സുജാത ഭാസ്കർ
പുതിയ റോഡ് അല്ലെങ്കിൽ പാലം പണിഞ്ഞു കഴിഞ്ഞു സഞ്ചാരയോഗ്യമായിക്കഴിഞ്ഞ് ആ റോഡിനു വേണ്ടി മുടക്കിയതിന്റെ ഇരട്ടിയിലധികം ജനങ്ങളിൽ നിന്ന് ടോൾ എന്ന പേരിൽ പിരിച്ചു കഴിഞ്ഞാൽ വീണ്ടും എന്തിനാണ് ജനങ്ങളെ കൊള്ളയടിക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നത്? ടോൾ പിരിക്കുന്നതിന് ഒരു പരിധിയും ഉണ്ടാവാറില്ലെന്നതാണ് സത്യം. 300 കോടി ചെലവിൽ നിർമ്മിച്ച പാലിയേക്കര ഹൈവേ ഇതിനകം 350 കോടിലേറെ പിരിച്ചുകഴിഞ്ഞു. ഈ നിലയിൽ കാലാവധി പൂർത്തിയാകുമ്പോൾ എത്രകോടി പിരിച്ചെടുക്കും എന്ന് കണക്ക് സർക്കാർ ജനങ്ങളെയും ഇനി ബോധ്യപ്പെടുത്തെണ്ടതുണ്ട് .
കരാർ പ്രകാരം പറഞ്ഞിട്ടുള്ള പല അനുബന്ധ നിർമ്മാണങ്ങളും നടത്താതെയാണ് ടോൾ കമ്പനീ ടോൾ പിരിക്കുന്നത്.. പോലീസും രാഷ്ട്രീയക്കാരും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് ടോൾ കമ്പനി ഈ പകൽകൊള്ള തുടരുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.ഇന്ത്യയിലെ ഏത് പബ്ലിക് റോഡിലൂടെയും സഞ്ചരിക്കാൻ ഒരു ഇന്ത്യൻ പൗരനു അവകാശമുണ്ട് എന്നിരിക്കെ ഇക്കഴിഞ്ഞ ദിവസം DYSP ഒരു യാത്രക്കാരനെ തടഞ്ഞു നിർത്തി സമാന്തര പാതയിലൂടെ പോകാതെ ടോൾ കൊടുത്തു പോകാൻ നിർബ്ബന്ധിക്കുകയും അങ്ങനെ ചെയ്യാത്തതുകൊണ്ട് ഹരിറാം എന്ന യാത്രക്കാരന്റെ RC ബുക്ക് ഉൾപ്പെടെ DYSP വാങ്ങിക്കൊണ്ടു പോകുകയും ചെയ്തു. ഇതെല്ലാം മൊബൈലിൽ പകർത്തിയ ഹരിറാം ആദ്യമായി ഈസ്റ്റ് കോസ്ടിനോടായിരുന്നു ഈ വിവരം പറഞ്ഞതും വീഡിയോ തന്നതും. ഈസ്റ്റ് കോസ്റ്റ് അത് പ്രസിദ്ധീകരിച്ചു കഴിഞ്ഞു സോഷ്യൽ മീഡിയയിൽ അത് വൈറൽ ആകുകയായിരുന്നു.പിന്നീട് ദൃശ്യ മാധ്യമങ്ങൾ അതെട്ടെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ DYSP രഹസ്യമായി ഹരി റാമുമായി ഒത്തു തീർപ്പിന് ശ്രമം നടത്തുകയുണ്ടായി. പക്ഷെ മീഡിയ സാന്നിധ്യം അറിഞ്ഞ DYSP പെട്ടെന്ന് തന്നെ അവിടെ നിന്ന് പോകുകയായിരുന്നു.
പിന്നീട് DGP ക്ക് കൊടുത്ത പരാതിയിന്മേൽ റൂറൽ SP ഈ കേസ് അന്വേഷിക്കുകയും DYSP പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചട്ടലംഘനം നടത്തിയതായി റിപ്പോർട്ട് കൊടുക്കുകയു ചെയ്തു.
ഗർഭിണിയായ ഭാര്യയേയും കൈക്കുഞ്ഞിനെയും വഴിയിൽ നിർത്തി സമരം ചെയ്യു എന്ന് ഹരിരാമിനോട് ധാർഷ്റ്റ്യമായി പറഞ്ഞായിരുന്നു DYSP യുടെ പ്രകടനം.പാലിയേക്കരയിലെ ടോൾ കാമ്പനിയുടെ പകൽ കൊള്ളയും ജനവിരുദ്ധ നടപടികൾക്കുംഎതിരെ ശക്തമായി നടപടി സ്വീകരിക്കണം.കരാർ വ്യവസ്ഥകൾ മുഴുവൻ പാലിക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തയാറാകണം.പൊതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്ത DYSP ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് സോഷ്യൽ മീഡിയ മുന്നിട്ടിറങ്ങിയിരിക്കുന്നത് .
Post Your Comments