മുംബൈ: മുംബൈ അധോലോകത്തിന്റെ പേടിസ്വപ്നമായ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റും മഹാരാഷ്‌ട്ര പോലീസ് സബ് ഇന്‍സ്‌പെക്‌ടറുമായ ദയാ നായക് വീണ്ടും സര്‍വീസില്‍ പ്രവേശിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയാണ് വീണ്ടും സര്‍വീസില്‍ പ്രവേശിച്ചത്. നാഗ്‌പൂരിന്റെ ചുമതലയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
1995 ബാച്ച് പോലീസ് ഉദ്യോഗസ്‌ഥനായ നായക് രാജ്യത്തെ മികച്ച എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റുകളില്‍ ഒരാളാണ്. ദയാ നായക് ലഷ്‌കര്‍-ഇ-തൊയ്‌ബ തീവ്രവാദികളായ രണ്ടുപേര്‍ അടക്കം 80 പേരെ കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. മുംബൈയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാക്കളായ വിനോദ് മാത്‌കര്‍, സാദിക് കാലിയ, റാഫിക് ദബ്ബാ എന്നിവരടക്കം നായകിന്റെ തോക്കിനിരയായിരുന്നു.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ 2006ലാണ് ആന്റി കറപ്‌ഷന്‍ ബ്യൂറോ നായകിനെ അറസ്‌റ്റ് ചെയ്‌തത്. എന്നാല്‍ നായകിനെ ഒതുക്കാനുള്ള ശ്രമമാണ് കള്ളക്കേസെന്ന കണ്ടെത്തലിലും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടി 2009ല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പോലീസ് എസ്.എസ് വീര്‍ക്, നായകിനെതിരായ അന്വേഷണം റദ്ദുചെയ്യാന്‍ ഉത്തരവിട്ടു. 2012 ല്‍ നായക് വീണ്ടും സര്‍വീസില്‍ പ്രവേശിച്ചു. സംസ്‌ഥാനത്തെ ഗുണ്ടാ നീക്കങ്ങളുടെ നിര്‍ണ്ണായക സ്‌ഥലമായ ബാന്ദ്രാ-അന്ധേരി മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത നായക് 2015ല്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. എന്നാല്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Post Your Comments