ്ടത്. ഹിന്ദുക്കളായ ഭക്തന്മാര്‍ ക്ഷേത്രത്തിലെ ഹുണ്ടികയില്‍ നിക്ഷേപിക്കുന്ന തുക വാരിയെടുത്ത് സര്‍ക്കാരിന്റെ നിത്യനിദാനത്തിനു വിനിയോഗിച്ചു എന്നതാണ് നാമൊക്കെ കണ്ടത്. ക്ഷേത്ര ഭരണത്തില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം ഒന്നുമില്ലെങ്കിലും അത് വിശ്വാസികളുടെ ആഗ്രഹത്തിനും ക്ഷേത്രത്തിന്റെ താല്പര്യത്തിനും വേണ്ടിയെങ്കിലും വിനിയോഗിക്കപ്പെടും
എന്നുറപ്പ് വരുത്താനുള്ള ചുമതല ഹിന്ദു സമൂഹത്തിനുണ്ടല്ലോ. അത് ഉന്നയിക്കാനുള്ള അവസരമായും കുമ്മനത്തിന്റെ ഈ യാത്ര മാറും എന്നതില്‍
സംശയമില്ല.
കേരളം ഇന്ന് വികസനം എത്താത്ത നാടായി മാറുന്നു എന്നതും പ്രധാനമാണ്. അനവധി സംസ്ഥാനങ്ങള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിന്‍ കീഴില്‍ ഒട്ടേറെ വ്യവസായ സംരംഭങ്ങള്‍ക്ക് വേദിയൊരുക്കിക്കഴിഞ്ഞു. എത്രയോ വിദേശ സ്ഥാപനങ്ങള്‍ ഇവിടെ പണം നിക്ഷേപിക്കാന്‍ തയ്യാറായി. എന്നാല്‍ അവരാരും കേരളത്തിലേക്ക് വന്നില്ല. ഇന്ത്യയുടെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമായി നീങ്ങാന്‍ കേരളത്തിനാവുന്നില്ല എന്നത് പ്രധാന കാര്യമാണ്. വിദേശത്തുള്ള ഒട്ടേറെ മലയാളികള്‍ ഇന്നിപ്പോള്‍ വ്യവസായ സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നുണ്ട് . അവരുപോലും കേരളത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതല്ലേ അവസ്ഥ?. എന്തുകൊണ്ടാണിത്?. കേരളം ആഴത്തില്‍ ചിന്തിക്കെണ്ടാതായ ഈ പ്രശ്‌നവും ഇന്നിപ്പോള്‍ ചര്‍ച്ചചെയ്യപ്പെടണം. കേരളത്തില്‍ അടുത്തകാലത്ത് നടന്ന വലിയ നിക്ഷേപങ്ങള്‍ നോക്കിയാല്‍ അതിനൊക്കെ പിന്നിലുള്ളത് കേന്ദ്ര സര്‍ക്കാരാണ് എന്ന് കാണാം. കൊച്ചി മെട്രോ ആയാലും വിഴിഞ്ഞം പദ്ധതിയയാലും പാലക്കാട്ടെ എന്‍ ഐ ടി ആയാലും അതല്ലേ സത്യം. കേരളം എന്താണിവിടെ ചെയ്തത്?. ദേശീയ പാത വികസനത്തിന് എത്രകോടി വേണമെങ്കിലും കൊടുക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നല്കി; പക്ഷെ സ്ഥലമേ റ്റെടുത്തു നല്കാന്‍ നമ്മുടെ സംസ്ഥാന ഭരണകൂടത്തിനവുന്നില്ല. അത് തന്നെയാണ് റെയില്‍വേ വികസന പദ്ധതികളുടെ കാര്യത്തിലും കാണുന്നത്. കേരളത്തിനു ഒരു പുതിയ വികസന സങ്കല്പം രൂപമെടുക്കെണ്ടതുണ്ട് എന്ന വസ്തുതയും ഇത്തവണ ബിജെപിക്ക് ഉന്നയിക്കേണ്ടതുണ്ട് . പരിസ്ഥിതി പ്രശ്‌നങ്ങള്‍, വനം കയ്യേറ്റം, കായല്‍ കയ്യേറ്റം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടണം. ആറന്മുള സമരത്തിന്റെ നായകന്‍ എന്നനിലക്ക് അക്കാര്യങ്ങളില്‍ കുമ്മനത്തിന് ഇന്നിപ്പോള്‍ വലിയ ചുമതലയുമുണ്ട്. പിന്നെ, നേരത്തെ സൂചിപ്പിച്ചതുപോലെ, അനവധി യാത്രകള്‍ ഇന്നിപ്പോള്‍നടക്കുന്നു. അതില്‍ നിന്നെല്ലാം വേറിട്ടതാവണം ബിജെപിയുടേത് എങ്കില്‍ അതിനു വേണ്ടതിലേറെ ശ്രദ്ധവേണം. ഓരോ നേതാവിന്റെയും ഓരോ നാവില്‍ നിന്നും ഉരിയാടുന്ന ഓരോ വാക്കും ശ്രദ്ധിക്കാന്‍ ആളുണ്ടാവും എന്നത് എല്ലാവരും ഓര്‍മ്മിക്കണം. ഉദ്ദേശിക്കാത്ത കാര്യം ചൂണ്ടിക്കാട്ടി വിവാദങ്ങള്‍ ഉണ്ടാക്കാനും അത് രാഷ്ട്രീയമായി ബിജെപിക്കെതിരെ ഉപയോഗിക്കാനും നീക്കമുണ്ടാവും എന്നതോര്‍മ്മയില്‍ വേണം. വെള്ളാപ്പള്ളി നടേശനെതിരെ കുത്തിപ്പോക്കിയ വിവാദം
മറന്നുകൂടല്ലോ. അതേസമയം അന്നന്ന് പറയുന്നതാണ് അന്നന്നത്തെ വാര്‍ത്ത എന്ന പരമസത്യവും യാത്രാ നായകന്മാര്‍ക്ക് ബോധ്യമുണ്ടാവണം. പത്രങ്ങളിലെ പ്രാദേശിക താളുകളില്‍ നിന്ന് അത് ജനഹൃദയങ്ങളിലേക്ക് , സംസ്ഥാന തല പേജുകളിലേക്കും മുന്‍ നിരയിലേക്കും എത്തണമെങ്കില്‍ പറയുന്ന വിഷയത്തിനും വിശദീകരിക്കുന്ന സമ്പ്രദായത്തിനും പുതുമയും പ്രത്യേകതയും ഉണ്ടാവണം. അതൊന്നും
കുമ്മനത്തെപ്പോലെ പരിചയസമ്പന്നനായ ഒരാളെ ഓര്‍മ്മപ്പെടുത്തെണ്ടാതില്ല എന്നറിയാം. പക്ഷെ ജനങ്ങള്‍ അറിയണമല്ലോ.
എന്നാല്‍ അതിലുപരി ഈ യാത്രകൊണ്ട് ബിജെപിക്ക് മറ്റുപലതും ചെയ്യാനുണ്ട്. അത് സംഘടനയെ ഒരു തിരഞ്ഞെടുപ്പ് യുദ്ധത്തിനു സജ്ജമാക്കുക എന്നതാണ്. പ്രസംഗങ്ങള്‍ അങ്ങിനെ നടക്കും. അതിനൊപ്പം പ്രവര്‍ത്തകര്‍ക്ക് ദിശാബോധവും ആവേശവും നല്കാന്‍ കഴിയണം. കുമ്മനം അധ്യക്ഷ പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ വലിയ പരിപാടി എന്ന നിലക്ക് പ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷിക്കുമെന്നതില്‍ സംശയമില്ല. അതും യാത്രാ നായകനും അദ്ദേഹത്തോടോപ്പമുള്ളവരും മനസില്‍ കരുത്തുമെന്ന് തീര്‍ച്ച. ബിജെപിയില്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന പതിനായിരങ്ങള്‍ പലയിടത്തും ഇന്നുമുണ്ട്. അവരെല്ലാം ഇനിയും ബിജെപിയുടെ ഭാഗമായിട്ടില്ല; എന്നാല്‍ ബിജെപിയെ പ്രതീക്ഷയോടെ നോക്കുന്നു. അവരെ പ്രസ്ഥാനത്തോട് അടുപ്പിക്കാന്‍ ഇത് നല്ല അവസരമാണ്. അതുപോലെ തന്നെ പല കാരണങ്ങളാല്‍ അകന്നും മാറിയും നിലക്കുന്നവരും ഉണ്ടാവും. അവരെല്ലാം ബിജെപിയുടെ സുഹൃത്തുക്കളാണ്, സഹയാത്രികരാണ്; നല്ല കാര്യകര്‍ത്താക്കളാണ് . എന്നാല്‍ പല കാരണങ്ങളാല്‍ അകന്നും മാറിയും നിലക്കുന്നവരും നിര്‍ത്തപ്പെട്ടവരുമൊക്കെ അക്കൂട്ടത്തില്‍ ഉണ്ടാവും. അവരെക്കൂടി ഈ കുടക്കീഴില്‍ കൈപിടിച്ച് അണിനിരത്താന്‍ ഏറ്റവും പറ്റിയവേള ഇതാണ്. അതുമൊക്കെ നേതൃത്വം മനസിലാക്കിയിരിക്കും എന്നു തീര്‍ച്ച. ഇവിടെയൊക്കെ പരമാവധി ഫലവത്താവുമ്പോഴാണ് കുമ്മനത്തിന്റെ വിമോചനയാത്ര അക്ഷരാര്‍ഥത്തില്‍ വിജയിക്കുക.
Post Your Comments