ശബരിമല : ശബരിമല മകരസംക്രമദീപം തൊഴുത് സായൂജ്യമടയാന്‍ കാത്ത് ഭക്തജനലക്ഷങ്ങള്‍. ഇന്നലത്തെ പമ്പവിളക്കിലും പമ്പസദ്യയിലും ഭക്തന്മാര്‍ പങ്കു കൊണ്ടു. ഭക്തജനലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴാന്‍ ശബരിമലയില്‍ കാത്തുനില്‍ക്കുന്നത്.
മകരസംക്രമ പൂജയ്ക്കായി പുലര്‍ച്ചെ ഒന്നിനു നട പ്രത്യേകം തുറന്നു. ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന സമയമാണത്. 1.27ന് അഭിഷേകം. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍ വശം കൊടുത്തയച്ച നെയ്‌ത്തേങ്ങയിലെ നെയ്യ് കൊണ്ടായിരുന്നു അഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി രണ്ടു മണിയോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ നടയടച്ചു.
നിത്യപൂജകള്‍ക്കായി മൂന്നിനു നട വീണ്ടും തുറന്നു. നിര്‍മാല്യവും ശേഷം നെയ്യഭിഷേകവും. അഭിഷേകം രാവിലെ ഒന്‍പതു വരെ തുടരും.
ഉച്ചപൂജയ്ക്കു ശേഷം ഒരു മണിക്കു വീണ്ടും നടയടയ്ക്കും. പിന്നെ ഭക്തര്‍ക്കു ദര്‍ശനവും പതിനെട്ടാംപടി കയറ്റവും അനുവദിക്കില്ല. അഞ്ചിനാണു പിന്നെ നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണത്തെ സ്വീകരിക്കുന്നവരെ പൂമാലകള്‍ അണിയിച്ചു ശരംകുത്തിയിലേക്ക് അയയ്ക്കും.
ദേവസ്വം ബോര്‍ഡ്, അയ്യപ്പസേവാ സംഘം പ്രതിനിധികളാണ് തിരുവാഭരണത്തെ സ്വീകരിക്കുന്നത്. തിരുവാഭരണം പതിനെട്ടാം പടി കയറിയെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മറ്റും ചേര്‍ന്നു സ്വീകരിക്കും. സോപാനത്തില്‍നിന്ന് തന്ത്രിയും മേല്‍ശാന്തി എസ്. ഇ. ശങ്കരന്‍ നമ്പൂതിരിയും ചേര്‍ന്നു സ്വീകരിച്ച് ശ്രീകോവിലിലേക്കു കൊണ്ടുപോകും. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. അതിനു ശേഷമേ ഭക്തരെ വീണ്ടും പതിനെട്ടാം പടി കയറാന്‍ അനുവദിക്കൂ.
Post Your Comments