നമുക്ക് പ്രാര്ഥിക്കാം സന്ദീപാനന്ദ ഗിരിക്ക് നേര്ബുദ്ധി തോന്നിക്കാന്
കെ.വി.എസ് ഹരിദാസ്
കഴിഞ്ഞ കുറച്ചു ദിവസമായി ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാമോ എന്നതായിരുന്നു പ്രധാന ചർച്ച. സുപ്രീം കോടതി നടത്തിയ പരാമർശമാണ് അതിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചത്. ഇടതുപക്ഷ സഹയാത്രികരും പരിവർത്തന വാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവരുമൊക്കെ പ്രായഭേദമന്യേ സ്ത്രീകളെ ശബരിമല സന്നിധാനത്ത് കടത്തണമെന്ന നിലപാടുകാരായിരുന്നു. അതിൽ പുതുമയില്ല. ഇതുപോലുള്ള വിഷയങ്ങളിലെല്ലാം അവർ അത്തരം സമീപനമാണ് സ്വീകരിക്കാറുണ്ടായിരുന്നത് എന്നത് എല്ലാവർക്കുമറിയാം. എന്നാൽ ചില സന്യാസിമാർ സ്വീകരിച്ച നിലപാട് എന്നെ ആശ്ചര്യപ്പെടുത്തി. എന്താണി വർക്ക് സംഭവിച്ചത് എന്നത് മനസിലാക്കാൻ വിഷമമാവുന്നു. ഒരു കാലത്ത് ശബരിമലയിൽ സ്ത്രീകളെ കയറ്റരുത് എന്ന് പ്രസംഗിച്ചു നടന്നയാളുകൾ ഇന്നിപ്പോൾ മറിച്ചു പറയുന്നത് സ്വന്തം വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതിന് കാരണമാകും എന്നത് മനസിലാക്കുന്നില്ലല്ലോ എന്നതാണ് സങ്കടം. ഇടതു പക്ഷ സഖാക്കൾ സ്വീകരിക്കുന്ന നിലപാട് മനസിലാക്കാം എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചു. ഏറ്റവുമൊടുവിൽ ചുംബന സമരത്തിന്റെ ഘട്ടത്തിൽ പോലും അത് കണ്ടതാണ്. ചുംബനസമരത്തെ അവസാനം സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞതും മറ്റും പിന്നീട് നാമൊക്കെ കണ്ടതാണ്. എന്നാലും നമ്മുടെ ഇടതു സുഹൃത്തുക്കൾ അക്കാര്യത്തിലാദ്യം സ്വീകരിച്ചത് തെരുവിലെ പരസ്യ ചുംബനക്കാരുടെ നിലപാടുതന്നെയാണ്. അതിനെയാണ് പിണറായി വിജയൻ അടക്കമുള്ളവർക്ക് പരസ്യമായി തള്ളിപ്പറയേണ്ടിവന്നത് . ചുംബന സമരങ്ങൾക്ക് അല്ലെങ്കിൽ അത്തരം കോപ്രായങ്ങൾക്ക് കൂട്ടുനിന്നത് വഴി സമൂഹത്തിൽ പ്രസ്ഥാനത്തിന് അവമതിപ്പ് ഉണ്ടായി എന്ന് സിപിഎം ഒരുപക്ഷെ വിലയിരുത്തിയിരിക്കാം. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നത്തിൽ അവർ അതെ നിലപാട് തന്നെയാണ് സ്വീകരിച്ചത്. വലിയ സഖാക്കളാരും അക്കാര്യത്തിൽ പരസ്യമായ നിലപാട് എടുത്തതായി കണ്ടില്ലെങ്കിലും എം എ ബേബി തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. അതിനു പിന്നാലെ വൃന്ദ കാരാട്ടും അതാവർത്തിച്ചു. സ്ത്രീകൾക്ക് ശബരിമലയിൽ വിലക്ക് ഏർപ്പെടുത്തിയത് ശരിയല്ല എന്നതായിരുന്നു രണ്ടുപേരുടെയും കാഴ്ചപ്പാട്. അതിൽനിന്ന് ഭിന്നമായി സംസാരിച്ചു കണ്ടത് സിപിഎമ്മിന്റെ രാജ്യസഭാംഗമായ ടി എൻ സീമയാണ്. വളരെ ചിന്തിച്ചുള്ള ഒരു നിലപാടാണ് അവർ അക്കാര്യത്തിലെടുത്തത്. ചില ചാനലുകൾ അത് സംപ്രേഷണം ചെയ്യുകയും ചെയ്തു. അത്പോലെ മുൻ ദേവസ്വം മന്ത്രി ജി സുധാകരൻ; സുപ്രീം കോടതി നിലപാട് പ്രതീക്ഷ നൽകുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ശബരിമലയിൽ സ്ത്രീകളെ പ്രായഭേദമന്യേ കേറ്റണം എന്ന് സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയത് സുധാകരൻ മന്ത്രിയായിരുന്ന കാലത്താണ്. എന്നാൽ അന്നും അവർ കൈക്കൊണ്ട ഒരു സമീപനമുണ്ട്; അതായത്, ഇക്കാര്യം ഒരു ഉന്നതതല സമിതിയെ വെച്ച് വിലയിരുത്തുകയും ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടുകയും വേണമെന്നതാണ് അത്. അങ്ങിനെ ഒരു മര്യാദ അന്നത്തെ ഇടതുസർക്കാർ സ്വീകരിച്ചു എന്നർഥം.
ഞാൻ ആദ്യം സൂചിപ്പിച്ചത് സ്വാമി സന്ദീപാനന്ദ ഗിരിയുടെ നിലപാടാണ്. ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്ന് അദ്ദേഹം ഇന്ന് വാദിക്കുന്നു. അത് മാത്രമല്ല, നമ്മുടെ നാട്ടിൽ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന വിശ്വാസത്തെയും സമീപനങ്ങളെയും കീഴ് വ ഴക്കങ്ങളേയുമെല്ലാം തള്ളിപ്പറയുന്നു. അതാണ് അതിശയിപ്പിച്ചത്. സന്യാസിമാർക്ക് സ്വന്തം നിലപാട് എടുക്കാൻ അധികാരമോ അവകാശമോ ഇല്ല എന്നതല്ല അതിനർഥം. ദേവപ്രശ്നം എന്താണ്; അത് തട്ടിപ്പല്ലേ? എന്താണ് ദേവന്റെ ഹിതം ? ദേവഹിതം എന്നത് ഇന്നത്തെ അധികൃതരുടെ നിലപാടല്ലേ. തന്ത്രിയുടെ നിലപാട് എന്തിനറിയുന്നു; തന്ത്രിക്ക് എന്താണ് പ്രത്യേകത?. പൗരൊഹിത്വത്തിന്റെ ആധിപത്യത്തിന് വേണ്ടിയല്ലേ അതെല്ലാം….?. അങ്ങിനെപോകുന്നു സ്വാമിയുടെ വാദങ്ങൾ. ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടായാൽ, അതിൽ തീർപ്പുണ്ടാക്കാൻ ചില സംവിധാനങ്ങൾ നാട്ടിലുണ്ട് എന്നത് അദ്ദേഹത്തിന് അറിയാത്തതല്ല. അതിൽ ദേവപ്രശ്നത്തിലൂടെ ദേവന്റെ ഹിതം അറിയുന്നതും തന്ത്രിയുടെ നിലപടുമൊക്കെ പ്രധാനമാണ് എന്നത് സുപ്രീം കോടതിയും ഹൈക്കോടതിയുമൊക്കെ ശരിവെച്ചതുമാണ് . അതെ ഇന്നിപ്പോൾ ശബരിമല വിഷയത്തിലും വിശ്വാസികളും ഭക്തന്മാരുമൊക്കെ ഉന്നയിക്കുന്നുള്ളൂ. ക്ഷേത്രം എന്താണ് , ക്ഷേത്ര സങ്കല്പം എന്താണ്, ക്ഷേത്രമെന്നത് വെറുമൊരു കെട്ടിടമല്ലെന്നും അതിനപ്പുറം അത് മറ്റുപലതുമാണെന്നും മനസിലാക്കാൻ ശ്രമിക്കുകയെങ്കിലും വേണ്ടേ? അതല്ലേ നമ്മുടെ ക്ഷേത്ര ചൈതന്യത്തിന്റെ രഹസ്യം?. സ്വാമി സന്ദീപാനന്ദ ഗിരി അതൊക്കെ മനസിലാക്കിയിട്ടില്ലെങ്കിൽ പോട്ടെ; അത്രയേ അദ്ദേഹത്തിനു വിവരമുള്ളൂ എന്ന് പറയാം. എന്നാൽ അതായിരുന്നില്ല അദ്ദേഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ എന്നത് ഇവിടെ പറയാതെ പോകാനാവില്ല. ഏതാനും നാൾ മുന്പുവരെ അദ്ദേഹം ശബരിമല സ്ത്രീ പ്രവേശനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്നാട്ടിലെ ഹിന്ദു സമൂഹം സ്വീകരിച്ചിരുന്ന നിലപാടിനോട് ചേർന്ന് നിന്നിരുന്നു എന്നതും കാണാതെ പൊയ്ക്കൂടാ. പറഞ്ഞുവരുന്നത് എന്തൊക്കെയോ കണ്ടും കേട്ടും മോഹിച്ചുവശായി സ്വാമി വഴിമാറി ചവിട്ടുകയാണ് എന്നതാണ്.
സ്വാമി ചിന്മയാനന്ദജിയെ മലയാളിക്ക് പരിചയപ്പെടുത്തെണ്ടതില്ല. കേരളം ലോകത്തിനു സംഭാവനചെയ്ത ഏറ്റവും വലിയ, പ്രഗൽഭനായ സന്യാസി വര്യനാണ് ചിന്മയാനന്ദജി. ഭഗവദ് ഗീതാ യജ്ഞത്തിലൂടെ ലോകത്തെ മുഴുവൻ ഭാരതത്തിന്റെ നെറുകയിലേക്ക് ആവാഹിക്കാൻ സ്വാമി ചിന്മയാനന്ദജിക്ക് കഴിഞ്ഞു. ചിന്മയാ മിഷൻ ഇന്ന് ആ ദൌത്യം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോവുന്നു. ആ പരമ്പരയിൽ പെട്ടയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. ചിന്മയ മിഷനിലൂടെ സന്യാസത്തിനു തയ്യാറായ വ്യക്തിത്വമാണ് എന്നർഥം. അദ്ദേഹവും ഗീതാജ്ഞാന യജ്ഞത്തിലൂടെയാണ് മലയാളിയുടെ മനസ്സിൽ കയറിക്കൂടിയത്. അതൊക്കെ മനോഹരമായ ഒന്നായിരുന്നു എന്നത് സമ്മതിക്കാതെ വയ്യ; അല്ലെങ്കിൽ സത്യത്തോട് അനീതി കാട്ടലാവുമത്. പക്ഷെ ഇന്ന് അദ്ദേഹം തന്റെ ഗുരുസ്ഥാനീയൻ എന്തൊക്കെയാണോ ആഗ്രഹിച്ചത്, എന്തൊക്കെയാണോ ചെയ്യാൻ ശ്രമിച്ചത്, അതിനൊക്കെ കടക വിരുദ്ധമായി നീങ്ങുന്നു. ഇന്നദ്ദേഹം, എന്തുകൊണ്ടെന്നറിയില്ല, ഒരു ഇടതു സഹയാത്രികനെപ്പൊലെ പെരുമാറുന്നു. അല്ലെങ്കിൽ കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഒരു കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനെപ്പോലെ സംസാരിക്കുന്നു. ഗീതയും മറ്റും പഠിച്ചു പറഞ്ഞു നടക്കുന്ന ഒരാൾക്ക് അതിനൊക്കെ കഴിയുന്നെങ്കിൽ നല്ലതുതന്നെ. വിപ്ലവകരമായ പലതും ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ് ഗീതയിലൂടെ നമ്മുടെ മനസിലേക്ക് ആവാഹിക്കുന്നുണ്ട്. യുദ്ധത്തെക്കുറിച്ചും യുദ്ധത്തിന് തയ്യാറാവേണ്ടതിനെക്കുറിച്ചും യുദ്ധവേളയിൽ ബന്ധവും സൌഹൃദവുമൊക്കെ കാര്യമാക്കേണ്ടതില്ല എന്നുമൊക്കെ പറഞ്ഞുതരുന്നുണ്ട്. എന്നാൽ ഒരിക്കലും ഭാരതീയമായ സങ്കൽപ്പങ്ങളെ വെല്ലുവിളിക്കാനും അധിക്ഷേപിക്കാനുമൊക്കെ ശ്രീകൃഷ്ണൻ ഉപദേശിക്കുന്നില്ലല്ലോ. ചിന്മയാനന്ദ സ്വാമി കേരളത്തിലെ ഹൈന്ദവ നവോദ്ധാനത്തിനു നല്കിയ സംഭാവന ചെറുതല്ല. അത് സന്ദീപാനന്ദ ഗിരിക്കും അറിയാവുന്നതാവും. കേരളത്തിൽ സന്യാസിമാരെ ഒന്നിച്ചണി നിരത്തി ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കാൻ നടത്തിയ പ്രക്ഷോഭങ്ങൾ നമ്മുടെയൊക്കെ മനസിലുണ്ട്. നിലക്കൽ, ഗുരുവായൂർ പ്രക്ഷോഭങ്ങൾ അതിൽ ചിലതുമാത്രം. അവിടെയെല്ലാം മുന്നണിയിൽ ഉണ്ടായിരുന്നത് സ്വാമി ചിന്മയാനന്ദജിയാണ്. അദ്ദേഹം അന്ന് എല്ലാ വേളയിലും സമയം കണ്ടെത്തി ഈ സന്യാസി സംഗമങ്ങൾക്ക് എത്തിച്ചേരുമായിരുന്നു. ഹിന്ദുത്വത്തിന്റെ വക്താവായി അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളം യാത്രകൾ നടത്തി. പ്രസംഗിച്ചു. അതിന്റെ പേരിൽ സ്വാമിജിക്ക് പലപ്പോഴും വലിയ വിയോജിപ്പുകളെ നേരിടേണ്ടി വന്നിട്ടുമുണ്ട്. തൃശൂരിലെ കേരള വർമ്മ കോളേജിൽ ചൂലുമായി സ്വാമിജിയെ നേരിടാൻ നമ്മുടെ ഇടതു സഹയാത്രികർ തയ്യാറായത് ചരിത്രത്തിന്റെ ഭാഗമാണ്. അതുപോലെ തിരുവനന്തപുരത്തും മറ്റും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെയൊന്നും ഗൌരവത്തിലെടുക്കാൻ സ്വാമിജി തയ്യാറായില്ല. അദ്ദേഹം താൻ ഏറ്റെടുത്ത ദൌത്യവുമായി മുന്നോട്ടുപോയി. ഇന്ന് കേരളത്തിൽ അനുഭവപ്പെടുന്ന നല്ല ഹിന്ദു അന്തരീക്ഷത്തിന് ചിന്മയാനന്ദജിയുദെ സംഭാവനകൾ നിസ്സീമമാണ് എന്നത് വസ്തുതയാണ്. സ്വാമിയോട് വേറിട്ട് പോയ ചില സന്യാസിമാർ വേറെയുമുണ്ട്. അവരെല്ലാം ഇന്ന് ഇവിടെ ആ ദൗത്യ നിർവഹണത്തിന്റെ പാതയിൽ തന്നെയാണുള്ളത്. ചിന്മയാനന്ദജി നിർത്തിയിടത്തുനിന്ന് അവർ ആരംഭിച്ചിരിക്കുന്നു. ചിന്മയ മിഷനും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ സ്വാമി സന്ദീപാനന്ദ ഗിരി മാത്രം എന്തുകൊണ്ടോ വഴിതെറ്റി നടക്കുന്നു. കഷ്ടം എന്നല്ലാതെ എന്താണ് പറയുക?.
സന്യാസിമാർ മറ്റുള്ളവർക്ക് മാർഗദർശികളാവുകയാണ് പതിവ്. അവർ സമൂഹത്തിനു മാർഗദർശനം നല്കുന്നതാണ് നാമൊക്കെ കണ്ടിട്ടുള്ളത്. സമൂഹത്തെ നേരായ പാതയിലൂടെ നയിക്കാനായി അവരെല്ലാം ശ്രമിക്കുന്നതും കാണാറുണ്ട്. അക്കൂട്ടത്തിൽ ചില ഭിന്ന സ്വരങ്ങൾ കേട്ടിട്ടുണ്ട് എന്നത് മറക്കുകയല്ല. അത് ലോകത്ത് ഏതു കോണിൽ ചെന്നാലും എന്തെടുത്താലും അങ്ങിനെയൊക്കെ കാണുമല്ലോ. പക്ഷെ ഭഗവദ് ഗീത ജ്ഞാന യജ്ഞവും മറ്റുമായി കഴിയുന്ന, അതും ചിന്മയാനന്ദ സ്വാമികളുടെ പരമ്പരയിൽ പെട്ട ഒരാൾ ഇങ്ങനെയോക്കെയായാലോ?. സന്ദീപാനന്ദഗിരി ഇന്നിപ്പോൾ ആർക്കും മാര്ഗ ദർശനം നല്കുന്നില്ല; ആരെയും നയിക്കുന്നില്ല; പകരം അദ്ദേഹമിന്ന് ആരൊക്കെയോ തുറന്നിട്ട പാതയിലൂടെ മറ്റാരുടെയോ താല്പര്യങ്ങൾക്കനുസരിച്ച് നീങ്ങുകയാണ്. അതിലെ ന്യായാന്യായങ്ങൾ അദ്ദേഹത്തിന് അറിയാത്തതാണ് എന്ന് കരുതാൻ കഴിയുന്നില്ല. ഒരു സന്യാസിയും അങ്ങിനെയാകാൻ പാടില്ലാത്തതാണ്. ശബരിമല പ്രശ്നത്തിൽ മാത്രമല്ല അദ്ദേഹം ഇങ്ങനെ ഒരു വിരുദ്ധ നിലപാട് കൈക്കൊള്ളുന്നത്. മറ്റു പലതിലും. ഒരു സിപിഎം ഏറിയ സെക്രെട്ടറിയെപ്പോലെ പെരുമാറുന്നു എന്ന് തോന്നിപ്പിച്ചാലോ?. ഒരു പക്ഷെ സിപിഎമ്മിന് അത് സന്തോഷം പകരുന്നുണ്ടാവാം. സന്ദീപാനന്ദഗിരിക്ക് അത് ഭൂഷണമല്ല തന്നെ.
Post Your Comments