Parayathe VayyaWriters' Corner

ഭിന്ന ലിംഗക്കാരുടെ പേരില്‍ ശബരിമലയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിതമായ നീക്കമോ?

എന്ത് കൊണ്ടാണ് ചില സ്ത്രീകള്‍ക്ക് ശബരിമലയോട് അടുത്തിടെയായി ഒരു പുതിയ ആവേശം?
എന്നെപോലുള്ള നൂറുകണക്കിന് വ്യക്തികളുമായി ഞാൻ നിത്യവും സംസാരിക്കാറുണ്ട്. അവരിൽ സ്ത്രീയായി ജീവിക്കുന്നവരാരും ഇത്തരത്തിൽ ഒരു ആവശ്യമുന്നയിച്ച് ഞാൻ കേട്ടിട്ടില്ല.

സുകന്യ കൃഷ്ണ

ശബരിമലയെ ലക്‌ഷ്യം വെക്കുന്നതാര്?
എല്ലാ മണ്ഡലകാലങ്ങളിലും ശബരിമലയെ ചൊല്ലി ഒരു വിവാദം ഉണ്ടാകുക എന്നത് ഒരു പതിവ് പ്രവണതയാണ്. തന്ത്രി, അരവണ, ജയമാല തുടങ്ങി ധാരാളം വിവാദങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നു. ഈ അടുത്തായി, സ്ത്രീകള്‍ക്കും ശബരിമലയില്‍ സന്ദര്‍ശനം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തിയും, ആചാരങ്ങളെ എതിര്‍ത്ത് തങ്ങള്‍ ശബരിമലയില്‍ പ്രവേശിക്കും എന്ന് വെല്ലുവിളിച്ചും ചില സ്ത്രീകള്‍ മുന്നോട്ട് വന്നതുമൊക്കെ വിവാദങ്ങളുടെ ശ്രേണിയില്‍ പുതിയ ചില ഉള്‍പ്പെടുത്തലുകള്‍. എന്ത് കൊണ്ടാണ് സ്ത്രീകള്‍ക്ക് ശബരിമലയോട് ഒരു പുതിയ ആവേശം? സത്യത്തില്‍ ഈ വിവാദങ്ങൾ ഒറ്റപെട്ട സംഭവങ്ങൾ മാത്രമാണോ അതോ ശബരിമലയെയും അവിടുത്തെ ആചാരങ്ങളെയും ഹനിക്കാന്‍ ആരോ കരുതികൂട്ടി നടത്തുന്ന ഗൂഡനീക്കങ്ങൾ ആണോ ഇവയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഒറ്റനോട്ടത്തില്‍ പരസ്പരബന്ധമില്ലാത്ത ചില കാര്യങ്ങള്‍ ചേര്‍ത്ത് വായിച്ചാല്‍ ഈ സംശയം ബലപ്പെടും…
അയ്യപ്പന്മാര്‍ക്കായി സര്‍വീസ് നടത്തുന്ന പ്രത്യേക ബസില്‍ യാത്ര ചെയ്തേ അടങ്ങൂ എന്ന് വാശിപിടിച്ച് നസീറ എന്നൊരു സ്ത്രീ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ കഴിഞ്ഞ മണ്ഡലകാലത്ത് വളരെ സംസാരവിഷയമായിരുന്നു. ശബരിമലക്കുള്ള പ്രത്യേക സര്‍വീസ് എന്നാല്‍ അത് അയ്യപ്പന്മാര്‍ക്ക് മാത്രമുള്ളതാണെന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്, ആ ബസില്‍ യാത്ര ചെയ്തേ അടങ്ങൂ എന്നൊരു അന്യമതസ്ത്രീ വാശിപിടിക്കുന്നെങ്കിൽ അതിന്റെ കാരണം അന്വേഷിക്കേണ്ടാതായിരുന്നു, എന്നാൽ ഒരു അന്വേഷണവും നടന്നില്ല എന്ന് മാത്രമല്ല ഈ വർഷം മുതൽ ശബരിമല സർവീസിൽ ശരണം വിളി പാടില്ല എന്ന വിചിത്ര നിയമം വരികയും ചെയ്തു.
നസീറയുടെ ശാഠ്യത്തെ KSRTC ബസ്സുകൾ MenSRTC ബസ്സുകൾ ആകുന്നു എന്നാണ് ഫെമിനിസ്റ്റ് ഇന്ത്യ എന്ന വെബ്സൈറ്റ് വിശേഷിപ്പിച്ചത്‌. ഹജ്ജിനു പ്രത്യേക വിമാനങ്ങളും വിമാനത്താവളങ്ങളില്‍ പ്രത്യേക ടെര്‍മിനലുകളും പ്രത്യേക ധനസഹായവും നല്‍കുന്ന ഒരു രാജ്യത്ത്, ശബരിമലക്കുള്ള പ്രത്യേക സര്‍വീസ് എന്ന പേരിൽ പതിവിലും ഉയര്‍ന്ന ടിക്കറ്റ്‌ നിരക്കിലാണ് അയ്യപ്പന്മാർ സഞ്ചരിക്കുന്നത് എന്നത്കൂടി ചേർത്ത് വായിക്കണം.

ശബരിമലക്കെതിരായി നവമാധ്യമങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വിവാദം:
ഋതുമതികളായ സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്താൻ പാടില്ല എന്നത് കാലാകാലങ്ങളായുള്ള ഒരു ആചാരമാണ്, എന്നാൽ ഈ അടുത്തായി രാജ്യവ്യാപകമായി തന്നെ ‘ഹാപ്പി റ്റു ബ്ലീഡ്’ എന്നപേരിൽ ഒരു ഹാഷ്ടാഗ് കാംപെയ്നുമായി ചില കൊച്ചമ്മമാർ തങ്ങളുടെ ആർത്തവം നെറ്റിൽ ആഘോഷിക്കുന്നത് ശബരിമലയിലെ ആചാരങ്ങൾക്കെതിരെയുള്ള വെല്ലുവിളിയായിട്ടാണ്. അതുകൂടാതെ ആർത്തവ സമയത്ത് ശബരിമല സന്ദർശിക്കും എന്ന് കൂടി ചില കൊച്ചമ്മമാർ വെല്ലുവിളിക്കുന്നു.
കേരളത്തില്‍ ആനകളെയും മറ്റു മൃഗങ്ങളെയും പീഡിപ്പിക്കുന്നു എന്നും പറഞ്ഞ് സമാനമായ മറ്റൊരു പ്രതിഷേധം നവമാധ്യമങ്ങളില്‍ വിവാദം സൃഷ്ടിച്ചിട്ടും അധികകാലം കഴിഞ്ഞിട്ടില്ല. അന്ന് ഒരു കാരണവുമില്ലാതെയാണ് ഉത്തരേന്ത്യക്കാരുടെ തെറിയഭിഷേകം മലയാളികള്‍ നേരിടേണ്ടി വന്നത്. ഇത്തരത്തില്‍ വളരെ മൃദുവിഷയങ്ങളെ ഊതിപ്പെരുപ്പിച്ച് രാജ്യവ്യാപകമായ പ്രതിഷേധങ്ങളായി വളര്‍ത്തുന്നത് ആരാണ്?

മണ്ഡലകാലത്ത് അയ്യപ്പന്മാര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഭക്ഷിച്ച്‌ വന്യമൃഗങ്ങള്‍ ചാകുന്നു എന്ന് ഒരു വിവാദം വലിയ ജനശ്രദ്ധ നേടാതെ പരാജയപ്പെട്ടിരുന്നു. എല്ലാവര്‍ഷവും മലചവിട്ടുകയും സന്നദ്ധ സേവനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത്‌ പറഞ്ഞ അറിവ് പ്രകാരം, ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആയിരക്കണക്കിന് സന്നദ്ധസേവകര്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. പ്രതിഫലം പ്രതീക്ഷിക്കാതെ സേവനം ചെയ്യുന്ന ഇത്തരക്കാരുടെ ആത്മവീര്യം കെടുത്തുന്ന അനാവശ്യ വിവാദങ്ങളാണ് ഇവ എന്ന് കൂടി നമ്മള്‍ തിരിച്ചറിയണം.
മണ്ഡലകാലമാകുമ്പോള്‍ കേരളത്തിലെ ചില മാധ്യമങ്ങൾക്ക് മുല്ലപ്പെരിയാര്‍ ആശങ്കയും വർദ്ധിച്ച് വരുന്നതായി കാണുന്നു. ഈ അടുത്ത് സമാനമായ ഒരു വാർത്ത കേരളത്തിലെ ഒരു മുന്‍നിര പത്രത്തിലും അവരുടെ ചാനലിലും മാത്രം കാണാൻ ഇടയായി, മറ്റു മാധ്യമങ്ങൾക്ക് ലഭിക്കാത്ത ഈ വാർത്ത‍ ഇവർക്ക് മാത്രമായി എങ്ങനെ ലഭിച്ചു എന്ന് ചോതിക്കരുത്.
ഇന്നിതാ പുതിയ ഒരു വിവാദം കൂടി, “ഭിന്നലിംഗക്കാര്‍ക്ക് അയ്യപ്പ ദര്‍ശനം വിലക്കുന്നതായി പരാതി”.
ഒരു മുൻനിര മാധ്യമത്തിൽ ഈ വിഷയത്തെപ്പറ്റി വന്ന വാർത്ത ചുവടെ നൽകുന്നു.
“ഏത് മതസ്ഥര്‍ക്കും ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്താമെന്നിരിക്കെ ഭിന്നലിംഗക്കാര്‍ക്ക് അയ്യപ്പ ദര്‍ശനം ഇപ്പോഴും സ്വപ്‌നം മാത്രമാകുന്നു. വ്രതമെടുത്ത് മലകയറാന്‍ എത്തുന്ന എത്തുന്ന ഭിന്നലിംഗക്കാരെ പമ്പ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വച്ച് തന്നെ പൊലീസ് മടക്കി അയക്കുന്നതായി ഇവര്‍ പരാതിപ്പെടുന്നു.
വൈദ്യ പരിശോധന നടത്തി തങ്ങളെ മലകയറാന്‍ അനുവദിക്കണമെന്ന ആവശ്യവും പോലീസ് പരിഗണിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റ് രേഖകളും ഉണ്ടായിട്ടും തങ്ങളെ മലകയറാന്‍ അനുവദിക്കുന്നില്ലെന്ന് ഭിന്നലിംഗക്കാര്‍ പരാതിപ്പെടുന്നു. സ്ത്രീകളാണെന്നും ഇവരെ സന്നിധാനത്തേക്ക് കടത്തി വിടാന്‍ പറ്റില്ലെന്നുമാണ് പൊലീസുകാരുടെ വിശദീകരണം. ഇവരുടെ സ്‌ത്രൈണത മനസ്സിലാക്കി തിരഞ്ഞു പിടിച്ച് പൊലീസ് മലകയറുന്നത് വിലക്കുകയാണ്. വൈദ്യപരിശോധന നടത്തി പുരുഷന്മാരാണെന്ന് അറിഞ്ഞാല്‍ കടത്തി വിട്ടുകൂടെ എന്നാണ് ഭിന്നലിംഗക്കാര്‍ ചോദിക്കുന്നത്. പ്രായമുള്ളവരെ പോലും പൊലീസ് കടത്തി വിടുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.”
“വൈദ്യപരിശോധന നടത്തി പുരുഷന്മാരാണെന്ന് അറിഞ്ഞാല്‍ കടത്തി വിട്ടുകൂടെ എന്നാണ് ഭിന്നലിംഗക്കാര്‍ ചോദിക്കുന്നത്.” എന്ന് മുകളിലെ വാർത്തയിൽ പരാമർശിച്ചിരിക്കുന്നു.

ഭിന്നലിംഗ പദവിയുള്ള ഒരു വ്യക്തിയെന്ന നിലയിൽ ഈ വാർത്തക്കെതിരെ ഒരു വിശദീകരണം നൽകേണ്ടത് എന്റെ കടമയാണെന്ന് കൂടി എനിക്ക് തോന്നുന്നു. എന്നെപോലുള്ള നൂറുകണക്കിന് വ്യക്തികളുമായി ഞാൻ നിത്യവും സംസാരിക്കാറുണ്ട്. അവരിൽ സ്ത്രീയായി ജീവിക്കുന്നവരാരും ഇത്തരത്തിൽ ഒരു ആവശ്യമുന്നയിച്ച് ഞാൻ കേട്ടിട്ടില്ല. മാത്രമല്ല, വെറുതെ വേഷംകെട്ടി നടക്കുന്നവരാണ് ഭിന്നലിംഗക്കാർ എന്നൊരു ധ്വനി കൂടി ആ വാക്കുകളിൽ പ്രതിഫലിക്കുന്നു.
വൈദ്യപരിശോധനയിൽ പുരുഷന്മാരാണെന്ന് തെളിയുമെങ്കിൽ പിന്നെ അവർ എങ്ങനെയാണ് ഭിന്നലിംഗത്തിൽ പെടുന്നത്? സുപ്രീംകോടതിയുടെ വിധി പ്രകാരം ഒരാൾക്ക് സ്വന്തം ലിംഗം തിരഞ്ഞെടുക്കാനുള്ള അവകാശമുള്ള ഈ രാജ്യത്ത് അവർ എന്ത് കൊണ്ട് പുരുഷലിംഗം തിരഞ്ഞെടുത്ത ശേഷം മലച്ചവിട്ടാൻ തയാറാകുന്നില്ല? അല്ലെങ്കിൽ എന്തുകൊണ്ട് വൈദ്യശാസ്ത്രപരമായി തന്നെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷലിംഗം തിരഞ്ഞെടുത്ത ശേഷം മല ചവിട്ടുന്നില്ല? അപ്പോൾ പിന്നെ ഭിന്നലിംഗമെന്നും വൈദ്യപരിശോധനയെന്നുമുള്ള പ്രശ്നങ്ങൾ ഉദിക്കുന്നില്ലല്ലോ? സ്ത്രീയായി ജീവിക്കുന്ന ഒരു ഭിന്നലിംഗ വ്യക്തി സ്ത്രീകൾക്ക് ബാധകമായ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥയാണ്. അല്ലാതെ തരത്തിനൊത്ത് ലിംഗം മാറ്റി ജീവിക്കാനുള്ള സ്വാതന്ത്ര്യമല്ല ഭിന്നലിംഗപദവി.
ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കാനുള്ളതാണ്. ശബരിമലയെയും അവിടുത്തെ ആചാരങ്ങളെയും ഹനിക്കാൻ, വളരെ സങ്കടിതമായി ചില ഗൂഡ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് മുകളിൽ പരാമർശിച്ചിട്ടുള്ള സംഭവങ്ങളിൽ നിന്ന് ന്യായമായും സംശയിക്കാം. അത്തരക്കാരുടെ പ്രേരണ പ്രകാരമാണോ ഇത്തരത്തിലൊരു നീക്കമെന്ന് അധികാരികൾ അന്വേഷിക്കേണ്ടിയിരിക്കുന്നു…

shortlink

Related Articles

Post Your Comments

Related Articles


Back to top button