Women

അരൂപിയുടെ ലോകം

ശ്രീപാർവ്വതി

കണ്ണില്‍ കുത്തിയാല്‍ തുളയാത്ത അത്ര ഇരുട്ടായതിനാല്‍ അവ്യക്തമായ ആ വെളുത്ത രൂപം എണിക്ക് കാണാനാകുമായിരുന്നു. വെളുപ്പും നീലയും ഇടകലര്‍ന്ന അവ്യക്തരൂപി. കൊഴുത്ത ജലത്തിന്‍റെ മുകളില്‍ കറുത്ത ആകാശം കണ്ട് ഒന്നും ആലോചിക്കാതെ കിടന്നപ്പോഴാണ്, ആദ്യമായി ആ രൂപങ്ങളെ കാണുന്നത്.ഭാരമില്ലാത്ത അവസ്ഥ മാത്രമേ ഞാനിഷ്ടപ്പെടുന്നുള്ളൂ, എന്താണു ഭാരമെന്ന് വെളിച്ചത്തിലേയ്ക്ക് കണ്ണു നീട്ടിയപ്പൊഴല്ലേ മനസ്സിലായത്.
എന്നാല്‍ ഇരുട്ടിന്, ഒരു ലോകമുണ്ട്, സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നത്,
നക്ഷത്രങ്ങളുള്ളത്, സൂര്യനില്ലാത്തത്.

അവിടെ ഛിന്നഭിന്നമായിപ്പോയ അനേകം ഗ്രഹങ്ങളുമുണ്ട്. അതിലൊന്നിലാണ്, ഞാന്‍ കിടക്കുന്നതെന്നും എനിക്കു ചുറ്റും നിറയേ ഗ്രഹങ്ങള്‍ പിന്നെയുമുണ്ടെന്നും ഞാനൂഹിച്ചു.
അതങ്ങനെയാണ്, ചിന്തകള്‍ മുളച്ചു തുടങ്ങിയപ്പോള്‍ തന്നെ ചിന്തിക്കാന്‍ പറ്റിയ വിഷയം. വ്യക്തമായ ആ രൂപമാണെന്‍റെ വഴികാട്ടി.
അതെന്നെ ചിന്തിക്കന്‍ പഠിപ്പിക്കുന്നു…
പാട്ടു കേള്‍ക്കാന്‍ പഠിപ്പിക്കുന്നു…

എവിടെ നിന്നോ കേള്‍ക്കുന്ന ഒരു അശരീരി കേള്‍ക്കുവാന്‍ പറഞ്ഞു തരുന്നു…
ആ അശരീരികളില്‍ എന്‍റെ ലോകത്തിന്‍റെ ദൈവങ്ങളും കാവല്‍ ഭടന്‍മാരുമുണ്ടെന്ന് പറഞ്ഞതും ആ രൂപമാണ്…
അശരീരിയൊരിക്കല്‍ നിലവിളിയായത് ഞാനറിയുന്നുണ്ടായിരുന്നു…
എന്തു ചെയ്യാന്‍… ഭയന്നിട്ടാണോ എന്നറിഞ്ഞില്ല പാതിവഴി മുതല്‍ എനിക്ക് തുണയായി നിന്ന അവ്യക്തരൂപം എന്നിലേയ്ക്കലിഞ്ഞു തീര്‍ന്ന പോലെ…
എന്‍റെ ഗ്രഹം ഉലയുന്നു…
നക്ഷത്രങ്ങള്‍ ചിതറിത്തെറിക്കുന്നു…
കൊഴുത്ത ജലത്തിനൊപ്പം അന്തമില്ലാത്ത കടലിലേയ്ക്കെന്ന പോലെ ഞാന്‍ വഴുക്കിയൊഴുകി തുടങ്ങുന്നു…
ഈ ഗ്രഹത്തിലെ എന്‍റെ ജന്‍മം അവസാനിക്കുകയാണത്രേ, അവ്യക്തരൂപം അവസാനം ഇതേ പറഞ്ഞുള്ളൂ…
കണ്ണു തുറക്കാന്‍ വയ്യ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കുള്ള യാത്രകള്‍ക്കിടയിലെങ്ങോ എന്‍റെ ഉള്ളു നൊന്തു തുറ്റങ്ങിയിരുന്നു…
ഒരു കരച്ചില്‍ നെഞ്ചില്‍ നിന്ന് പുരത്തേയ്ക്കൊഴിപ്പോയി…
വലിച്ചിട്ട പോലെ ഉടലൊടെ ഞാനൊരു പെണ്ണായി…
ഞാന്‍ മാത്രമുള്ള ലോകത്തു നിന്ന് എന്‍റെ ലോകങ്ങളിലേയ്ക്കിറങ്ങി നടക്കാന്‍ വെമ്പല്‍ കൊണ്ട് പ്രതിഷേധത്തോടെ വീണ്ടും ഞാനലറി വിളിച്ചു…
ഇല്ലാ…. അവ്യക്തമായ രൂപങ്ങള്‍ക്കു പകരം വ്യത്യസ്ത നിറങ്ങളില്‍ അപരിചിതമായ ഗന്ധങ്ങളില്‍ നിഴലുകളല്ലാതെ അവര്‍…
പിന്നീടെപ്പൊഴോ അവരിലൊരാളെ ഞാന്‍ വിളിച്ചുവത്രേ “അമ്മേ…”

shortlink

Post Your Comments


Back to top button