Vaayanakkaarude Kathukal

കേരളത്തിന്റെ ഖജനാവ് കാലിയോ.. അതിനു ഞങ്ങളെന്താ ചെയ്യേണ്ടത്? പൊതുജനം ചോദിക്കുന്നു.

അശോക്‌ കർത്താ

കേരളത്തിന്റെ ഖജനാവ് കാലിയായെന്നു ഡോ‍.ടി.എം.തോമസ് ഐസക് ആശങ്കപ്പെടുന്നതു കാണുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും? പൊതുജനം എന്തെങ്കിലും ചെയ്തിട്ടാണോ പെട്ടികാലിയായത്? കഴിഞ്ഞ അരനൂറ്റാണ്ടായി അതു സൂക്ഷിച്ചവരിൽ ഒരാളാണു അദ്ദേഹവും. എല്ലാം തീർന്നു കഴിഞ്ഞിട്ട് എന്തു പറഞ്ഞാൽ എന്തു?

ഖജനാവിന്റെ കാര്യത്തിൽ ജനത്തിനു വിദൂരമായ ഉത്തരവാദിത്തമേയുള്ളു. ഓരോ തെരെഞ്ഞെടുപ്പിലും വോട്ടു ചെയ്തുപോയി എന്നത്. വിശ്വാസപൂർവ്വമാണു ജനം പ്രതിനിധികളെ തെരെഞ്ഞെടുത്തയക്കുന്നത്. പിന്നെ അവർ തമ്മിലാണു ഇടപാട്. ഖജാന പൊളിഞ്ഞു എന്നു പറയുമ്പോൾ അതിലവർ വേണ്ട ഉത്തരവാദിത്തം കാണിച്ചില്ലെന്നേ പറയാൻ പറ്റു. സഭയിൽ ചർച്ചകളൊക്കെ നടന്നു കാണും. എന്നിട്ടും തിരുത്താൻ കഴിയാത്തതു കൊണ്ടാ‍വുമല്ലോ കാശൊക്കെ പോയത്. അതിനു ജനത്തോട് വന്നു പറഞ്ഞിട്ടെന്തു കാര്യം? തിരഞ്ഞെടുത്ത പ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള അധികാരമൊന്നും ഇപ്പോൾ ജനത്തിനില്ല. ഉണ്ടായിരുന്നെങ്കിൽ മുൻ‌ധനമന്ത്രിയുടെ വിലാപത്തിനു അർത്ഥമുണ്ടായിരുന്നു.
ഇനി അടുത്ത തെരെഞ്ഞെടുപ്പിൽ തങ്ങളെ ജയിപ്പിക്കാൻ വേണ്ടിയുള്ള ആഹ്വാനമാണെങ്കിൽ, തോമസ് ഐസക്കിനെ നമുക്ക് വിശ്വാസമാണു, പക്ഷെ വീണ്ടും വേറാരെങ്കിലും വന്നു കൊള്ളയടിച്ചാലോ‍? അതിനുള്ള പ്രതിവിധിയെന്തെങ്കിലും അദ്ദേഹത്തിനു മുന്നോട്ട് വക്കാനുണ്ടോ?

ഇപ്പോഴത്തെ സ്ഥിതിവിശേഷം വച്ചു നോക്കിയാൽ ഒരോ മന്ത്രിസഭകളും മാറുമ്പോൾ അതിനനുസരിച്ച് ഖജാനകൾ നിറയുകയോ കാലിയാകുകയോ ചെയ്യും. പ്ലാനിങ്ങിലും ഫണ്ട് അലോക്കേഷനിലുമുള്ള തകരാറാണു അതിനു കാരണം. അതു കൊണ്ട് പ്ലാൻ ഡീവിയേഷൻ ഉണ്ടാകാത്ത, പ്ലാൻ മണി അതാതിനു വിനിയോഗിക്കും എന്നു ഉറപ്പുവരുത്തുന്ന ഒരു സംവിധാനത്തെക്കുറിച്ചാണു അദ്ദേഹം ആശയം മുന്നോട്ട് വയ്ക്കേണ്ടത്. അതിലുണ്ടാകുന്ന വീ‍ഴ്ചയ്ക്ക് ധനമന്ത്രിമാർ ഉത്തരവാദിത്തമേറ്റെടുത്തു രാജിവയ്ക്കുകയും സീവിലായും ക്രിമനലായുമുള്ള നടപടിക്ക് വിധേയനാവുകയും വേണം. അങ്ങനെ ഒരു നിയമത്തിന്റെ കരട് മുൻ‌കൂറായി പ്രസിദ്ധീകരിച്ച് അതു നടപ്പിൽ വരുത്തുമെന്നു ഇടതുമുന്നണിയേക്കൊണ്ട് ഉറപ്പുതരീക്കാൻ അദ്ദേഹത്തിനു കഴിയുമോ?

പിന്നെ ഖജാന കാലിയാകുന്നതു കൊണ്ട് ആശങ്കപ്പെടുന്നവർ രാഷ്ട്രീയക്കാരും അവരുടെ സിൽബന്ദികളും ഉദ്യോഗസ്ഥന്മാരും മാത്രമാണു. ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം കിട്ടില്ല. ഇത്രയും കാലം സ്ഥിരമായിട്ട് അവർക്ക് ശമ്പളം കൊടുത്തിട്ട് ഇതാണു ഗതിയെങ്കിൽ ഇനി കൊടുക്കുന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പിന്നെ രാഷ്ട്രീയക്കാർക്കും സിൽബന്ദികൾക്കും ആ‍ർഭാടത്തോടെ ജീവിക്കാൻ പറ്റില്ല. അതു കൊണ്ട് ഇവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. 90% ജനവും അന്നന്നത്തേക്ക് അദ്ധ്വാനിച്ചാണു ജീവിക്കുന്നത്. അവരെങ്ങനെയെങ്കിലും ജീവിച്ചോളും. ജനാധിപത്യം ഉണ്ടായതുകൊണ്ടല്ല അവരൊന്നും ജനിക്കുന്നത്. വാ കീറീട്ടുണ്ടെങ്കിൽ പ്രകൃതിയിൽ അതിനുള്ള വഴിയും കാണും.
(ഇതൊരു സാധാരണക്കാരന്റെ പ്രതികരണമാണു. അതിനെ ഇക്കണോമിക്സിന്റെ ജാർഗണുകൾ കൊണ്ട് നേരിടരുത്. ഞാൻ പഠിച്ചത് ഫിസിക്സാണു. ഇക്കണോമിക്സല്ല. പക്ഷെ രണ്ടൂ ശാഖകളുള്ള ഒരു കൂട്ടുകുടുംബം ഓരോ ശാഖക്കാരും മാറിമാറി ഭരിക്കുമ്പോൾ പൊളിഞ്ഞാൽ എങ്ങനെ പൊളിയുന്നു എന്നു അറിയാനുള്ള സാമാന്യവിവരമൊക്കെയുണ്ട്. നിയമസഭയും വ്യത്യസ്ഥമല്ലല്ലോ)

shortlink

Related Articles

Post Your Comments

Related Articles


Back to top button